പനവല്ലി
പനവല്ലിയിലെ കടുവയെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവ്. വൈൽഡ് ലൈഫ് പ്രിൻസിപ്പൽ സിസിഎഫ് ഡി ജയപ്രസാദ് ആണ് ഉത്തരവിട്ടത്. നാഷണൽ ടൈഗർ കൺസർവേഷൻ അതോറിട്ടി നിർദേശിച്ച മാനദണ്ഡങ്ങൾ പാലിച്ച് മയക്കുവെടിവച്ച് പിടികൂടി ഉൾവനത്തിൽ വിടണം. മയക്കുവെടിവച്ച് പിടികൂടാൻ നടപടികൾ സ്വീകരിക്കാൻ വനം മന്ത്രി എ കെ ശശീന്ദ്രൻ ഉദ്യോഗസ്ഥർക്ക് നേരത്തെ നിർദേശം നൽകിയിരുന്നു. സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിനും ഒ ആർ കേളു എംഎൽഎയും വിഷയത്തിന്റെ ഗൗരവം മന്ത്രിയെ ധരിപ്പിച്ചതിനെ തുടർന്നായിരുന്നു നിർദേശം. മയക്കുവെടിവയ്‌ക്കാൻ അനുമതി ലഭിച്ച സാഹചര്യത്തിൽ ഉത്തരമേഖല സിസിഎഫ് കെ എസ് ദീപയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. തിങ്കളാഴ്‌ച മയക്കുവെടിക്കുള്ള ശ്രമം തുടങ്ങും.
പനവല്ലി കടുവാ ഭീതിയിലായിട്ട് ഒന്നര മാസത്തോളമായി. കഴിഞ്ഞ ദിവസം പുഴക്കര കോളനിയിലെ കയ്‌മയുടെ വീടിനകത്തുവരെ കടുവയെത്തി. തലനാരിഴ്‌ക്കാണ് കുടുംബാംഗങ്ങൾ രക്ഷപ്പെട്ടത്. മൂന്ന് കൂടുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കുടുങ്ങിയില്ല. 33 ക്യാമറകളും വച്ചിട്ടുണ്ട്. ഇതിൽ പതിഞ്ഞ ദൃശ്യങ്ങളെല്ലാം ഒരുകടുവയുടേതാണ്. കാടിളക്കി നടത്തിയ തിരച്ചിലിൽ കടുവയെ കണ്ടെത്താനായില്ല. നിരവധി വളർത്തുമൃഗങ്ങളെ കടുവ ഇരയാക്കി. രാത്രിയിൽ വളർത്തുമൃഗങ്ങൾക്ക് നാട്ടുകാർ കാവലിരിക്കുകയാണ്. ഒന്നിലധികം കടുവകളെ പ്രദേശത്ത് കണ്ടിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..