കൊല്ലം
കെഎസ്ആർടിസിയിൽ നടപ്പാക്കുന്ന അശാസ്ത്രീയമായ ഡ്യൂട്ടി പരിഷ്കരണം അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് കെഎസ്‌ആർടിഇഎ (സിഐടിയു) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ടിക്കറ്റ് വരുമാനം വർധിപ്പിച്ച് പ്രതിദിന വരുമാനം ഒമ്പത് കോടിയിലേക്ക് എത്തിക്കാനാണ് മാനേജ്മെന്റ് സിംഗിൾഡ്യൂട്ടി പരിഷ്കരണം കൊണ്ടുവന്നത്. സിംഗിൾ ഡ്യൂട്ടി അദ്യഘട്ടത്തിൽ ഓർഡിനറി ഷെഡ്യൂളിലും തുടർന്ന് സൂപ്പർ ക്ലാസിലേക്കും വ്യാപിപ്പിക്കാനാണ് മാനേജ്മെന്റ് ലക്ഷ്യമിട്ടത്. ജീവനക്കാരുടെ എണ്ണം കുറയ്ക്കാമെന്നും ശേഷിക്കുന്ന ജീവനക്കാരെക്കൊണ്ട് ഐഡിലിങ്ങായി കിടക്കുന്ന 800 ബസുകൾ ഓടിക്കാമെന്നും വരുമാനം ഉയർത്താമെന്നും മാനേജ്‌മെന്റ് സർക്കാരിനെ ബോധ്യപ്പെടുത്തി. സർക്കാരിന്റെ സഹായം കൂടാതെ തന്നെ കൃത്യമായി ശമ്പളം നൽകാൻ കഴിയുമെന്നും പ്രഖ്യാപിച്ചു. ഒക്ടോബർ ഒന്നുമുതൽ പാറശാലയിലും ഫെബ്രുവരി മുതൽ നെയ്യാറ്റിൻകര, വിഴിഞ്ഞം, പൂവാർ, കാട്ടാക്കട, വെള്ളറട യൂണിറ്റിലും എംടിഡബ്ല്യു സിംഗിൾ ഡ്യൂട്ടി നടപ്പാക്കി. എന്നാൽ, നടപ്പാക്കിയ യൂണിറ്റുകളിൽ മാനേജ്മെന്റിന്റെ വാദം തെറ്റാണെന്ന് ബോധ്യപ്പെടുത്താൻ അസോസിയേഷന് കഴിഞ്ഞു. സിംഗിൾ ഡ്യൂട്ടി ഏർപ്പെടുത്തിയ യൂണിറ്റുകളിൽ കൂടുതൽ ജീവനക്കാരെ വേണ്ടിവന്നു. ഡെഡ് ട്രിപ്പ്, ഡെഡ് കിലോമീറ്റർ, ഡീസൽ ചെലവ് എന്നിവ വർധിച്ചു. ഇതുമൂലം മറ്റു യൂണിറ്റിലേക്ക് ഡ്യൂട്ടി സമ്പ്രദായം വ്യാപിപ്പിക്കാൻ മാനേജ്മെന്റിന് കഴിഞ്ഞില്ലെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.
സാമ്പത്തിക
ഉപരോധത്തിൽ
പ്രതിഷേധിക്കുക
കേന്ദ്രം കേരളത്തോട് കാട്ടുന്ന അവഗണനയിലും സാമ്പത്തിക ഉപരോധത്തിലും പ്രതിഷേധിക്കാൻ സമ്മേളനം ആഹ്വാനംചെയ്‌തു. കടുത്ത രാഷ്ട്രീയ വിവേചനമാണ് കേന്ദ്രം കാട്ടുന്നത്.
നികുതി വർധനയുടെ കാര്യത്തിൽ രാജ്യത്ത് മൂന്നാം സ്ഥാനത്തെത്താൻ കേരളത്തിന് കഴിഞ്ഞു. എന്നാൽ, അർഹമായ കേന്ദ്ര വിഹിതങ്ങൾ വെട്ടിക്കുറച്ച് സംസ്ഥാനത്തെ ശ്വാസംമുട്ടിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാരിന്റെതെന്നും ഇതു തിരുത്തണമെന്നും മറ്റൊരു പ്രമേയത്തിൽ സമ്മേളനം ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..