09 December Saturday

ജീവനക്കാർക്ക്‌ ലഭ്യമാകാനുള്ള എല്ലാ ആനുകൂല്യവും 
നൽകും: മന്ത്രി ആന്റണി രാജു

സ്വന്തം ലേഖകൻUpdated: Monday Sep 25, 2023

കെഎസ്‌ആർടി എംപ്ലോയീസ്‌ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തെ ഗതാഗത മന്ത്രി ആന്റണി രാജു അഭിവാദ്യം ചെയ്യുന്നു

കൊല്ലം
കെഎസ്‌ആർടിസിയിൽ ജീവനക്കാർക്ക്‌ ലഭ്യമാകാനുള്ള എല്ലാ ആനുകൂല്യങ്ങളും നൽകുമെന്നും പിഎസ്‌സി റാങ്ക്‌ ലിസ്‌റ്റിലുള്ളവരുടെ നിയമനം കഴിഞ്ഞാലുടൻ അവശേഷിക്കുന്ന എംപാനലുകാരെകൂടി തിരിച്ചെടുക്കുമെന്നും ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കൊല്ലത്ത്‌ കെഎസ്‌ആർടിഇഎ (സിഐടിയു) സംസ്ഥാന സമ്മേളനത്തെ അഭിവാദ്യം ചെയ്യുകയായിരുന്നു മന്ത്രി. മൂവായിരം എംപാനലുകാരെ ഇതിനകം തിരിച്ചെടുത്തിട്ടുണ്ട്‌. ഡ്രൈവർമാർക്കും കണ്ടക്‌ടർമാർക്കും രണ്ടു സെറ്റ്‌ യൂണിഫോം വിതരണംചെയ്യാൻ നടപടിയായി. മൂന്നരക്കോടിയുടെ അധികബാധ്യത ഇതിനായി ഏറ്റെടുക്കും. ആശ്രിതനിയമനം വേഗത്തിലാക്കും. വിജിലൻസ്‌ കേസുകൾ കുറച്ചുകൊണ്ടുവരുന്ന നടപടി തുടരും. അംഗീകൃത യൂണിയനുകളുമായി ആലോചിച്ച്‌ തൊഴിലാളികളുടെ ആശങ്ക പരിഹരിച്ചുകൊണ്ടു മാത്രമേ മരവിപ്പിച്ച സ്ഥലമാറ്റ ഉത്തരവ്‌ നടപ്പാക്കൂ. മാനേജ്‌മെന്റ്‌ പുറത്തിറക്കിയ സ്ഥലമാറ്റ ഉത്തരവ്‌ സർക്കാർ മരവിപ്പിച്ചത്‌ സിഐടിയു യൂണിയന്റെ ആവശ്യപ്രകാരമാണ്‌. ഷിഫ്‌റ്റ്‌ സമ്പ്രദായം നടപ്പാക്കുന്നതും ജീവനക്കാരുടെ ആശങ്കകൾ പരിഹരിച്ചുകൊണ്ടാവും. നവീകരണം ഇല്ലെങ്കിൽ കെഎസ്‌ആർടിസി അടച്ചുപൂട്ടുന്ന സാഹചര്യത്തിലേക്കു പോകും. ഷിഫ്‌റ്റ്‌ സമ്പ്രദായം സ്ഥാപനത്തെ സംരക്ഷിച്ച്‌ നിർത്താനാണ്‌. ഒരു ശരീരത്തിലെ ഇരുകണ്ണുകളെപൊലെ  കെഎസ്‌ആർടിസി സ്വിഫ്‌റ്റ്‌ ബസുകളെ കാണണം. സിംഗിൾഡ്യൂട്ടി സംവിധാനവും അംഗീകൃത യൂണിയനുകൾ നിർദേശിക്കുംവിധം മാത്രമേ നടപ്പാക്കൂ. ഭൂരിപക്ഷം ജീവനക്കാരും നടത്തുന്ന കഠിനാധ്വാനത്തിലൂടെയാണ്‌ സ്ഥാപനം ഇന്ന്‌ മുന്നോട്ടുപോകുന്നതെന്നും മന്ത്രി പറഞ്ഞു. കെഎസ്‌ആർടിസിയെ നിലനിർത്താൻ എൽഡിഎഫ്‌ സർക്കാൻ പ്രതിജ്ഞാബദ്ധമാണ്‌. എന്നാൽ, കേന്ദ്രനയങ്ങൾ സ്ഥാപനത്തിനുമേൽ ഇടിത്തീപോലെയാണ്‌ പതിയുന്നതെന്നും മന്ത്രി പറഞ്ഞു.  
ഭാവിയിൽ ഓർഡിനറി ബസുകളെ ഗ്രാമവണ്ടികളായി വിഭാവനംചെയ്യും. ഇതിനായി എല്ലാ തദ്ദേശസ്ഥാപനങ്ങളുമായും കെഎസ്‌ആർടിസി കൈകോർക്കും. വികേന്ദ്രീകരണത്തിനും ജീവനക്കാരുടെ പ്രശനങ്ങൾക്ക്‌ പരിഹാരം കാണാനും മേഖലാഓഫീസുകൾ സ്ഥാപിക്കുന്നതും പരിഗണനയിലാണ്‌. 110 ഇലക്‌ട്രിക്‌ ബസുകൾ ഇതിനകം നിരത്തിലിറക്കിയിട്ടുണ്ട്‌. ഇനി 53 ഹരിത ഇന്ധന ബസുകൾകൂടി സർവീസ്‌ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. 
സ്വാഗതസംഘം ചെയർമാൻ എസ്‌ ജയമോഹൻ അധ്യക്ഷനായി. അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്‌ വിനോദ്‌ സ്വാഗതംപറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി എസ്‌ സുദേവൻ, സിഐടിയു അഖിലേന്ത്യ വൈസ്‌ പ്രസിഡന്റ്‌ ജെ മേഴ്‌സിക്കുട്ടിഅമ്മ, സംസ്ഥാന സെക്രട്ടറി കെ എസ്‌ സുനിൽകുമാർ, അസോസിയേഷൻ വർക്കിങ്‌ പ്രസിഡന്റ്‌ സി കെ ഹരികൃഷ്‌ണൻ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
-----
-----
 Top