പാളയം
അയ്യൻകാളി ഹാളിന് സമീപം നിയന്ത്രണം വിട്ട ഇന്നോവ കാർ മറ്റൊരു കാറിലിടിച്ച് ഒരാള്‍ മരിച്ചു.
മലയിൻകീഴ് ഗസ്റ്റ് ഹൗസ് റോഡ് റിനീഷ് ഭവനിൽ ആർ എസ് റിജീഷ് (32) ആണ് മരിച്ചത്. ശനി രാത്രി ഒന്നരയ്‌ക്കാണ് അപകടം. സ്‌പെൻസർ ജങ്ഷൻ ഭാഗത്ത് നിന്ന് പാളയം ഭാഗത്തേക്ക് അമിത വേഗതയിൽ പോകുകയായിരുന്ന ഇന്നോവ കാർ സിഗ്നൽ കഴിഞ്ഞ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണംവിട്ട് അരുണ ഹോട്ടലിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിലുണ്ടായിരുന്ന റിജീഷ് സംഭവ സ്ഥലത്തുവച്ച് തന്നെ മരണപ്പെടുകയായിയുന്നു. ഒപ്പമുണ്ടായിരുന്ന റിജീഷിന്റെ സുഹൃത്തിന് പരിക്കേറ്റു.
സംഭവസ്ഥലത്ത് നൈറ്റ് പട്രോളിങ്ങിൽ ഉണ്ടായിരുന്ന കന്റോൺമെന്റ് പൊലീസ് ഇന്നോവ ഓടിച്ചിരുന്ന കൊല്ലം നിലമേൽ വാഴോട് വേലൻകുഴി വീട്ടിൽ ഇജാസി (23) നെ അറസ്റ്റ് ചെയ്തു. സംഭവസമയം ഇയാൾ മദ്യ ലഹരിയിലായിരുന്നു. കോടതിയിൽ ഹാജറാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത മൃതദേഹം മാറനല്ലൂർ പഞ്ചായത്ത് ശ്മശാനത്തിൽ സംസ്കരിച്ചു.
മെഡിക്കൽ റെപ്പാണ് റിജീഷ്. ശങ്കരിയാണ് ഭാര്യ. മക്കൾ: ധ്രുവൻ (5), ധരൻ (4 മാസം). അച്ഛന്‍: രാമചന്ദ്രൻ. അമ്മ: ശോഭനകുമാരി (കുടുംബശ്രീ മലയിൻകീഴ് ഗ്രാമപഞ്ചായത്ത് സി ഡി എസ് അംഗം).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..