27 April Saturday

കേന്ദ്ര ജനവിരുദ്ധതയ്‌ക്കെതിരെ ജനരോഷമിരമ്പി

സ്വന്തം ലേഖകൻUpdated: Sunday Sep 25, 2022

കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച്‌ സിപിഐ എം കൊട്ടിയത്ത്‌ സംഘടിപ്പിച്ച ബഹുജനറാലി കേന്ദ്ര കമ്മിറ്റിഅംഗം പി കെ ശ്രീമതി ഉദ്‌ഘാടനംചെയ്യുന്നു

കൊട്ടിയം 
കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിനൊപ്പം കൊല്ലവും. സിപിഐ എം നേതൃത്വത്തിൽ കൊട്ടിയം ജങ്‌ഷനിൽ ചേർന്ന ബഹുജനസംഗമം ജനവിരുദ്ധതയ്‌ക്കെതിരായ ജനരോഷമുയർത്തി. വിലക്കയറ്റം തടയുക, എല്ലാവർക്കും വിദ്യാഭ്യാസം, തൊഴിൽ, സ്വകാര്യവൽക്കരണ നീക്കത്തെ പ്രതിരോധിക്കുക, സ്വാമിനാഥൻ കമീഷൻ ശുപാർശ പ്രകാരമുള്ള താങ്ങുവില പ്രഖ്യാപിക്കുക, ജനാധിപത്യ അവകാശങ്ങൾക്കുമേലുള്ള കടന്നുകയറ്റങ്ങളെ പ്രതിരോധിക്കുക, എൽഡിഎഫ് സർക്കാരിന്റെ ജനകീയ ബദൽ നയങ്ങൾ ഉയർത്തിക്കാട്ടുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു സംഗമം.
 സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി യോഗം ഉദ്ഘാടനംചെയ്‌തു. സംസ്ഥാന കമ്മിറ്റി അംഗം പി രാജേന്ദ്രൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എസ് സുദേവൻ സംസാരിച്ചു. സിപിഐ എം കൊട്ടിയം ഏരിയ സെക്രട്ടറി എൻ സന്തോഷ് സ്വാഗതം പറഞ്ഞു. ഏരിയ സെക്രട്ടറിമാരായ കെ സേതുമാധവൻ, എസ് എൽ സജികുമാർ, എസ് പ്രസാദ്, കശുവണ്ടിത്തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോർഡ് ചെയർമാൻ  കെ സുഭഗൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം നൗഷാദ് എംഎൽഎ, ആർ ബിജു, ജയപ്രകാശ്, മയ്യനാട് പഞ്ചായത്ത് പ്രസിഡന്റ്‌ ജെ ഷാഹിദ, നെടുമ്പന പഞ്ചായത്ത് പ്രസിഡന്റ് ഗിരിജകുമാരി, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി യശോദ, ജില്ലാ പഞ്ചായത്ത് അംഗം എസ് സെൽവി, അങ്കണവാടി വർക്കേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ഉഷാകുമാരി തുടങ്ങിയവർ പങ്കെടുത്തു.
 
മോദി നടപ്പാക്കുന്നത്‌ സവർക്കറുടെ പ്രത്യയശാസ്ത്രം: പി കെ ശ്രീമതി
കൊട്ടിയം 
മതേതരമൂല്യങ്ങൾ അട്ടിമറിച്ച്‌ ആർഎസ്‌എസ്‌ നേതാവ്‌ സവർക്കറുടെ പ്രത്യയശാസ്ത്രം നടപ്പാക്കുകയാണ്‌ നരേന്ദ്രമോദി സർക്കാർ ചെയ്യുന്നതെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി പറഞ്ഞു. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സിപിഐ എം കൊട്ടിയത്ത്‌ സംഘടിപ്പിച്ച ബഹുജനസംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ശ്രീമതി. 
ബ്രിട്ടീഷുകാരുടെ ചെരുപ്പ് നക്കിയാണ് സവർക്കർ. രാഷ്‌ട്രപിതാവിന്റെ പ്രതിമയ്‌ക്ക്‌ പകരം  സവർക്കറെ സ്ഥാപിച്ച്‌ രാജ്യത്തെ ജനങ്ങളെ വെല്ലുവിളിക്കുകയാണ്‌ മോദി. ഇവർ രാജ്യത്തെ മതനിരപേക്ഷത തകർക്കും, ഫെഡറലിസം അട്ടിമറിക്കും. ദളിതരെ പച്ച ജീവനോടെ ചുട്ടുകൊല്ലുന്ന നാടാക്കി യുപിയെ ബിജെപി മാറ്റി. ഇന്ത്യ ലോകത്ത് അപമാനിക്കപ്പെടുകയാണ്. 
കോർപറേറ്റ്‌ സർക്കാരായി കേന്ദ്രസർക്കാർ മാറി. കേന്ദ്രസർക്കാരിന്റെ ഉത്തരവാദിത്വം ജനങ്ങളോടല്ല, ഒരുശതമാനം വരുന്ന ശതകോടീശ്വരൻമാരോടാണ്. എട്ടുവർഷം കൊണ്ട് കോർപറേറ്റുകൾക്ക് 11 ലക്ഷം കോടി രൂപ നികുതി ഇളവ് കേന്ദ്രം നൽകി. കോവിഡ് കാലത്തെ കോർപറേറ്റുകളുടെ  ലാഭം മാത്രം മതി 25 വർഷം ഇന്ത്യയിലെ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകാൻ. യുപിഎ  സർക്കാരിന്റെ കാലത്ത്‌ ഗ്യാസ് വിലവർധനവിനെതിരെ പ്രതിഷേധിച്ച നിർമലാ സീതാരാമനും സ്‌മൃതി ഇറാനിയും ഇപ്പോൾ വില വർധനയ്ക്ക് ചുക്കാൻ പിടിക്കുന്നു. ജനങ്ങൾക്ക് ജീവിക്കാനുള്ള അവകാശം കേന്ദ്രം നിഷേധിക്കുകയാണ്. 
കോൺഗ്രസ് ഭരിച്ചതിന്റെ ദുരനുഭവം നാട് ഇപ്പോഴും നേരിടുന്നു. ജനങ്ങൾക്ക്‌ കോൺഗ്രസിൽ വിശ്വാസം നഷ്‌ടപ്പെട്ടു. രാഹുൽഗാന്ധി ആർഎസ്എസിനെ അപലപിക്കില്ല. ജോഡോ യാത്രയിൽ ജനകീയ പ്രശ്നങ്ങൾക്കു പകരം എഐസിസി പ്രസിഡന്റ്  ആരാകണമെന്നതാണ് ചർച്ച . ബിജെപി സർക്കാരിന്റെ കോടാലിക്കൈയായി കേരളത്തിലെ ഗവർണർ മാറിയെന്നും പി കെ ശ്രീമതി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top