20 April Saturday

ഗുരുവായൂർ മേൽപ്പാലം നിർമാണം: 
തെറ്റിദ്ധരിപ്പിച്ച്‌ സേവ് ​ഗുരുവായൂർ മിഷൻ

വെബ് ഡെസ്‌ക്‌Updated: Sunday Sep 25, 2022
​ഗുരുവായൂർ
കേരള റോഡ്സ് ആൻഡ്‌ ബ്രിഡ്ജസ് കോർപറേഷൻ(ആർബിസിഡികെ) നടത്തിയ  റോഡ് നവീകരണ പ്രവർത്തനങ്ങൾക്ക്‌  അവകാശവാദവുമായി സേവ് ​ഗുരുവായൂർ മിഷൻ സംഘടന.   എൻ കെ അക്‌ബർ എംഎൽഎയും ​ഗുരുവായൂർ ന​ഗരസഭയും ഇടപെട്ടതിനെ ത്തുടർന്നാണ്‌ റോഡ്‌ നവീകരണം നടത്തുന്നതെങ്കിലും     വാസ്‌തവ വിരുദ്ധമായി  വാർത്ത നൽകിയും വാട്സാപ്പ് പ്രചാരണം നടത്തിയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള  ശ്രമങ്ങളാണ്‌  സേവ് ​ഗുരുവായൂർ മിഷൻ  നടത്തുന്നത്‌. 
  ​കിഫ്ബി പദ്ധതിയിൽ പൂർണമായും തുക വകയിരുത്തി നിർമാണം ആരംഭിച്ച് ഏതാണ്ട് 60 ശതമാനത്തിലധികം പൂർത്തിയായതാണ്‌   ​ മേൽപ്പാലം.  നിർമാണത്തിന്റെ ഭാ​ഗമായി തൃശൂർ –-​ഗുരുവായൂർ പാത അടച്ചിട്ടിരുന്നു.  ഗുരുവായൂരിൽനിന്നും തൃശൂരിലേക്ക് പോകുന്ന  ബസുകൾ നിർത്തിയിടുന്ന കൊളാടിപ്പടി ജ​ങ്‌ഷനിലെ റോഡുകൾക്ക്  കേട്‌  സംഭവിച്ച ഭാഗം   അറ്റകുറ്റപ്പണി നടത്തണമെന്ന്   എംഎൽഎയും ​ഗുരുവായൂർ ന​ഗരസഭാ ചെയർമാൻ എം കൃഷ്ണദാസും ആവശ്യപ്പെട്ടു.  തുടർന്ന് ഇവിടെ ആർബിസിഡികെയുടെ കരാറുകാർ  വെള്ളി  പകൽ  ജെസിബിയും ജി എസ് ടി മെഷീനും ഉപയോ​ഗിച്ച്  മെറ്റലും ക്വാറി പൊടിയും കൊണ്ട്‌  അറ്റകുറ്റപ്പണി നടത്തി.  ഇതിനിടെ  ചില കോൺ​ഗ്രസ് കൗൺസിലർമാരോടൊപ്പം സ്ഥലത്തെത്തിയ  സേവ് ​ഗുരുവായൂർ മിഷൻ നേതാക്കൾ ഫോട്ടോയും വീഡിയോയുമെടുത്ത് പോയി. ഇത്‌  കണ്ടെങ്കിലും കരാറുകാരും ആർബിസിഡികെ അധികൃതരും തടയാൻ ശ്രമിക്കുകയോ എതിർക്കുകയോ ചെയ്‌തില്ല. എന്നാൽ  ശനിയാഴ്ച  പ്രമുഖ പത്രത്തിൽ വാർത്ത വന്നതോടെയാണ്‌   സേവ് ​ഗുരുവായൂർ മിഷൻ നേതാക്കളുടെ ഉദ്ദേശ്യം മനസ്സിലായത്‌.  ​ഗുരുവായൂരിലെ വികസന പ്രവർത്തനങ്ങൾക്ക്  ചുക്കാൻ പിടിക്കുന്നത്‌ തങ്ങളാണെന്ന്‌ മുമ്പും ഈ സംഘടന   അവകാശപ്പെട്ടിരുന്നു.   സംസ്ഥാന സർക്കാരിന്റെ  തുക  ഉപയോ​ഗിച്ച് നിർമിക്കുന്ന ​  മേൽപ്പാലത്തിന്റെ നിർമാണം വേ​ഗത്തിലാക്കാൻ ഇടപെടുമെന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ സുരേഷ് ​ഗോപിയേയും  നേതാക്കളേയും  ​സ്ഥലത്തെത്തിച്ച്‌ പ്രസ്താവനയിറക്കിപ്പിച്ചിരുന്നു. ഇപ്പോൾ,  തങ്ങൾക്ക് താൽപ്പര്യമുള്ള കോൺ​ഗ്രസ്‌ നേതാക്കളേയും കൗൺസിലർമാരേയും ഒപ്പം  കൂട്ടിയാണ്‌  പൊതു സമൂഹത്തിന്‌ മുന്നിൽ അപഹാസ്യരായത്‌.  ഗുരുവായൂർ മേൽപ്പാലം നിർമിക്കുന്നതിനെതിരെ  മുമ്പ്‌ ഹൈക്കോടതിയെ സമീപിച്ചവരാണ് സേവ് ​ഗുരുവായൂർ മിഷൻ നേതാക്കളായി ഇപ്പോൾ രം​ഗത്തു വന്നവരിൽ പലരും. ചില പത്രങ്ങൾ അത് വാർത്തയാക്കി.   സാമൂഹ്യമാധ്യമങ്ങളിലൂടെയും  പ്രചരിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top