19 April Friday
നിലമ്പൂർ–വയനാട്‌–നഞ്ചങ്കോട്‌ റെയിൽപാത

വസ്‌തുതകൾ മറച്ചും തെറ്റിദ്ധരിപ്പിച്ചും മാതൃഭൂമി

വെബ് ഡെസ്‌ക്‌Updated: Thursday May 25, 2023
സ്വന്തം ലേഖകൻ
കൽപ്പറ്റ
നിലമ്പൂർ–-വയനാട്‌–-നഞ്ചങ്കോട്‌ റെയിൽപാത വിഷയത്തിൽ വസ്‌തുതകൾ മറച്ചുവച്ചും തെറ്റിദ്ധരിപ്പിച്ചും മാതൃഭൂമി. ‘ചുരം കയറാൻ ഇനിയെത്രദൂരം’ എന്ന തലക്കെട്ടിൽ ബുധനാഴ്‌ച പ്രസിദ്ധീകരിച്ച വാർത്തയിലാണ്‌ യഥാർഥ വസ്‌തുതകൾ മറച്ചുവച്ചത്‌. പാതയ്‌ക്കുള്ള പ്രധാന തടസ്സം കർണാടക അനുമതി നൽകാത്തതാണ്‌. ഇക്കാര്യം അരപേജിൽ നൽകിയ വാർത്തയിൽ ഒരിടത്തുമില്ല. പാതയ്‌ക്കായി കേരള സർക്കാർ നടത്തിയ ശ്രമങ്ങളും പത്രം മുക്കി. 
കേന്ദ്ര–-സംസ്ഥാന സർക്കാരുകളുടെ ജോയിന്റ്‌ വെഞ്ച്വർ പദ്ധതിയായി  കെ–-റെയിൽ(കേരള റെയിൽവേ ഡവലപ്മെന്റ്‌ കോർപറേഷൻ) ഏറ്റെടുത്തിരുന്ന പദ്ധതിയാണിത്‌. കേരളത്തിൽ, കെ റെയിൽ സർവേ പൂർത്തിയാക്കിയതാണ്‌. കർണാടകയുടെ എതിർപ്പ്‌മൂലം അവിടെ നടന്നില്ല.  പാതയുടെ പുതുക്കിയ അലൈൻമെന്റും കർണാടക സർക്കാരിന്‌ സമർപ്പിച്ചിരുന്നു. എന്നാൽ കെ റെയിലിന്റെ പേരുപോലും വാർത്തയിലില്ല.  സർവേയ്‌ക്ക്‌ കർണാടക അനുമതി നൽകാതിരുന്നത്‌ മറച്ചുവച്ച്,  കേരള സർക്കാരിന്റെ പാളിച്ചയാണ്‌ റെയിൽപ്പാത  അനിശ്ചിതത്വത്തിലാക്കിയതെന്ന ആക്ഷേപമാണ്‌ നടത്തിയത്‌. തലശേരി–-മൈസൂരു പാതയ്‌ക്കാണ്‌ സംസ്ഥാന സർക്കാർ താൽപ്പര്യമെടുത്തതെന്നും പറയുന്നു. നഞ്ചങ്കോട്‌–-വയനാട്‌–-നിലമ്പൂർ,  തലശേരി–-മൈസൂരു പാതകൾക്ക്‌ ഒരേ പ്രാധാന്യമാണ്‌ സർക്കാർ നൽകിയത്‌. ഇരുപാതകളുടെയും അനുമതിക്കായി ഇടപെടണമെന്ന്‌ ആവശ്യപ്പെട്ട്‌ കഴിഞ്ഞ ആഗസ്‌തിലും സംസ്ഥാന സർക്കാർ റെയിൽവേ ബോർഡ്‌ ചെയർമാന്‌ കത്ത്‌ നൽകിയിരുന്നു. നഞ്ചങ്കോട്‌–-നിലമ്പൂർ പാത റെയിൽവേയുടെ പിങ്ക്‌ ബുക്കിൽ ഉൾപ്പെട്ടിട്ടുള്ളതാണെന്നും കത്തിൽ ചുണ്ടിക്കാണിച്ചിരുന്നു.  ചീഫ്‌ സെക്രട്ടറി വി പി ജോയിയാണ്‌ കത്ത്‌ നൽകിയത്‌. ഈ ആവശ്യം ഉന്നയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയനും  മുമ്പ്‌ റെയിൽവേ മന്ത്രിക്ക്‌ കത്തയക്കുകയും കർണാടക മുഖ്യമന്ത്രിയുമായി ചർച്ചകൾ നടത്തിയതുമാണ്‌. 
രണ്ടു പാതകളുടെയും പുതുക്കിയ അലൈൻമെന്റ്‌ നൽകിയതുമാണ്‌. നാഗർഹോള, ബന്ദിപ്പൂർ ദേശീയോദ്യാനത്തിലൂടെ ഭൂഗർഭ തുരങ്കത്തിലൂടെ പാത കടന്നുപോകുന്ന  തരത്തിലായിരുന്നു അലൈൻമെന്റ്‌. സംസ്ഥാന സർക്കാരിന്റെ ഈ ഇടപെടലുകളെല്ലാം മറച്ചുവച്ച്‌,  യുഡിഎഫും യുഡിഎഫ്‌ അനുകൂല ആക്ഷൻ കമ്മിറ്റിയും നടത്തുന്ന പ്രചാരണം അതേപടി ഏറ്റെടുത്തായിരുന്നു മാതൃഭൂമി വാർത്ത.
നഞ്ചങ്കോട്‌–-നിലമ്പൂർ റെയിൽവേ പാതയുടെ അന്തിമ ലൊക്കേഷൻ സർവേ നടത്താനുള്ള റെയിൽവേ ബോർഡിന്റെ പുതിയ തീരുമാനം നടപ്പാകുന്നതിലും  കർണാടകയുടെ നിലപാട്‌ നിർണായകമാകും. കർണാടകയിലെ ഭരണമാറ്റവും പദ്ധതിയെ സ്വാധീനിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top