29 March Friday

കണ്ണൂര്‍ ഹജ്ജ് ക്യാമ്പ് 3ന് മുഖ്യമന്ത്രി 
ഉദ്‌ഘാടനംചെയ്യും

വെബ് ഡെസ്‌ക്‌Updated: Thursday May 25, 2023

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിര്‍മാണം പുരോഗമിക്കുന്ന ഹജ്ജ് ക്യാമ്പിന്റെ പ്രവൃത്തി കെ കെ ശൈലജ എംഎല്‍എയുടെ നേതൃത്വത്തില്‍ വിലയിരുത്തുന്നു

മട്ടന്നൂര്‍
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിര്‍മാണം പുരോഗമിക്കുന്ന ഹജ്ജ് ക്യാമ്പ് ജൂണ്‍ മൂന്നിന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും. ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കെ കെ ശൈലജ എംഎല്‍എ സ്ഥലം സന്ദര്‍ശിച്ചു.  ക്യാമ്പിൽ  ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരാഴ്ചയ്‌ക്കുള്ളിൽ ഒരുക്കുമെന്ന് എംഎൽഎ പറഞ്ഞു.  
  ക്യാമ്പിന്റെ നിർമാണ പ്രവൃത്തികൾ അവസാനഘട്ടത്തിലാണ്. പേപ്പർ പരിശോധന പൂർത്തിയാക്കാൻ പ്രത്യേകം സൗകര്യമുമുണ്ട്‌. തീർഥാടകർക്ക് താമസസൗകര്യം, വിശ്രമകേന്ദ്രം, പ്രാർഥനാമുറി, ഭക്ഷണം കഴിക്കാനുള്ള സൗകര്യം, ശുചിമുറി, വസ്ത്രം മാറാനുള്ള സൗകര്യം എന്നിവയുമുണ്ട്‌.  മാലിന്യസംസ്കരണത്തിനായി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന്  ബന്ധപ്പെട്ടവർക്ക്‌ നിർദേശം നൽകിക്കഴിഞ്ഞു. ക്യാമ്പിലേക്കാവശ്യമായ വൈദ്യുതിക്കും വെള്ളത്തിനും അനുമതി ലഭിച്ചതായും അൽപ്പം മിനുക്കുപണികൾകൂടി കഴിഞ്ഞാൽ തീർഥാടകരെ സ്വീകരിക്കാനാകുമെന്നും കെ കെ ശൈലജ പറഞ്ഞു.
   നിർമാണം പുരോഗമിക്കുന്ന കിയാൽ കാർഗോ കോംപ്ലക്സിനുള്ളിലാണ് 55 ലക്ഷം രൂപ ചെലവഴിച്ച്‌ ഹജ്ജ് ക്യാമ്പിന്റെ സജ്ജീകരണം. ആലുവയിലെ ചൈതന്യ ഗ്രൂപ്പാണ് ക്യാമ്പ് സജ്ജീകരണത്തിനുള്ള ചുമതല ഏറ്റെടുത്തത്. കാർഗോ കോംപ്ലക്‌സിന്റെ മുൻവശത്ത് 1,500 പേർക്ക് ഇരിക്കാവുന്ന പന്തലൊരുക്കും. വളന്റിയർമാരായി തെരഞ്ഞെടുക്കപ്പെട്ടവർക്കുള്ള പരിശീലനം രണ്ട് ഘട്ടങ്ങളിലായി കോഴിക്കോട് ഹജ്ജ് ഹൗസിലും അതത് എമ്പാർക്കേഷൻ പോയിന്റിലുമായി നടക്കും. ഓരോ വകുപ്പുകളുടെയും ഏകോപനങ്ങൾക്കായി  കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നഗരസഭാ ചെയർമാൻ എൻ ഷാജിത്ത്, കിയാൽ ഡെപ്യൂട്ടി മാനേജർ രജീഷ്, ഹജ്ജ് സംഘാടക സമിതി അംഗങ്ങൾ, നഗരസഭാ കൗൺസിലർമാർ, കിയാൽ ഉദ്യോഗസ്ഥർ തുടങ്ങിയവരും എംഎൽഎക്കൊപ്പം ഉണ്ടായിരുന്നു. 
  ജൂണ്‍ നാലിന് പുലർച്ചെ 1.45നാണ് കണ്ണൂരിൽനിന്ന് ആദ്യ ഹജ്ജ് വിമാനം പുറപ്പെടുക. കേരളത്തിൽനിന്നുള്ള ആദ്യ വിമാനമാണിത്. മന്ത്രി വി അബ്ദുറഹ്മാൻ ഫ്ലാഗ്‌ ഓഫ് ചെയ്യും. ജൂൺ 22 വരെ 13 എയർഇന്ത്യ എക്‌സ്‌പ്രസ് വിമാനങ്ങളാണ് കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ജിദ്ദയിലേക്ക് പുറപ്പെടുന്നത്. ഒരു വിമാനത്തിൽ 145 പേരുണ്ടാകും. പുറപ്പെടുന്നതിന് 24 മണിക്കൂർമുമ്പ് തീർഥാടകർ ക്യാമ്പിൽ എത്തിച്ചേരും.  കേരളത്തിൽനിന്ന് 11,010 പേരാണ് ഇത്തവണ ഹജ്ജിന് പോകുന്നത്. 1,907 തീർഥാടകർ കണ്ണൂരിൽനിന്ന് പുറപ്പെടും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top