20 April Saturday

നടപ്പാക്കുന്നത് കൊല്ലത്തിന്റെ മുഖഛായ മാറ്റുന്ന പദ്ധതികള്‍: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday May 25, 2022

അഞ്ചാലുംമൂട്–- -പെരുമൺ-–- കണ്ണങ്കാട്ടു കടവ് റോഡിന്റെ ഉന്നത നിലവാരത്തിലുള്ള പുനർനിർമാണം 
മന്ത്രി പി എ മുഹമദ് റിയാസ് ഉദ്ഘാടനംചെയ്യുന്നു

കൊല്ലം 
വിവിധ റോഡ് വികസനപദ്ധതികളിലൂടെ ഗതാ​ഗതക്കുരുക്കഴിച്ച് കൊല്ലം ന​ഗരത്തിന്റെ മുഖഛായ മാറ്റാനുതകുന്ന പദ്ധതികളാണ് പൊതുമരാമത്തുവകുപ്പ് നടപ്പാക്കുന്നതെന്ന്‌ മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ന​ഗരത്തിലേക്കുള്ള റോഡുകൾ വീതികൂട്ടി മികച്ചതാക്കാൻ എല്ലാവരുടെയും സഹകരണം വേണം. 
അഞ്ചാലുംമൂട് –- കുരീപ്പുഴ റോഡിലെ കീകോലിൽ ജങ്ഷൻ മുതൽ അരവിള ജെട്ടി വരെയുള്ള റോഡ് പുനർ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കൊല്ലം ന​ഗരപാത വികസന പദ്ധതിക്ക് 365.34 കോടി രൂപയുടെ ഭരണാനുമതിയായതാണ്‌. ഭൂമിയേറ്റെടുക്കാനും ഭരണാനുമതി നൽകിയിട്ടുണ്ട്. മേവറം കാവനാട് 13.15 കിലോ മീറ്റർ, റെയിൽവെ സ്റ്റേഷൻ ഡീസന്റ് ജങ്ഷൻ 6.3 കി.മീ, തിരുമുല്ലവാരം  കച്ചേരി ജങ്ഷൻ 4.31 കി.മീ എന്നിങ്ങനെ ആകെ 23.76 കി.മീ റോഡ് വികസനമാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്. കൂടുതൽ റോഡുകൾ പദ്ധതിയിൽ ഉൾപ്പെടുത്തുന്നത് പരിശോധിക്കും. 
ആശ്രാമം ലിങ്ക് റോഡ് എക്‌സ്റ്റൻഷൻ ഓലയിൽക്കടവ് വരെയുള്ള ഭാ​ഗം പൂർത്തീകരിക്കുകയാണ്. അപ്രോച്ച് റോഡാണ് ബാക്കിയുള്ളത്. സാങ്കേതികപഠനം പൂർത്തിയാക്കി അടുത്തഘട്ടം ആരംഭിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്. 
സംസ്ഥാനത്ത് വാഹനങ്ങളുടെ എണ്ണത്തിന് ആനുപാതികമായ റോഡ് വികസനമാണ് സർക്കാർ ലക്ഷ്യമാക്കുന്നത്. പൊതുമരാമത്തുവകുപ്പ് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കും. സംസ്ഥാനത്തെ ആകെയുള്ള 28,000 കിലോമീറ്റർ പൊതുമരാമത്ത് റോഡുകളിൽ 15,000 കിലോമീറ്ററോളം അഞ്ചുവർഷത്തിനുള്ള ബിഎം ആൻഡ് ബിസി നിലവാരത്തിലേക്ക് ഉയർത്താനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. 
എം മുകേഷ് എംഎൽഎ അധ്യക്ഷനായി. മേയർ പ്രസന്ന ഏണസ്റ്റ്, വാർഡ് കൗൺസിലർ ഗിരിജ തുളസി, സിപിഐ എം ഏരിയ സെക്രട്ടറി കെ ജി ബിജു, ആർഎസ്‌പി നേതാവ് കുരീപ്പുഴ മോഹനൻ, പൊതുമരാമത്തുവകുപ്പ് ഉദ്യോഗസ്ഥരായ ജോൺ കെന്നത്ത്, എസ് അനു തുടങ്ങിയവർ പങ്കെടുത്തു. 
അഞ്ചാലുംമൂട്- പെരുമൺ- കണ്ണങ്കാട്ടുകടവ് റോഡിന്റെ പുനർനിർമാണവും മന്ത്രി ഉദ്‌ഘാടനംചെയ്‌തു. കിഫ്ബിയിൽനിന്ന്‌ 42.52 കോടി ചെലവഴിച്ചാണ് നിർമാണം.  എം മുകേഷ് എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമലാൽ, അംഗം ബി  ജയന്തി, പനയം പഞ്ചായത്ത് പ്രസിഡന്റ് കെ  രാജശേഖരൻ, ബിന്ദു, ഷീലാകുമാരി, ജോൺ കെന്നത്ത്, എസ് അനു തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top