30 May Tuesday

കോവിഡ്‌

വെബ് ഡെസ്‌ക്‌Updated: Saturday Mar 25, 2023
കണ്ണൂർ
കോവിഡ്‌ മഹാമാരിയുടെ ഭീഷണി അകന്നെങ്കിലും  ജാഗ്രത തുടരണമെന്ന നിർദേശവുമായി ആരോഗ്യവിദഗ്‌ധർ. കോവിഡ്‌ ബാധിതരുടെ എണ്ണം നാമമാത്രമായി ചുരുങ്ങിയെങ്കിലും രോഗം വരാതിരിക്കാനുള്ള ജാഗ്രത കൈവിടരുതെന്നാണ്‌ ആരോഗ്യവകുപ്പും മുന്നറിയിപ്പ്‌ നൽകുന്നത്‌.  ജില്ലയിൽ  കോവിഡ്‌ ബാധിതനായ വയോധികൻ കഴിഞ്ഞ ദിവസം മരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പും തദ്ദേശസ്ഥാപനങ്ങളും പ്രതിരോധപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കി. 
 ബുധനാഴ്‌ചയാണ്‌ കോവിഡ്‌ ബാധിതനായ മുഴപ്പിലങ്ങാട്‌ സ്വദേശിയായ എൺപത്തൊമ്പതുകാരൻ  മരിച്ചത്‌. പാർക്കിൻസൺസ്‌ രോഗവും പ്രായാധിക്യത്തിന്റ ഭാഗമായുള്ള ആരോഗ്യപ്രശ്‌നങ്ങളും കാരണം ചികിത്സയിലിക്കെയാണ്‌ രോഗം സ്ഥിരീകരിച്ചത്‌.  
വാർധക്യസഹജമായ രോഗങ്ങളും മരണത്തിന്‌ കാരണമാണെന്നിരിക്കെ കോവിഡ്‌ ബാധിതനായെന്ന  വസ്‌തുത ആരോഗ്യവകുപ്പ്‌ ഗൗരവതരമായാണ്‌ കാണുന്നത്‌. കാലങ്ങളായി വിവിധ ആശുപത്രികളിൽ ചികിത്സതേടിയതിനാൽ രോഗബാധയുണ്ടായത്‌ ആശുപത്രിയിൽ നിന്നാവാമെന്നാണ്‌ നിഗമനം.  മരിച്ചയാളുമായി നേരിട്ട്‌ സമ്പർക്കത്തിലുള്ളവർക്ക്‌  ആർക്കും ലക്ഷണങ്ങളില്ല.  വീട്ടിലുള്ളവർ ക്വാറന്റൈനിലാണ്‌. 
ആശങ്ക വേണ്ട
കോവിഡ്‌ കേസ്‌ സ്ഥിരീകരിച്ച സാഹചര്യത്തിൽ  മുഴപ്പിലങ്ങാട്‌ പ്രദേശത്ത്‌ പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി സജിത പറഞ്ഞു. കോവിഡ്‌ ജാഗ്രതാ നിർദേശങ്ങൾ പാലിക്കുന്നത്‌ തുടരണമെന്ന്‌ ജില്ലാ മെഡിക്കൽ ഓഫീസർ നാരായണ നായ്‌ക്ക്‌ പറഞ്ഞു. കേസുകൾ കുറഞ്ഞെങ്കിലും മാസ്‌ക്‌ ഉൾപ്പെടെയുള്ള പ്രതിരോധമാർഗങ്ങൾ തുടരണം. ജില്ലയിൽ ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും  അദ്ദേഹം പറഞ്ഞു. 
ഇന്ന്‌ 2 പേർക്ക്‌ കോവിഡ്‌ 
ജില്ലയിൽ രണ്ടുപേർക്കാണ്‌ വെള്ളിയാഴ്‌ച കോവിഡ്‌ സ്ഥിരീകരിച്ചത്‌. ഒരാൾ സർക്കാർ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമാണ്‌ ചികിത്സ തേടിയത്‌. ഇതോടെ നിലവിൽ കോവിഡ്‌ പോസിറ്റീവായവരുടെ എണ്ണം ഒമ്പത്‌ ആയി. ഇതിൽ മൂന്ന്‌ പേർ ആശുപത്രിയിലും ആറുപേർ വീട്ടിലുമാണ്‌ കഴിയുന്നത്‌. രണ്ടുപേർ നിരീക്ഷണത്തിലുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top