29 March Friday

ദൃശ്യവിരുന്നൊരുക്കി 
വെള്ളടക്കുന്ന്‌ അക്വേറിയം

വെബ് ഡെസ്‌ക്‌Updated: Saturday Mar 25, 2023
കൽപ്പറ്റ
കാരാപ്പുഴ ഡാം സന്ദർശിക്കാൻ എത്തുന്നവർ അറിയാതെ പോകരുത് തൊട്ടടുത്തുള്ള  വെള്ളടക്കുന്നിലെ പബ്ലിക് അക്വേറിയത്തെക്കുറിച്ച്. മുതിർന്നവർക്ക് 20 രൂപയും വിദ്യാർഥികൾക്കും അഞ്ച് വയസ്സ്‌ മുതൽ 12 വയസ്സുവരെയുള്ളവർക്കും 10 രൂപയും കൊടുത്താൽ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത അലങ്കാര മത്സ്യങ്ങളുടെ വലിയ ശേഖരം നേരിൽ കാണാം. വ്യത്യസ്തയിനം മത്സ്യങ്ങളുടെ പ്രദർശനം കുട്ടികൾക്ക് ആസ്വാദ്യകരമാണ്‌.  അലങ്കാര, നാടൻ വിഭാഗങ്ങളിൽപ്പെടുന്ന മത്സ്യങ്ങളെയാണ് അക്വേറിയത്തിൽ നിക്ഷേപിച്ചിരിക്കുന്നത്. ഇറക്കുമതി ചെയ്തവയും ഇവിടെയുണ്ട്. വെറുതെ കണ്ടുമടങ്ങുക മാത്രം ചെയ്യാതെ മീനുകളുടെ പേരും വിവരവും അക്വേറിയത്തിന് തൊട്ടുതാഴെ എഴുതിവച്ചിട്ടുണ്ട്.  
മത്സ്യവകുപ്പിന് കീഴിലാണ് പബ്ലിക് അക്വേറിയം പ്രവർത്തിക്കുന്നത്. 28 ടാങ്കുകളിലാണ് മത്സ്യങ്ങളെ പ്രദർശിപ്പിക്കുന്നത്. യെല്ലോ സൺ ക്യാറ്റ് ഫിഷ്, അലിഗേറ്റർ ഗാർ, ടൈഗർ ഷാർക്ക്, ഹൈപ്‌സെലൊ ബാർബസ് പലിച്ചില്ലെസ്, ഫ്രഷ് വാട്ടർ ഈൽ, ഗ്രീൻ ഗോൾഡ്, പാക്കു, ടൈഗർ ഓസ്കാർ, സിൽവർ അരോണ, കോമൺ കാർപ്പ്, സൈപ്രിനസ്, മാരിഗോൾഡ്, റെഡ് പാരറ്റ്, ചെമ്പല്ലി, ബാർബ്സ്, അരപൈമ, കരിമീൻ,  ജയന്റ് ഗൗരാമി, കോയ്കാർപ്പ്, തുടങ്ങിയ മീനുകളുടെ വലിയ ശേഖരം ഇവിടെയുണ്ട്‌.  കൂടാതെ ആമയെയും കാണാം.  കാരാപ്പുഴ അണക്കെട്ടിലേക്കുള്ള പ്രധാന കവാടത്തിന്‌ ഒന്നര കിലോമീറ്റർ അകലെ 3200 അടി ചതുരശ്ര വിസ്തൃതിലാണ് അക്വേറിയം. കാരാപ്പുഴ-–-അമ്പലവയൽ റോഡിലൂടെ ഇവിടെയെത്താം. വാഹന പാർക്കിങ് സൗകര്യവുമുണ്ട്.  കാരാപ്പുഴ ഡാമിന്റെ മൊത്തമായുള്ള വിദൂര കാഴ്ചയും ഇവിടെ ദൃശ്യമാണ്‌. രാവിലെ ഒമ്പത് മുതൽ വൈകിട്ട്‌ ആറ് വരെയാണ് പ്രവേശനം. അവധി ദിവസങ്ങളിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം നിരവധി സഞ്ചാരികൾ അക്വേറിയം സന്ദർശിക്കാൻ എത്താറുണ്ട്. അക്വേറിയത്തിന്റെ തൊട്ടടുത്ത് ഹാച്ചറിയും പ്രവർത്തിക്കുന്നുണ്ട്.  എട്ട്‌ ടാങ്കുകളാണ് ഉള്ളത്. ജില്ലയിലെ മത്സ്യകർഷകർക്ക് വേണ്ട മത്സ്യക്കുഞ്ഞുങ്ങളെ ഇവിടെനിന്ന് വിതരണംചെയ്യുന്നുണ്ട്. ഒരു ടാങ്കിൽ 1.25 ലക്ഷത്തോളം മത്സ്യക്കുഞ്ഞുങ്ങളെയാണ്‌ ഉൽപ്പാദിപ്പിക്കുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top