29 March Friday

11 കിലോമീറ്ററിൽ സൗരോർജ തൂക്കുവേലി ആനപ്പേടിക്ക് അറുതിയാകുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 25, 2023
ശ്രീകണ്ഠപുരം 
ഉളിക്കല്‍ പഞ്ചായത്തിലെ ആനപ്പാറ മുതല്‍ ഏരുവേശ്ശി പഞ്ചായത്തിലെ വഞ്ചിയം വരെ നീളുന്ന 11 കിലോമീറ്റര്‍ സൗരോര്‍ജ തൂക്കുവേലി (സോളര്‍ ഹാങ്ങിങ് ഫെന്‍സിങ്) നിര്‍മാണം പൂര്‍ത്തിയായി. ആനപ്പേടിയില്‍ പ്രയാസമനുഭവിക്കുന്ന  കര്‍ഷകര്‍ക്ക് ഇനി പേടിയില്ലാതെ അന്തിയുറങ്ങാം. 80 ലക്ഷം രൂപ ചെലവില്‍ ജില്ലാ പഞ്ചായത്തും ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്തും പയ്യാവൂര്‍ പഞ്ചായത്തും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.  നേരം ഇരുട്ടിയാല്‍ കാട്ടാനകള്‍ വീട്ടുമുറ്റത്ത് എത്തി തെങ്ങും വാഴയുമുള്‍പ്പടെ കൃഷികളും വിളകളും നശിപ്പിക്കുന്നതിന് ഇതൊടെ അവസാനമാകുകയാണ്. 
കഴിഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പ്രകടനപത്രികയിലാണ് ആദ്യമായി സോളര്‍ ഹാങ്ങിങ് ഫെന്‍സിങ് സബന്ധിച്ച് പ്രഖ്യാപനം ഉണ്ടായത്. തെരഞ്ഞെടുപ്പിന് ശേഷം എല്‍ഡിഎഫ് ഭരണത്തിലേറിയതോടെ പദ്ധതി നടപ്പാക്കുന്നതിന് ശ്രമം തുടങ്ങി. കര്‍ഷകസംഘം ശ്രീകണ്ഠപുരം ഏരിയാ കമ്മിറ്റിയും സോളര്‍ ഹാങ്ങിങ് ഫെന്‍സിങ് എന്ന ആവശ്യവുമായി സര്‍ക്കാറിനെ സമീപിച്ചിരുന്നു. നേരത്തെ നിരവധി സമരവും നടന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ജില്ലാ പഞ്ചായത്ത് വനംവകുപ്പിന്റെ സഹകരണത്തോടെ ഫെന്‍സിങ് മാപ്പ് തയാറാക്കി പദ്ധതിക്ക്‌ തുടക്കമിട്ടത്. 
വയനാട്ടിലും മറ്റിടങ്ങളിലും സ്വകാര്യ വ്യക്തികള്‍ സോളര്‍ ഹാങ്ങിങ് ഫെന്‍സിങ് സംവിധാനം നടപ്പാക്കി  വിജയിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ പദ്ധതിയുടെ കാര്യക്ഷമത വ്യക്തമായത്. പദ്ധതി നടപ്പിലാക്കാന്‍ ജില്ലാ പഞ്ചായത്ത് 45 ലക്ഷം രൂപയും പയ്യാവൂര്‍ പഞ്ചായത്ത് 30 ലക്ഷവും ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷവും ചെലവിട്ടു. സംസ്ഥാനത്ത് ഇത്രയും വലിയ സൗരോര്‍ജ തൂക്കുവേലി ആദ്യത്തെ സംരംഭമാണ്. കേരളത്തില്‍ ഇത്തരത്തിലുള്ള വേലി നിര്‍മിക്കാന്‍ യോഗ്യരായ കരാറുകാര്‍ ഇല്ലാത്തതിനാൽ മൈസൂരുവിലെ നാച്ചര്‍ ഫെന്‍സ് എന്ന സ്വകാര്യ സ്ഥാപനമാണ്  നിര്‍മാണം നടത്തിയത്. വനംവകുപ്പിന്റെ ഡിപ്പോസിറ്റ് വര്‍ക്ക് ആയിട്ടായിരുന്നു നിര്‍മാണം. ആകെ 14 കിലോമീറ്ററാണ് പയ്യാവൂര്‍ പഞ്ചായത്തിന്റെ വനാതിര്‍ത്തി. ഇതില്‍ 11 കിലോമീറ്ററിലാണ്‌ പുതിയ വേലി നിര്‍മിച്ചത്. ബാക്കി വരുന്ന ഭാഗത്ത്‌ വനം വകുപ്പിന്റെ ആനവേലി ഉണ്ട്. 
നേട്ടമാകുന്നത് 
നിരവധി കര്‍ഷകര്‍ക്ക്
സോളര്‍ ഹാങ്ങിങ് ഫെന്‍സിങ് പൂര്‍ത്തായാകുന്നതോടെ നേട്ടമാകുന്നത് നിരവധി കര്‍ഷകര്‍ക്ക്. ഏറെക്കാലങ്ങളായി കാഞ്ഞിരക്കൊല്ലി, വഞ്ചിയം, ആടാംപാറ, അരീക്കാമല, ശാന്തിനഗര്‍, ചന്ദനക്കാംപാറ, ചിറ്റാരി, ഏലപ്പാറ, ചീത്തപ്പാറ തുടങ്ങിയ പ്രദേശങ്ങളാണ് കാട്ടാനയുടെയും വന്യജീവികളുടെയും അക്രമം പതിവായ മേഖല. നിരവധി കര്‍ഷകരാണ് ഈ മേഖലകളില്‍ ജീവിക്കുന്നത്. തെങ്ങ്, വാഴ, കവുങ്ങ്, ജാതി മറ്റ് ഇടവിള കൃഷികളും പ്രദേശത്ത്‌ നിരവധിയാണ്.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top