26 April Friday

കോവിഡ് വാക്‌സിനേഷൻ 
പൂർത്തിയാക്കാൻ ആക്ഷൻ പ്ലാൻ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 25, 2022
പത്തനംതിട്ട 
ജില്ലയിൽ രണ്ടാം ഡോസ് വാക്‌സിനേഷൻ, കരുതൽ ഡോസ് എന്നിവ എടുക്കാനുള്ളവർ എത്രയും വേഗം വാക്‌സിൻ സ്വീകരിക്കണമെന്നും വാക്സിനേഷൻ പൂർത്തിയാക്കാൻ ജില്ലയിൽ ആക്ഷൻ പ്ലാൻ രൂപീകരിക്കുമെന്നും കലക്ടർ ദിവ്യ എസ് അയ്യർ പറഞ്ഞു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു കലക്ടർ. 
വാക്‌സിനെടുത്തവരിൽ കോവിഡ് വന്നാലും മാരകമാകുന്നവരുടെ എണ്ണം വളരെക്കുറവാണ്. ഇതിനാലാണ് പ്രത്യേക പഠനം നടത്തി ആക്ഷൻ പ്ലാൻ രൂപീകരിക്കാൻ തീരുമാനമെടുത്തത്. അതിനാൽ ജില്ലയിൽ ഇനിയും വാക്‌സിനെടുക്കാനുള്ളവർ എത്രയും വേഗം ഇത്‌  പൂർത്തീകരിക്കണമെന്നും എല്ലാ ജനങ്ങളുടേയും സഹകരണം ആവശ്യമാണെന്നും കലക്ടർ പറഞ്ഞു.
ഒമിക്രോൺ വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. ജില്ലയിൽ കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ ആൾക്കൂട്ടങ്ങൾ ഒഴിവാക്കണം. രോഗികളിൽ അടിയന്തര ചികിത്സ ആവശ്യമുള്ളവർക്കായി ആശുപത്രികളിൽ കോവിഡ് ഒപികൾ വർധിപ്പിക്കും. ആശുപത്രികളിൽ മറ്റുള്ള രോഗികളുടെ അടിയന്തര ശസ്ത്രക്രിയകൾക്ക് ഉൾപ്പെടെ മുടക്കം വരില്ല.  
കോവിഡ്‌ ക്ലസ്റ്ററുകൾ രൂപപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ പൊതുജനങ്ങൾക്ക്  കൺട്രോൾ റൂം നമ്പറുകളായ 0468-2228220, 0468-2322515  എന്നിവയിലേക്ക്‌ വിളിച്ചറിയിക്കാമെന്നും കലക്ടർ പറഞ്ഞു. ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ,  എഡിഎം അലക്‌സ് പി തോമസ്, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ ടി ജി ഗോപകുമാർ, ഡിഎംഒ (ആരോഗ്യം) ഡോ. എൽ അനിതാകുമാരി, ഡിഡിപി കെ ആർ സുമേഷ് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top