25 April Thursday

അങ്ങനെ ഔദ്യോഗികമായി പിറന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 25, 2022
ഇടുക്കി
സമൃദ്ധിയുടെ പുതുപുലരി സ്വപ്‌നംകണ്ട് മാറിമാറിയുന്ന ഭൂപ്രകൃതിയോടും കാലാവസ്ഥയോടും ഇണങ്ങിയും പിണങ്ങിയും പടവെട്ടിയും മുന്നേറിയ ഇടുക്കിക്കാർ. അധ്വാനപൂർണമായ സാഹസങ്ങൾ, നഷ്ടപ്പെടലുകൾ, വെട്ടിപ്പിടിക്കലുകൾ അങ്ങനെ കരൾപിളരും കഥകളുള്ള നാടാണ് ഇടുക്കി. ഹരിതനീല ചെരിവുകളിൽ മേയും മഞ്ഞലകളും മലനെറുകയിൽ മനുഷ്യനിർമിത തടാകങ്ങളും പ്രകൃതിഭംഗിയുമെല്ലാം ഒത്തുചേരുന്ന ഇടുക്കി എന്നും ലാവണ്യഭൂമികയാണ്. ജില്ല സുവർണ ജൂബിലിയിൽ എത്തുമ്പോൾ ജനവാസത്തിനും കുടിയേറ്റത്തിനും അതിലേറെ പഴമയും പാരമ്പര്യവും.
പതിനൊന്നാമത്തെ ജില്ല
ഐക്യകേരളം രൂപംകൊണ്ട് ഒന്നര ദശാബ്ദത്തിലേറെ കാത്തിരിപ്പ് വേണ്ടിവന്നു ഇടുക്കി നിയമപരമായി രൂപംകൊള്ളാൻ. കോട്ടയം, എറണാകുളം ജില്ലകളുടെ ഭാഗമായിരുന്ന ജില്ലയ്‌ക്ക് ഭൂമിശാസ്ത്ര അതിരും ഭരണപരമായ സ്വാതന്ത്ര്യവും നൽകി വിഭജിച്ചത് 1972 ജനുവരി 26ന്. സംസ്ഥാനത്തെ 11 –-ാമത്തെ ജില്ലയായി പിറവി. ജനുവരി 24ലെ സർക്കാർ ഉത്തരവ് നമ്പർ 5413 1/സി 2/2/ ആർഡി പ്രകാരമാണ് ജനുവരി 26ന് ഇടുക്കി ജന്മംകൊണ്ടത്. കോട്ടയം ജില്ലയിലെ ദേവികുളം, പീരുമേട്, ഉടുമ്പൻചോല താലൂക്കുകളും എറണാകുളത്തെ കല്ലൂർക്കാട്, മഞ്ഞള്ളൂർ വില്ലേജുകൾ ഒഴികെ തൊടുപുഴ താലൂക്കും ഉൾപ്പെടുത്തിയാണ് ജില്ല രൂപീകരണം. അഞ്ച് നിയോജകമണ്ഡലങ്ങളെ കൂടാതെ പത്തനംതിട്ട, റാന്നി എന്നിവ കൂടി ഉൾപ്പെടുത്തിയായിരുന്നു പാർലമെന്റ്‌ മണ്ഡലം. പിന്നീട് ഉൾപ്പെടുത്തിയത് മാറ്റി. എറണാകുളത്തെ കോതമംഗലവും മൂവാറ്റുപുഴയും പാർലമെന്റിൽ ഉൾപ്പെടുത്തി. തെക്ക് പത്തനംതിട്ട, പടിഞ്ഞാറ് എറണാകുളം, കിഴക്ക് -വടക്ക് തമിഴ്നാട് തിരുനെൽവേലി, രാമനാഥപുരം, മധുര, കോയമ്പത്തൂർ ജില്ലകൾ അതിരുപങ്കിടുന്ന ഇടുക്കിയുടെ മുന്തിയപങ്കും മലനാടാണ്.
ഒറ്റ ദിവസംകൊണ്ട് രൂപീകരണം
ഒരു പകലും രാത്രിയും കൊണ്ടാണ് ഇടുക്കി ജില്ല രൂപീകരിച്ചുള്ള ഉത്തരവിറക്കി തുടർന്ന് പതാക ഉയർത്തിയത്. സി അച്ചുതമേനോൻ മന്ത്രിസഭയുടെ കാലത്തായിരുന്നു. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ കോ -ഓർഡിനേറ്ററായിരുന്ന ഡി ബാബുപോളിന് കലക്ടറുടെ കൂടെ ചുമതല നൽകിക്കൊണ്ടായിരുന്നു ജനുവരി 25ന് ഉത്തരവിറക്കിയത്. അഡീഷണൽ എസ്‌പിയായി പ്രവർത്തിച്ചിരുന്ന ഉമ്മന് ഡിഎസ്‌പിയുടെ ചുമതലയും നൽകി. മൂലമറ്റത്തായിരുന്ന ഡി ബാബുപോളിനെ തലസ്ഥാനത്തേക്ക് വിളിപ്പിച്ചത് 25ന്. 24 മണിക്കൂറിനകം ജില്ലയുടെ ഓഫീസ് പ്രവർത്തനം ആരംഭിക്കാനായിരുന്നു നിർദേശം .1972 ജനുവരി 26ന് വൈകിട്ട് കോട്ടയം ദേവലോകം യൂണിയൻ ക്ലബ്ബിനടുത്തുള്ള കെട്ടിടത്തിൽ ജില്ലാ ആസ്ഥാനമായി പതാക ഉയർത്തി. ബാബുപോൾ കലക്ടറായി ചുമതലയേറ്റു. അനാർഭാടമായായിരുന്നു ചടങ്ങ്. ഇടുക്കിയിലേക്ക് പ്രവർത്തനം മാറ്റിയത് 1976 ജൂണിൽ. പേരിലും തർക്കമുണ്ടായി. മലനാട്, ഉദയഗിരി, അരുണാചലം, സഹ്യാദ്രി തുടങ്ങിയ പേരുകൾ നിർദേശിക്കപ്പെട്ടെങ്കിലും മന്ത്രിയായിരുന്ന ബേബി ജോൺ മുന്നോട്ടുവച്ച ഇടുക്കിതന്നെ സ്വീകരിച്ചു. സിവിൽ സ്‌റ്റേഷൻ ഒന്നാംഘട്ടം 1978ൽ തറക്കല്ലിട്ട് 1985 ജനുവരി എട്ടിന് ഉദ്ഘാടനംചെയ്തു. വനസംരക്ഷണ നിയമങ്ങളിലും ചുവപ്പുനാടകളിലും കുടുങ്ങി ജില്ലയുടെ വികസനം ദശാബ്ദങ്ങളായി സ്തംഭിച്ചുകിടന്നു. പ്രതിബദ്ധതയുള്ള ജനപ്രതിനിധികൾ എത്തിയപ്പോൾ സ്ഥിതിഗതികൾ മാറി. ഒരു കാലത്ത് സ്തംഭിച്ചുകിടന്ന വികസനം വീണ്ടെടുക്കുന്ന സമയം. വികസനം മുക്കിലും മൂലയിലും എത്തിത്തുടങ്ങി. ജില്ല ഇപ്പോൾ പുതിയ ദിശയിലേക്ക്‌ കുതിക്കുകയാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top