25 April Thursday

കല്ലാർ പട്ടം കോളനി എന്ന ചേട്ടൻ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 25, 2022
നെടുങ്കണ്ടം
അമ്പതിൽ തിളങ്ങിനിൽക്കുന്ന ഇടുക്കിക്ക് 67 വയസ്സുള്ള ചേട്ടനാണ് കല്ലാർ പട്ടം കോളനി. ഏഴ്   പതിറ്റാണ്ടു മുമ്പ്‌ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനം രൂപീകരിക്കുന്ന സമയത്ത് ഹൈറേഞ്ചിനെ കേരളത്തിന്റെ ഒപ്പം ചേർത്തുനിർത്തുന്നതിൽ നിർണായക പങ്കുവഹിച്ച ഒന്നാണ് കേരള കോളനൈസേഷൻ. ഉടുമ്പൻചോല, പീരുമേട് തുടങ്ങിയ പ്രദേശങ്ങളിൽ ഭൂരിഭാഗവും തമിഴ് മേഖലകളായിരുന്നു. അതിർത്തി പ്രദേശമായ ഹൈറേഞ്ച് മേഖല തമിഴ്നാടിനോട് ചേർക്കണമന്ന ആവശ്യം ശക്തമായ സമയത്ത് തിരുകൊച്ചിയുടെ ഭരണാധികാരിയായിരുന്ന പട്ടം താണുപിള്ള കേരള കോളനൈസേഷൻ പ്രഖ്യാപിച്ചു. രണ്ടാം ലോകമഹായുദ്ധം സൃഷ്ടിച്ച ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതും അന്നത്തെ സർക്കാർ നേരിട്ടിരുന്ന പ്രധാനപ്പെട്ട വെല്ലുവിളിയായിരുന്നു.
    ഇതിനെല്ലാം പരിഹാരമെന്ന നിലയിൽ കല്ലാർ പട്ടം കോളനി, ദേവിയാർ, മറയൂർ, കാന്തല്ലൂർ എന്നിവിടങ്ങളിൽ കോളനി സ്ഥാപിച്ചു. ഇതിൽ ഏറ്റവും വലുതും കല്ലാർ പട്ടം കോളനിയാണ്. 1955 ജനുവരി 20നാണ് പട്ടം കോളനിയുടെ ഉദ്ഘാടനം കല്ലാറിൽ നടന്നത്. അഞ്ച്‌ ഏക്കർ വീതമുള്ള 1397 ബ്ലോക്കുകൾ വിതരണം ചെയ്തു. 
മുണ്ടിയെരുമ ആസ്ഥാനമായി. വിവിധ മേഖലകളിൽനിന്ന്‌ ഇവിടേക്ക് ഗ്രാമീണ റോഡുകൾ എത്തി. കാലത്തിന്റെ തേരോട്ടത്തിൽ ആശുപത്രിയും സ്‌കൂളും ഉൾപ്പെടെയുള്ള സൗകര്യങ്ങളുമായി. ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന സ്കൂൾ കല്ലാർ ഗവ. സ്കൂളാണ്. ഇടുക്കിയുടെ വികസനത്തിന്‌ നിർണായക പങ്ക് കല്ലാർപട്ടം കോളനിയും വഹിച്ചിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top