17 April Wednesday
ജാഗ്രത കൈവിടല്ലേ

ജില്ല സി വിഭാഗത്തിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 25, 2022

 തിരുവനന്തപുരം

കോവിഡ്‌ വ്യാപനം രൂക്ഷമായതിനെ തുടർന്ന്‌ തലസ്ഥാനം സി വിഭാഗത്തിൽ. ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികളിൽ 25 ശതമാനത്തിൽ കൂടുതൽ കോവിഡ്‌ രോഗികളാകുകയാണെങ്കിലാണ്‌ സി കാറ്റഗറിയിൽ ഉൾപ്പെടുത്തുക. 
   ജില്ലയിൽ സാമൂഹ്യ, സാംസ്കാരിക, മത, രാഷ്ട്രീയ, സാമുദായിക, പൊതു പരിപാടികൾ അനുവദിക്കില്ല. മതപരമായ ആരാധനകൾ ഓൺലൈനായി നടത്തണം. വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ. സിനിമ തിയറ്ററുകൾ, സ്വിമ്മിങ്‌ പൂളുകൾ, ജിമ്മുകൾ എന്നിവയുടെ പ്രവർത്തനം അനുവദിക്കില്ല. 
 
   ബിരുദ -ബിരുദാനന്തര തലത്തിലെ ഫൈനൽ ഇയർ ക്ലാസുകളും പത്ത് പന്ത്രണ്ട് ക്ലാസുകളും ഒഴികെയുള്ള എല്ലാ ക്ലാസുകളും (ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെ) ക്ലാസുകൾ 31 വരെയാണ്‌ ഓൺലൈൻ സംവിധാനത്തിലേക്ക്‌ മാറേണ്ടത്‌. 
   വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലസ്‌റ്റർ രൂപപ്പെട്ടാൽ കഴിഞ്ഞ മൂന്ന്‌ പ്രവൃത്തി ദിവസത്തെ ഹാജർനില ശരാശരി 40 ശതമാനത്തിൽ കുറഞ്ഞാൽ സ്ഥാപന മേധാവികൾ അടുത്ത 15 ദിവസത്തേക്ക്‌ ക്ലാസുകൾ ഓൺലൈനാക്കണം.
 
   കോവിഡ്‌ വ്യാപന സാഹചര്യത്തിൽ കഴിഞ്ഞ 20ന്‌ പുറപ്പെടുവിച്ച മറ്റ്‌ നിയന്ത്രണങ്ങൾ ജില്ലയിൽ തുടരുമെന്നും ജില്ലാ ദുരന്തനിവാരണ അതോറിട്ടി ഉത്തരവിൽ പറയുന്നു.ബയോ ബബിൾ മാതൃകയിൽ പ്രവർത്തിക്കുന്ന റസിഡൻഷ്യൽ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ ഇത് ബാധകമല്ല.
 
3256 പേർക്ക്‌ കോവിഡ്‌
തിങ്കൾ 3256 പേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. നിലവിൽ 48,596 പേരാണ്‌ ജില്ലയിൽ ചികിത്സയിലുള്ളത്‌. 12,131 പേർ മുക്തരായി. ഞായറാഴ്‌ച 8980 പേർക്കും ശനിയാഴ്‌ച 7430 പേർക്കും രോഗം സ്ഥിരീകരിച്ചിരുന്നു.  
 

വാർഡുതല ആർആർടിയും 
ടെലി കൗൺസലിങ്ങും റെഡി

കോവിഡ്‌ വ്യാപനം ചെറുക്കാൻ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ കോർപറേഷൻ. മേയർ ആര്യ രാജേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്‌ തീരുമാനം. വാർഡുതല ആർആർടി(ദ്രുതകർമസേന)കൾ സജീവമാക്കും.
   കുടുംബശ്രീ, അങ്കണവാടി പ്രവർത്തകരെയും ആശാവർക്കറെയും ഉൾപ്പെടുത്തി കൂടുതൽ പ്രവർത്തന സജ്ജമാക്കും. അംഗങ്ങൾക്ക് സർക്കാർ ഉത്തരവ് അനുസരിച്ച് യാത്രാബത്തയും നൽകും. 
 
വിളിച്ച്‌ പറയും, ഭക്ഷണം നൽകും
ജനങ്ങളിൽ ജാഗ്രതയുണർത്താനും അവബോധം സൃഷ്ടിക്കാനും മൈക്ക്‌ അനൗൺസ്‌മെന്റ്‌ നടത്തും. ഏകാന്തവാസത്തിൽ കഴിയുന്നവർക്ക് ആവശ്യമെങ്കിൽ കുടുംബശ്രീ ജനകീയ ഹോട്ടലിന്റെ സഹായത്തോടെ പ്രത്യേക നിരക്കിൽ ഭക്ഷണം എത്തിക്കും.
 
കൂടുതൽ ഡോക്ടർമാർ, 
ടെലി കൗൺസലിങ്‌
കൂടുതൽ ഡോക്ടർമാരെയും മെഡിക്കൽ വളന്റിയർമാരെയും നിയമിച്ച് കോർപറേഷന്റെ കോവിഡ് കൺട്രോൾ റൂം പ്രവർത്തനം വിപുലീകരിക്കും. ടെലി മെഡിസിൻ സംവിധാനം വിപുലീകരിക്കാൻ ഐഎംഎയുമായി കൂടിയാലോചിക്കും. മാനസിക സംഘർഷം ലഘൂകരിക്കാൻ  ടെലികൗൺസലിങ് ഏർപ്പെടുത്തും. ആംബുലൻസ് സേവനവും വ്യാപകമാക്കും.
 
ചികിത്സ ഉറപ്പ്‌ 
പ്രാഥമിക, രണ്ടാംതല കോവിഡ്‌ ചികിത്സാകേന്ദ്രങ്ങളുടെ പ്രവർത്തനം വിപുലീകരിക്കും. നിലവിലുള്ളവയുടെ അടിസ്ഥാന സൗകര്യം കൂടുതൽ മെച്ചപ്പെടുത്തും. മാനേജ്മെന്റ് കമ്മിറ്റികൾ അടിയന്തരമായി ചേരും. കോർപറേഷന്റെ 28 ആശുപത്രികളിലും ആവശ്യത്തിന് മരുന്ന് ഉറപ്പാക്കും. ബ്രേക്ക് ദി ചെയിൻ പ്രചാരണം സജീവമാക്കാനും തീരുമാനിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top