28 March Thursday

സിനിമാക്കാരേ ഇതിലേ...ഇതിലേ

സ്വന്തം ലേഖികUpdated: Tuesday Jan 25, 2022

അസ്‌ത്ര’ സിനിമയുടെ ചിത്രീകരണത്തിൽ നിന്ന്‌

 
കൽപ്പറ്റ
കുറുക്കൻ മൂലയിൽ  മിന്നൽ മുരളി വിതറിയ ആവേശം വയനാട്ടുകാർക്ക്‌  തീർന്നിട്ടില്ല.  അപ്പോഴേക്കും  ജില്ലയിൽ വീണ്ടുമിതാ  സിനിമാക്കാലം.  ഒരുകാലത്ത്‌ സിനിമാക്കാർ അകലം പാലിച്ച വയനാട്ടിൽ സിനിമാ ഷൂട്ടിങ്ങുകൾ ഇടക്കിടെ വന്നെത്തുകയാണ്‌. ആസാദ്‌ അലവി സംവിധാനംചെയ്യുന്ന ക്രൈം ത്രില്ലർ ‘അസ്‌ത്ര’ യുടെ ഷൂട്ടിങ്ങാണ്‌ ഇപ്പോൾ നടക്കുന്നത്‌. 
   കടുവയുടെ ആക്രമണത്തിൽ കുറുക്കൻമൂലക്കാർ വിറച്ചുനിൽക്കുമ്പോഴാണ്‌ ‘മിന്നൽ മുരളി’  റിലീസാവുന്നത്‌. സിനിമയിൽ നായകനും വില്ലനുമെല്ലാം താമസിക്കുന്നത്‌ കുറുക്കൻമൂലയിലാണ്‌. സംവിധായകൻ ബേസിൽ ജോസഫ്‌ വയനാട്ടുകാരനുമാണ്‌.  കേരള–- കർണാടക അതിർത്തിയായ  ബൈരക്കുപ്പയിലും പരിസരങ്ങളിലുമായിരുന്നു സിനിമയുടെ ചിത്രീകരണം  കൂടുതലും.  
മുത്തങ്ങ ഉൾപ്പെടെ ബത്തേരിയുടെ പരിസരങ്ങളിലായിരുന്നു ‘അസ്‌ത്ര’യുടെ ചിത്രീകരണം. അമിത്‌ ചക്കാലക്കൽ,  സന്തോഷ്‌ കീഴാറ്റൂർ, കലാഭവൻ ഷാജോൺ, സുധീർ കരമന, സുഹാസിനി കുമരൻ, നീന കുറുപ്പ് എന്നിവർ പ്രധാന വേഷത്തിൽ. ചിത്രീകരണം ചൊവ്വ പൂർത്തിയാവും. 
   മിഥുൻ മാനുവൽ തോമസ്‌ സംവിധാനംചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങും രണ്ട്‌ മാസം മുമ്പ്‌ ജില്ലയിലുണ്ടായിരുന്നു. അജു വർഗീസ്‌, വിജയ്‌ ബാബു തുടങ്ങിയവരെല്ലാം ചിത്രീകരണത്തിനെത്തി. 
   കൈലാഷ്‌ നായകനായ ‘മാത്തുക്കുട്ടിയുടെ വിശേഷങ്ങൾ’ സിനിമയുടെ ചിത്രീകരണവും ജില്ലയിലായിരുന്നു. സിനിമ റിലീസായിട്ടില്ല. പതിറ്റാണ്ടുകൾക്ക്‌ മുമ്പ്‌ രാമു കര്യാട്ടിന്റെ ‘നെല്ല്‌’ സിനിമയായിരുന്നു വയനാട്‌ കണ്ട സൂപ്പർ ഹിറ്റ്‌ സിനിമയിലൊന്ന്‌.  
 പിന്നീട്‌ പൊന്നുച്ചാമി, പുരാവൃത്തം, മറുപടി, സമർപ്പണം തുടങ്ങി നിരവധി സിനിമകൾ ജില്ലയിൽ ചിത്രീകരിച്ചു. എന്ന്‌ നിന്റെ  മൊയ്‌തീനിലെ പാട്ടുസീനുകളും   വയനാട്ടിൽ ചിത്രീകരിച്ചു. പക്ഷേ, പ്രകൃതിഭംഗി തുളുമ്പിയിട്ടും മറ്റ്‌ ജില്ലകളെ അപേക്ഷിച്ച്‌ ഷൂട്ടിങ്ങുകൾ കുറവായിരുന്നു. മമ്മൂട്ടി സിനിമ ‘അങ്കിൾ’ സൂപ്പർ ഹിറ്റായതോടെ സിനിമാക്കാർ വീണ്ടും വന്നെത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top