19 April Friday
തുക കൈക്കലാക്കിയത്‌ വീട് നിർമിച്ച്‌ നൽകുമെന്ന വാഗ്‌ദാനത്തിൽ

ജീവകാരുണ്യം മറയാക്കി തട്ടിപ്പ്‌; 4 പേർ അറസ്റ്റിൽ

സ്വന്തം ലേഖകന്‍Updated: Thursday Nov 24, 2022
 
മഞ്ചേരി
ജീവകാരുണ്യപ്രവർത്തനത്തിന്റെ മറവിൽ സാധാരണക്കാരിൽനിന്ന്‌ പണംതട്ടിയ നാലുപേർ പിടിയിൽ. അങ്ങാടിപ്പുറം രാമപുരം സ്വദേശി പെരുമ്പള്ളി വീട്ടിൽ മുഹമ്മദ് ഷഫീഖ് (31), കരിങ്കല്ലത്താണി താഴേക്കോട് കാരക്കോടൻ വീട്ടിൽ അബ്ദുൾജബ്ബാർ (39), പെരിന്തൽമണ്ണ ആലിപ്പറമ്പ് തോണിക്കടവ് വീട്ടിൽ ഹുസൈൻ (31), അലനല്ലൂർ കർക്കടാംകുന്ന് ചുണ്ടയിൽ വീട്ടിൽ ഷൗക്കത്തലി (47) എന്നിവരെയാണ്‌ മഞ്ചേരി പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌.  ഇവരിൽനിന്ന്  89.2 ലക്ഷം രൂപ  പിടിച്ചെടുത്തു. ഡിവൈൻ ഹാൻഡ്‌ ചാരിറ്റബിൾ ട്രസ്റ്റ്‌ വഴിയാണ്‌ തട്ടിപ്പ്‌. 
 രഹസ്യവിവരത്തെ തുടർന്ന്‌ ചൊവ്വാഴ്ച രാത്രിയാണ്‌ മഞ്ചേരി ഇന്‍സ്പെക്ടര്‍ റിയാസ് ചാക്കീരിയും സംഘവും  ട്രസ്റ്റിന്റെ ഓഫീസിൽ പരിശോധന നടത്തിയത്. ഇവിടെനിന്ന് ആറ് മൊബൈൽ ഫോൺ, ഇലക്‌ട്രോണിക് നോട്ടെണ്ണൽ യന്ത്രം, രശീത്‌ ബുക്കുകൾ, എഗ്രിമെന്റ് പേപ്പറുകൾ, ഉടമ്പടി കരാർ രേഖകൾ, ചെക്ക്ബുക്കുകൾ, എടിഎം കാർഡുകൾ എന്നിവ പിടിച്ചെടുത്തു. നൂറോളംപേരിൽനിന്ന് പണം സ്വീകരിച്ചതിന്റെ രേഖകളും കണ്ടെടുത്തു. ആരുംതന്നെ ഇവർക്കെതിരെ പരാതി നൽകിയിട്ടില്ല. ‘2019ലെ ബാന്നിങ് ഓഫ് അൺ റഗുലേറ്റഡ് ഡെപ്പോസിറ്റ് സ്‌കീം’ നിയമ പ്രകാരം കണക്കിൽപ്പെടാത്ത പണം കൈവശം സൂക്ഷിച്ച കുറ്റത്തിന്‌ പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചേർത്ത്‌ കേസെടുത്തു. 
 
പണം കൈക്കലാക്കിയത്‌ ഭവനപദ്ധതിയുടെ പേരിൽ 
‘എന്റെ ഉസ്താദിന് ഒരു വീട് ഭവനപദ്ധതി’ പേരിലാണ് സംഘം നാട്ടുകാരിൽനിന്ന് പണം തട്ടിയത്‌.  പത്രങ്ങളിലും  സമൂഹമാധ്യമങ്ങളിലും പരസ്യംചെയ്ത് ആളുകളെ തെറ്റിദ്ധരിപ്പിച്ച്  കൂപ്പണിലൂടെയും  മുദ്രപേപ്പറിലൂടെയുമാണ്‌  തുക ശേഖരിച്ചത്‌. ഒന്നുമുതൽ രണ്ടു ലക്ഷം രൂപവരെ ഇങ്ങനെ ആളുകളിൽനിന്ന് തട്ടി. 
രണ്ടുലക്ഷംരൂപ നൽകിയവർക്ക് നാലുമാസത്തിനുള്ളിൽ പത്തുലക്ഷത്തിന്റ വീട് നിർമിച്ച്‌ നൽകുമെന്നായിരുന്നു വാഗ്‌ദാനം. ഇങ്ങനെ തിരുവനന്തപുരംമുതൽ കാസർകോട്‌ വരെയുള്ള  നിരവധി ആളുകളിൽനിന്ന് പണം പിരിച്ചെടുത്തായി കണ്ടെത്തി.  ഇരുപതിന്‌ 37 പേരിൽനിന്ന്‌ 24,60,000 രൂപയും 21ന് 22 പേരിൽനിന്ന് 35,48,000വും  22ന്  34 പേരിൽനിന്ന്‌  58,50,000വും  ഉൾപ്പെടെ 1,18,58,000 രൂപ  കൈപ്പറ്റിയതായും രേഖകൾ വ്യക്തമാക്കുന്നു. ട്രസ്റ്റിനെ കുറിച്ച് അന്വേഷണം ഊർജിതമാക്കിയതായി പൊലീസ്‌ പറഞ്ഞു.
 
‘വിശ്വാസം’മുതലാക്കി
‘വിശ്വാസം’ ചൂഷണംചെയ്‌താണ് ഉസ്താദുമാരുടെ പേരിൽ സംഘം ലക്ഷങ്ങൾ നിക്ഷേപമായി സ്വീകരിച്ചത്. പള്ളിക്കമ്മിറ്റികൾവഴിയും പ്രാദേശികമായി വളന്റിയർമാരെ നിയോഗിച്ചും പണം പിരിച്ചെടുത്തതായാണ് കണ്ടെത്തൽ. മുപ്പതിൽപരം ഉസ്താദുമാർക്ക് വീടുകൾ നിർമിച്ചു നൽകിയയെന്നാണ്‌ ഇവരുടെ അവകാശവാദം.  ഒരാളിൽനിന്ന് പരമാവധി 2000 രൂപവരെ മാത്രമേ ട്രസ്റ്റിന് സംഭാവനയായി സ്വീകരിക്കാൻ ചട്ടമുള്ളു. എന്നാൽ, ഒന്നുമുതൽ രണ്ടു ലക്ഷം രൂപവരെയാണ് ആളുകളിൽനിന്ന് കൈപ്പറ്റിയത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top