29 March Friday
മാറാട്‌ കൂട്ടക്കൊല

ഒളിവിലായിരുന്ന 2 പ്രതികൾക്കും ഇരട്ട ജീവപര്യന്തം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 24, 2021

മാറാട് കൂട്ടക്കൊല കേസിലെ പ്രതികളായ കോയമോൻ, നിസാമുദ്ദീൻ എന്നിവരെ ജയിലിലേക്ക് കൊണ്ടുപോകുന്നു

കോഴിക്കോട്‌ 
മാറാട്‌ കൂട്ടക്കൊല കേസിൽ ഒളിവിലായിരുന്ന രണ്ട്‌ പ്രതികൾക്കും ഇരട്ട ജീവപര്യന്തം. 95–-ാം പ്രതി ആനങ്ങാടി കുട്ടിച്ചന്റെ പുരയിൽ കോയമോൻ (50), 148–-ാം പ്രതി മാറാട്‌ കല്ലുവെച്ച വീട്ടിൽ നിസാമുദ്ദീൻ (31) എന്നിവരെ സ്‌പെഷ്യൽ അഡീഷണൽ‌ സെഷൻസ്‌ (മാറാട്‌) കോടതി ജഡ്‌ജി  കെ എസ്‌ അംബികയാണ്‌  ശിക്ഷിച്ചത്‌.  മതസ്‌പർധ വളർത്താൻ ശ്രമിച്ചതിന്‌ ഇരുവർക്കും അഞ്ചുവർഷം കഠിനതടവ്‌ വേറെയുമുണ്ട്‌. ശിക്ഷ പ്രത്യേകമായി അനുഭവിക്കണം.  കോയമോൻ 1,02,000 രൂപയും നിസാമുദ്ദീൻ  58,000 രൂപയും പിഴയൊടുക്കണം. 
പിഴത്തുക കലാപത്തിൽ മരിച്ച സന്തോഷിന്റെ കുടുംബത്തിന്‌ നൽകണം. 2003 മേയ്‌ 2നായിരുന്നു ഒമ്പത്‌ പേർ കൊല്ലപ്പെട്ട മാറാട്‌ കൂട്ടക്കൊല.  സ്‌ഫോടക വസ്‌തു നിരോധന നിയമത്തിലെ രണ്ട്‌ വകുപ്പുകൾ പ്രകാരമാണ്‌ കോയമോന്‌  ഇരട്ട ജീവപര്യന്തവും 50,000 രൂപ വീതം പിഴയും വിധിച്ചത്‌. പിഴ അടച്ചില്ലെങ്കിൽ രണ്ട്‌ വർഷംകൂടി വീതം കഠിന തടവ്‌  അനുഭവിക്കണം.  
  റിമാൻഡ്‌ കാലാവധി കഴിഞ്ഞുള്ള കാലം ശിക്ഷ അനുഭവിച്ചാൽ മതി. കൂട്ടക്കൊലയിലെ ക്രിമിനൽ ഗൂഢാലോചന‌യ്ക്ക്‌ പ്രത്യേക ശിക്ഷ വിധിച്ചിട്ടില്ല.  
 കൂട്ടക്കൊലയിൽ 148 പേരാണ്‌ ആകെ പ്രതികൾ. വിചാരണ നേരിട്ട 139 പേരിൽ 63 പേരെ പ്രത്യേക കോടതി നേരത്തെ ശിക്ഷിച്ചിരുന്നു.  സർക്കാരിനുവേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ആർ ആനന്ദ്‌ ഹാജരായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top