24 April Wednesday

സമ്പന്നർക്ക്‌ കേന്ദ്രത്തിന്റെ 
സംരക്ഷണം: 
എ വിജയരാഘവൻ

വെബ് ഡെസ്‌ക്‌Updated: Sunday Oct 24, 2021

പുന്നപ്ര രക്തസാക്ഷിദിനത്തിന്റെ 75–ാം വാർഷികത്തോടനുബന്ധിച്ച്‌ പറവൂർ രക്തസാക്ഷിനഗറിൽ ചേർന്ന പൊതുസമ്മേളനം 
സിപിഐ എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ ഓൺലെെനിൽ ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ
സമ്പന്ന വിഭാഗത്തിന്റെ താൽപ്പര്യത്തിന്‌ ഇത്രയേറെ സംരക്ഷണം കിട്ടിയ സന്ദർഭം സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തിൽ കണ്ടിട്ടില്ലെന്നത്‌ ഗൗരവതരമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ പറഞ്ഞു. ബാങ്കിങ്‌, ഇൻഷുറൻസ്‌ മേഖല സ്വകാര്യവൽക്കരിക്കുമ്പോൾ രാജ്യം നേരിടുന്നത്‌ അത്യാപൽക്കരമായ അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. പുന്നപ്ര രക്തസാക്ഷിദിനത്തിന്റെ എഴുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ച്‌ പറവൂർ രക്തസാക്ഷിനഗറിൽ ചേർന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു വിജയരാഘവൻ. 
   ഏഷ്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന മുതലാളിയാണ്‌ അദാനി. നരേന്ദ്ര മോദിയുടെയും കേന്ദ്രസർക്കാരിന്റെയും പിൻബലമില്ലാതെ അദാനിക്ക്‌ ഇത്‌ സാധിക്കുമോ. ടാറ്റ മുതലാളിക്ക്‌ എയർ ഇന്ത്യ കൈമാറിയത്‌ 2500 കോടി രൂപയ്‌ക്കാണ്‌.  തൊട്ടടുത്ത അയൽരാജ്യങ്ങൾക്കെല്ലാം സ്വന്തമായി എയർലൈൻസ്‌ ഉള്ളപ്പോഴാണ്‌ ഇന്ത്യ സ്വന്തം എയർലൈൻസ്‌ സ്വകാര്യ വ്യക്തിക്ക്‌ വിറ്റത്‌.  2008 ലെ  സാമ്പത്തിക പ്രതിസന്ധിയിൽനിന്ന്‌ ഇന്ത്യയെ രക്ഷിച്ചത്‌ പൊതുമേഖലാ ബാങ്കുകളും ഇൻഷുറൻസ്‌ കമ്പനികളുമാണ്‌. അതെല്ലാം സ്വകാര്യവൽക്കരിക്കുന്നത്‌ അപകടകരമാണ്‌.
   രാജ്യത്തിന്റെ ബഹുസ്വരതയെ നിരാകരിക്കുന്ന ഭരണമാണ്‌ ഇന്ത്യയിൽ. ന്യൂനപക്ഷ വിരുദ്ധതയാണ്‌ അതിന്റെ മുഖമുദ്ര. ഇതിനായി പാർലമെന്റിനെയും ഭരണസംവിധാനത്തെയും ദുരുപയോഗിക്കുന്നു. ഏറ്റവും കൂടുതൽ പട്ടിണിക്കാരുള്ള രാജ്യമായി ഇന്ത്യ മാറി. 
  ഇന്ത്യയിലെ ബിജെപിയിതര ബൂർഷ്വാ രാഷ്‌ട്രീയ പാർടികൾക്ക്‌ ചാഞ്ചാട്ടമില്ലാത്ത നിലപാടില്ല. മൃദുഹിന്ദുത്വ സമീപനത്തിലൂടെ ബിജെപിയെ സഹായിക്കുന്ന നിലപാടാണ്‌ കോൺഗ്രസിന്റേത്‌. ഇവിടെയാണ്‌ ഇടതുപക്ഷ നയങ്ങൾ പ്രസക്തമാകുന്നത്‌.  ഈ ദൗത്യം നിർവഹിക്കാൻ കരുത്ത്‌ പകരുന്നതാണ്‌ കേരളത്തിലെ എൽഡിഎഫ്‌ സർക്കാരിന്റെ മികച്ച പ്രവർത്തനം.
  സ്വാതന്ത്ര്യത്തിന്‌ മുമ്പ്‌ തിരുവിതാംകൂറിന്റെ ജനകീയ മുന്നേറ്റത്തിന്‌ വലിയ ശക്തിയും പക്വതയും ആത്മാർപ്പണത്തിന്റെ കരുത്തുമായെന്ന്‌ തെളിയിച്ച മഹാസമരമാണ്‌ പുന്നപ്ര–-വയലാർ പോരാട്ടം.
കാലത്തിന്‌ മുമ്പേ സഞ്ചരിച്ച പോരാളികളായിരുന്നു പുന്നപ്ര–-വയലാറിലെ സമരയോദ്ധാക്കളെന്ന്‌ ഇപ്പോൾ തിരിച്ചറിഞ്ഞിരിക്കുന്നു. പുന്നപ്ര വയലാറിന്റെ കരുത്തും സമരവീര്യവുമാണ്‌ 1957 ലെ ഇഎംഎസ്‌ സർക്കാരിന്‌ അടിത്തറയായത്‌–- വിജയരാഘവൻ പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top