കോട്ടയം
പ്ലസ്ടു വിദ്യാർഥിയായ പി എസ് സനിഗയുടെ പഠനത്തിന് ഇനി കെ- ഫോൺ കരുത്തേകും. സംസ്ഥാന സർക്കാരിന്റെ സൗജന്യ അതിവേഗ ഇന്റർനെറ്റ് പദ്ധതിയായ കെ- ഫോണിന്റെ വൈക്കം ബ്ലോക്ക് തലത്തിലുള്ള ആദ്യ കണക്ഷൻ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഉദയനാപുരം പഞ്ചായത്ത് നാലാം വാർഡിലെ ഇരുമ്പുഴിക്കര പടിഞ്ഞാറേ പൊക്കനാഴത്ത് വീട്ടിൽ പി എസ് സനിഗ. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ രഞ്ജിത് സനിഗയുടെ വീട്ടിലെത്തി കണക്ഷൻ കൈമാറി. എല്ലാ വീടുകളിലും സൗജന്യ അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുകയെന്ന ലക്ഷ്യവുമായി ആവിഷ്‌കരിച്ച പദ്ധതിയിൽ കണക്ഷനുകൾ ബ്ലോക്ക് പഞ്ചായത്തുതലത്തിൽ സ്‌കൂൾ വിദ്യാർഥികൾക്ക് പ്രഥമ പരിഗണന നൽകിയാണ് മുന്നോട്ടുപോകുന്നത്.
ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിൽ നിന്നുള്ള എസ്‌സി, എസ്ടി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് ആദ്യഘട്ടത്തിൽ കണക്ഷനുകൾ കൈമാറും. കെ ഫോൺ സേവനത്തിലൂടെ പാഠ്യസംബന്ധമായ വിഷയങ്ങൾ പെട്ടെന്ന് കണ്ടെത്തി കൂടുതൽ അറിവ് നേടാനാകുമെന്ന് സനിഗ പറഞ്ഞു. വൈക്കം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു സയൻസ് വിദ്യാർഥിയാണ് സനിഗ. ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് പി കെ ആനന്ദവല്ലി, പഞ്ചായത്തംഗം ജിനു ബാബു എന്നിവർ പങ്കെടുത്തു.പ്ലസ്ടു വിദ്യാർഥിയായ പി എസ് സനിഗയുടെ പഠനത്തിന് ഇനി കെ- ഫോൺ കരുത്തേകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..