കൽപ്പറ്റ
മിതമായ വിലയിൽ മേന്മയുള്ള കോഴിയിറച്ചി ലഭ്യമാക്കി ഇതിനകം ജനപ്രിയമായ കുടുംബശ്രീയുടെ കേരള ചിക്കൻ പദ്ധതി വയനാട്ടിലേക്കും വ്യാപിപ്പിക്കുന്നു. കുടുംബശ്രീ വനിതകൾക്ക് സ്ഥിരവരുമാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തിൽ ആരംഭിച്ച പദ്ധതി ജില്ലയിൽ നടപ്പിലാവുന്നതോടെ അഞ്ഞൂറോളം വനിതകൾക്ക് വരുമാനമാവും. നിലവിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് കേരള ചിക്കൻ പദ്ധതി നടപ്പിലാക്കുന്നത്.
2024 ജനുവരിയോടെ വയനാട്ടിൽ പദ്ധതി ആരംഭിക്കും. കാസർകോട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും ഇതോടൊപ്പം പദ്ധതി വ്യാപിപ്പിക്കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.
അതിർത്തി സംസ്ഥാനങ്ങളിൽനിന്ന് കോഴി ഇറച്ചി ജില്ലയിൽ എത്തുന്നുണ്ടെങ്കിലും മേന്മയുള്ള ഇറച്ചി കുറഞ്ഞ വിലയിൽ ലഭിക്കുമെന്നതിനാൽ മാർക്കറ്റ് പിടിച്ചെടുക്കാൻ കഴിയുമെന്നാണ് പദ്ധതിയുടെ നടത്തിപ്പുകാരായ കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ പ്രതീക്ഷ. ഔട്ട്‌ലെറ്റ് ആരംഭിക്കുന്നതിന് മുമ്പ് ഫാമുകളാണ് ആദ്യഘട്ടത്തിൽ തുടങ്ങുക.
സംസ്ഥാനത്ത് ഒരു മാസം ഏതാണ്ട് ആറുകോടി കിലോ ചിക്കന്റെ ആവശ്യമുണ്ട്. ഇത്ര കോഴി ഇറച്ചി ഇവിടെ ഉൽപ്പാദിപ്പിക്കുന്നില്ല. 60 ശതമാനവും അയൽ സംസ്ഥാനത്തുനിന്നാണ് എത്തിക്കുന്നത്. ഇതിൽ രണ്ടര ശതമാനം സർക്കാർ ഏജൻസികളാണ് മാർക്കറ്റിൽ എത്തിക്കുന്നത്. സ്വകാര്യ ഏജൻസികളാണ് ഇറച്ചി വിപണിയിൽ കാര്യമായി ഇടപെടുന്നത്. ഇത് കുറയ്ക്കുക എന്ന ലക്ഷ്യത്തിലാണ് കേരള ചിക്കൻ സ്റ്റാളുകൾ വർധിപ്പിക്കുന്നത്.
2017ലാണ് പദ്ധതി ആരംഭിച്ചത്. 2019 മുതലാണ് കുടുംബശ്രീ സ്റ്റാൾ വഴി നേരിട്ട് ചിക്കൻ വിൽപ്പന തുടങ്ങിയത്. ഇതുവരെ 200 കോടി രൂപയുടെ വിറ്റുവരവ് ഉണ്ടായിട്ടുണ്ട്. ദിവസം ശരാശരി 25,000 കിലോ കേരള ചിക്കൻ സംസ്ഥാനത്തെ വിപണിയിൽ എത്തിക്കുന്നുണ്ട്.
വളർത്തലും
വിൽപ്പനയും കുടുംബശ്രീ
ഒരു ദിവസം പ്രായമായ കുഞ്ഞങ്ങളെ വളർത്തി 45 ദിവസമാകുമ്പോൾ നിശ്ചിത തുക നല്‍കി തിരികെയെടുക്കും. തീറ്റ, മരുന്ന് തുടങ്ങിയവ സൗജന്യമാണ്. കുടുംബശ്രീ അംഗങ്ങൾ നടത്തുന്ന ഔട്ട്‌ലെറ്റ് വഴിയാണ് വിപണനം. ഉൽപ്പാദനവും വിപണനവും ഏകോപിപ്പിക്കുന്നത് കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയാണ്. വിപണിയിൽ കോഴി ഇറച്ചി വില കുതിച്ചുയരുമ്പോഴും പിടിച്ചുപറി ഇല്ലാതെ മേന്മയുള്ള ഇറച്ചിയെത്തിച്ചാണ് കേരള ചിക്കൻ ജനപ്രിയമായത്. പൊതുമാർക്കറ്റിനേക്കാൾ പലപ്പോഴും 50 രൂപ വരെ കുറച്ചാണ് കേരളചിക്കൻ വിൽക്കുന്നത്. 45 ദിവസം കോഴികളെ വളർത്തി കൈമാറുമ്പോൾ കർഷകർക്ക് ശരാശരി 50,000 രൂപയും ഔട്ട്‌ലെറ്റ് നടത്തിപ്പുകാർക്ക് മാസം 87,000 രൂപയുമാണ് വരുമാനം. മൃഗസംരക്ഷണ വകുപ്പ് കർഷകർക്ക് സബ്‌സിഡിയും നൽകുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..