24 April Wednesday

കേരളത്തിലെ ആദ്യ ഏകാംഗ വീഡിയോ 
പ്രദർശനത്തിന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Saturday Sep 24, 2022

അമ്യൂസിയത്തിൽ ആരംഭിച്ച വീഡിയോ ഇൻസ്റ്റലേഷൻ വേദിയിൽ 
അജേഷ് സുരേഷ് പ്രദർശനത്തെക്കുറിച്ചു വിശദീകരിക്കുന്നു

തിരുവനന്തപുരം
വിയറ്റ്നാം, ദക്ഷിണകൊറിയ, ഇന്തോനേഷ്യ, ഫിലിപ്പീൻസ്‌, ഇംഗ്ലണ്ട്‌, മലേഷ്യ, കംബോഡിയ തുടങ്ങി വിവിധ രാജ്യങ്ങളിൽ കലാകാരനായ അജേഷ് സുരേഷ് നടത്തിയ സ്ഥലാധിഷ്ഠിത കലാവിന്യാസങ്ങൾ ഇനി വെള്ളയമ്പലം അമ്യൂസിയം ആർട്ട്‌ സയൻസ്‌ ഗ്യാലറിയിൽ.  
‘കോൺവർസേഷൻസ്... മെമ്മയേഴ്സ് ഓഫ് ആൻ ആർട്ടിസ്റ്റ്' വീഡിയോ പ്രദർശനം വെള്ളിയാഴ്ച  മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനംചെയ്തു.
കേരളത്തിലെ ആദ്യ ഏകാംഗ വീഡിയോ ഇൻസ്റ്റലേഷൻ ആർട്ട്‌ ഷോ ആണിത്. വിവിധ രാജ്യങ്ങളിൽനിന്നുള്ള 10 വീഡിയോ ഇൻസ്റ്റലേഷനാണ് പ്രദർശനത്തിലുള്ളത്‌. ഓരോ സ്ഥലത്തുനിന്നുള്ള കലാകാരന്റെ ഓർമകൾ, അനുഭവങ്ങൾ, ആസ്വാദകരുടെ പ്രതികരണങ്ങൾ എന്നിവയാണ് വീഡിയോ പ്രദർശനങ്ങളിലുള്ളത്. കലാവസ്തുക്കളുടെ വിന്യാസവും ഒരുക്കിയിട്ടുണ്ട്‌.
യുകെയിലെ ബിർമിങ്ഹാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്ട്‌ ആൻഡ് ഡിസൈനിൽനിന്ന് മാസ്റ്റർ ഓഫ് ഫൈൻ ആർട്‌സ് ബിരുദം കരസ്ഥമാക്കിയ അജേഷിന്റെ കേരളത്തിലെ ആദ്യത്തെ പ്രദർശനമാണിത്. 30വരെ പകൽ 10.30 മുതൽ 12.30 വരെയും വൈകിട്ട് നാലുമുതൽ ആറുവരെയുമുള്ള നിശ്ചിത സമയങ്ങളിൽ മാത്രമാണ്‌ പ്രദർശനം.
ഉദ്‌ഘാടന ചടങ്ങിൽ സൂര്യ കൃഷ്‌ണമൂർത്തി, ചിത്രകാരൻ മുരളി ശിവരാമകൃഷ്‌ണൻ, അജിത്‌കുമാർ തുടങ്ങിയവരും പങ്കെടുത്തു. 
പ്രദർശനത്തോടനുബന്ധിച്ച്‌ തയ്യാറാക്കിയ കാറ്റലോഗ്‌ അജേഷിന്റെ അച്ഛൻ ഡോ. എസ്‌ പി സുരേഷ്‌ നായർ പ്രകാശിപ്പിച്ചു. തിങ്കളാഴ്ച പ്രദർശനമുണ്ടാകില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top