തൃശൂർ
ഒരു കിലോ റബ്ബറിന് 300 രൂപ താങ്ങുവില പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ സംഭരിക്കണമെന്നാവശ്യപ്പെട്ട് കർഷകരുടെ മഹാപ്രവാഹമായി ലോങ്മാർച്ച്.  കേരള കർഷകസംഘം നേതൃത്വത്തിൽ 25, 26 തീയതികളിൽ  നടക്കുന്ന രാജ്‌ഭവൻ മാർച്ചിനു മുന്നോടിയായാണ് ജില്ലയിൽ രണ്ടു കേന്ദ്രങ്ങളിൽനിന്ന് തൃശൂരിലേക്ക് ലോങ് മാർച്ച് സംഘടിപ്പിച്ചത്. പുതുക്കാടുനിന്നും  വടക്കാഞ്ചേരിയിൽനിന്നും ആരംഭിച്ച മാർച്ചിൽ  കൊടുംവെയിലിലും  ആയിരങ്ങൾ അണിചേർന്നു. ചുവന്ന തൊപ്പികളും ചെങ്കൊടികളുമേന്തി  പടപ്പാട്ടുകളും പാടി മാർച്ച് മുന്നേറി. മാർച്ചിന് വഴിനീളെ വർഗബഹുജനസംഘടനാപ്രവർത്തകർ അഭിവാദ്യങ്ങളേകി.  വിവിധ കേന്ദ്രങ്ങളിൽ സ്വീകരണങ്ങളും നൽകി.   തൃശൂർ ജനറൽ ആശുപത്രി ജങ്‌ഷനിൽ  മാർച്ചുകൾ സംഗമിച്ചു.  
 കർഷകസംഘം  ജില്ലാ സെക്രട്ടറി എ എസ്  കുട്ടി നയിച്ച  മാർച്ച്  വടക്കാഞ്ചേരി ഓട്ടുപാറയിൽനിന്ന് ആരംഭിച്ചു. സംസ്ഥാന എക്സിക്യുട്ടീവ് അംഗം മുരളി പെരുനെല്ലി എംഎൽഎ ഉദ്ഘാടനം ചെയ്‌തു.  എം എസ് സിദ്ധൻ അധ്യക്ഷനായി.  വൈസ് ക്യാപ്റ്റൻ എം എം അവറാച്ചൻ, മാനേജർ പി എ ബാബു,  ടി വി സുനിൽകുമാർ എന്നിവർ സംസാരിച്ചു.  ജില്ലാ പ്രസിഡന്റ് പി ആർ വർഗീസ്   നയിച്ച  മാർച്ച്   പുതുക്കാട്ടുനിന്ന് ആരംഭിച്ചു.  സിഐടിയു അഖിലേന്ത്യാ കൗൺസിൽ  അംഗം എം എം വർഗീസ് ഉദ്ഘാടനം ചെയ്‌തു. സെബി ജോസഫ് അധ്യക്ഷനായി.   വൈസ് ക്യാപ്റ്റൻ കെ വി സജു, മാനേജർ ടി എ രാമകൃഷ്ണൻ, എം ആർ രഞ്ജിത്ത്  എന്നിവർ  സംസാരിച്ചു. 
നടുവിലാൽ ജങ്ഷനിൽ ചേർന്ന  സമാപന സമ്മേളനം  കർഷകസംഘം സംസ്ഥാന ജോ. സെക്രട്ടറി എ സി മൊയ്തീൻ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. പി കെ ഡേവിസ് അധ്യക്ഷനായി.  എ എസ്  കുട്ടി, പി ആർ വർഗീസ്,  കെ രവീന്ദ്രൻ,  പി ഐ സജിത, എം ശിവശങ്കരൻ  എന്നിവർ സംസാരിച്ചു.  
റബറിനെ കാർഷികവിളയായി പരിഗണിക്കുക, റബ്ബർ ബോർഡ് ഓഫീസും അനുബന്ധ സ്ഥാപനങ്ങളും കേരളത്തിൽ  നിലനിർത്തുക,  റബ്ബറധിഷ്ഠിത വ്യവസായങ്ങൾക്ക് കേന്ദ്ര സർക്കാർ ധനസഹായം നൽകുക, ദേശീയ പാതകൾ റബ്ബറൈസ്ഡ് റോഡുകളാക്കുക, കേരളത്തിന് പ്രത്യേക റബർ പാക്കേജ് അനുവദിക്കുക  തുടങ്ങിയ മുദ്രാവാക്യങ്ങളുന്നയിച്ചാണ് സമരം.
      
        
        
		
              
	
ദേശാഭിമാനി  വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്. 
വാട്സാപ്പ് ചാനൽ   സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..