20 April Saturday
എസ്‌എഫ്‌ഐ ജില്ലാ സമ്മേളനം

പ്രതിനിധി സമ്മേളനം തുടങ്ങി

സ്വന്തം ലേഖകൻUpdated: Wednesday May 24, 2023

എസ്‌എഫ്‌ഐ ജില്ലാ സമ്മേളനത്തിന്‌ തുടക്കം കുറിച്ച്‌ ജില്ലാ പ്രസിഡന്റ്‌ എ വിഷ്ണു പതാക ഉയർത്തുന്നു

പത്തനാപുരം
എസ്‌എഫ്‌ഐ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന്‌ പത്തനാപുരത്ത്‌ ജോബി ആൻഡ്രൂസ് നഗറിൽ (ക്രൗൺ ഓഡിറ്റോറിയം)തുടക്കം. ചൊവ്വ രാവിലെ ജില്ലാ പ്രസിഡന്റ്‌ എ വിഷ്‌ണു സമ്മേളന നഗരിയിൽ പതാക ഉയർത്തി. പത്തനാപുരം ഏരിയ കമ്മിറ്റിയുടെ ഗായകസംഘം സ്വാഗതഗാനം ആലപിച്ചു. തുടർന്ന്‌ ചേർന്ന പ്രതിനിധി സമ്മേളനം എസ്‌എഫ്‌ഐ മുൻ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻദേവ്‌ എംഎൽഎ ഉദ്‌ഘാടനംചെയ്തു. വിഷ്‌ണു താൽക്കാലിക അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആര്യപ്രസാദ്‌ രക്തസാക്ഷി പ്രമേയവും മുഹമ്മദ്‌ ഷാഹിൻ അനുശോചനപ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ എൻ ജഗദീശൻ സ്വാഗതം പറഞ്ഞു. 
സംസ്ഥാന പ്രസിഡന്റ്‌ കെ അനുശ്രീ, ജോയിന്റ്‌ സെക്രട്ടറി ജി ടി അഞ്ജുകൃഷ്‌ണ, വൈസ്‌ പ്രസിഡന്റ്‌ സെറീനാ സലാം, ജില്ലാ സെക്രട്ടറി ആർ ഗോപീകൃഷ്‌ണൻ,  സിപിഐ എം സംസ്ഥാന കമ്മിറ്റിഅംഗം കെ രാജഗോപാൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ബി അജയകുമാർ, ബിജു കെ മാത്യൂ, ജില്ലാ പഞ്ചായത്ത്‌ അംഗം പി അനന്തു എന്നിവർ പങ്കെടുത്തു. എ വിഷ്‌ണു, ആര്യപ്രസാദ്‌, പ്രിജിൻ, ശങ്കർ മഹാദേവൻ, മെർലിൻ, നസ്ലിം എന്നിവരടങ്ങിയ പ്രസീഡിയമാണ്‌ സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്‌. അലീന  (മിനിറ്റ്‌സ്‌), സന്ദീപ്‌ലാൽ (പ്രമേയം), സഹദ്‌ (ക്രഡൻഷ്യൽ) എന്നിവർ കൺവീനർമാരായി വിവിധ സബ്‌കമ്മിറ്റികൾ പ്രവർത്തിക്കുന്നു. 18 ഏരിയകളിൽനിന്ന്‌ 403 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നു. സമ്മേളനം ബുധനാഴ്ച സമാപിക്കും.
ദേശീയ വിദ്യാഭ്യാസനയം 
പിൻവലിക്കണം
പത്തനാപുരം
വിദ്യാഭ്യാസ മേഖലയെ കോർപ്പറേറ്റുകൾക്ക് തീറെഴുതുകയും സാധാരണക്കാർക്ക് വിദ്യാഭ്യാസം നിഷേധിക്കുകയും ചെയ്യുന്ന ദേശീയ വിദ്യാഭ്യാസ നയം –- 20 പിൻവലിക്കണമെന്ന് എസ്എഫ്ഐ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഐടിഐകളിലെ അടിസ്ഥാന സൗകര്യം വർധിപ്പിക്കണമെന്ന പ്രമേയവും സമ്മേളനം അം​ഗീകരിച്ചു. ഇളമാട് ഐടിഐയിൽ കോഴ്സുകളുടെ അഭാവമുണ്ട്. കുമ്മിൾ ഐടിഐയ്ക്ക് സ്ഥലപരിമിതിയുണ്ട്. അതിനാൽ ഈ അസൗകര്യങ്ങൾ പരിഹരിച്ച് ഐടിഐകൾ മികവിന്റെ കേന്ദ്രങ്ങളാക്കണമെന്നും ആവശ്യപ്പെട്ടു.
 
പാഠപുസ്‌തകങ്ങളിലും സംഘപരിവാർ അജന്‍ഡ: കെ എം സച്ചിൻദേവ്‌
പത്തനാപുരം
രാജ്യത്തിന്റെ ചരിത്രം മാറ്റിയെഴുതാനുള്ള സംഘപരിവാർ അജന്‍ഡയ്ക്കെതിരെ വിദ്യാർഥികളുടെ ശക്തമായ പ്രതിരോധമുയരണമെന്ന്‌ എസ്‌എഫ്‌ഐ മുൻ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻദേവ്‌ എംഎൽഎ പറഞ്ഞു. സ്വാതന്ത്ര്യസമര ചരിത്രം സംഘപരിവാറിന്റെ കാഴ്‌ചപ്പാടുകൾക്ക്‌ അനുസൃതമായി പഠിക്കേണ്ടിവരുന്ന ഗതികേട്‌ വിദ്യാർഥി സമൂഹത്തിന്‌ അപമാനമാണ്‌. പത്തനാപുരത്ത്‌ എസ്‌എഫ്‌ഐ ജില്ലാ സമ്മേളനം ഉദ്‌ഘാടനംചെയ്യുകയായിരുന്നു സച്ചിൻദേവ്‌. 
രാഷ്‌ട്രപിതാവ്‌ മഹാത്മാഗാന്ധിയുടെ ചിത്രത്തിന്റെയും പ്രതിമയുടെയും സ്ഥാനത്ത്‌ ​ഗോഡ്‌സെയുടെ ചിത്രം സ്ഥാപിക്കുകയാണ്‌ കേന്ദ്രസർക്കാർ. എൻസിഇആർടി സിലബസുകളിലെ പാഠഭാഗങ്ങളിൽ ചരിത്രം തെറ്റായി അവതരിപ്പിക്കുന്നു. ശരിയായ ചിന്തയും ശരിയായ മാർഗവും പുതിയ തലമുറയിൽനിന്ന്‌ അകറ്റാനാണ്‌ ആർഎസ്‌എസ്‌ ശ്രമം. അറിയാനുള്ള മൗലികാവകാശം ചോദ്യം ചെയ്യപ്പെടുന്നു. അപകടകരമായ അവസ്ഥയാണിത്‌. 
പുതിയ ദേശീയ വിദ്യാഭ്യാസനയത്തിൽ എതിർക്കപ്പെടേണ്ട നിരവധി വ്യവസ്ഥകളുണ്ട്‌. സംസ്ഥാനങ്ങൾക്കുള്ള അധികാരം ഇല്ലാതാക്കുകയാണ്‌. വിദ്യാഭ്യാസ മേഖല പൂർണമായും കച്ചവടവൽക്കരിക്കുന്നു. തെറ്റായ വിശ്വാസങ്ങൾ അടിച്ചേൽപ്പിക്കുന്നു. ഇതിനെതിരെ പ്രതിരോധമുയർത്താൻ മുന്നിലുള്ളത്‌ കേരളമാണ്‌. വിദ്യഭ്യാസരംഗത്ത്‌ ബദൽ മാതൃക സൃഷ്ടിക്കുന്ന സംസ്ഥാന സർക്കാർ നയങ്ങൾക്ക്‌ പിന്തുണ നൽകുകയെന്ന കടമയും വിദ്യാർഥി സമൂഹത്തിനുണ്ടെന്ന്‌ സച്ചിൻദേവ്‌ പറഞ്ഞു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top