29 March Friday

പഴുതടച്ച അന്വേഷണം

വെബ് ഡെസ്‌ക്‌Updated: Tuesday May 24, 2022

കൊല്ലം
വിസ്‌മയ കേസിൽ അന്വേഷകസംഘം നടത്തിയത്‌ കുറ്റമറ്റ അന്വേഷണം. വിസ്‌മയയെ ഭർത്താവ്‌ കിരൺകുമാറിന്റെ വീട്ടിലെ ശുചിമുറിയുടെ ജനാലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്‌ 2021 ജൂൺ 21ന്‌ പുലർച്ചെ 3.30നാണ്‌. അടുത്തദിവസം തന്നെ വിസ്‌മയയുടെ കുടുംബം അന്വേഷണം ആവശ്യപ്പെട്ടു. തുടർന്ന്‌ കിരൺകുമാറിനെ ശൂരനാട്‌ പൊലീസ്‌ കസ്റ്റഡിയില്‍ എടുത്ത്‌ വിശദമായ ചോദ്യംചെയ്യലിനുശേഷം അറസ്റ്റ്‌ രേഖപ്പെടുത്തി. സംഭവത്തെ അതീവ ഗൗരവമായിക്കണ്ട സർക്കാർ ഐജി ഹർഷിത അട്ടല്ലൂരിക്ക്‌ അന്വേഷണച്ചുമതല നൽകി. കേസന്വേഷണത്തിനായി കൊട്ടാരക്കര റൂറൽ എസ്‌പി കെ ബി രവിയുടെ മേൽനോട്ടത്തിൽ ശാസ്‌താംകോട്ട ഡിവൈഎസ്‌പി പി രാജ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘത്തെ നിയോഗിച്ചു.  സാക്ഷികളില്ലാത്ത കേസിൽ ശാസ്‌ത്രീയ തെളിവുകളായിരുന്നു ആശ്രയം. കിടപ്പുമുറിയിലുണ്ടായിരുന്ന വസ്‌തുക്കൾ, അടയാളങ്ങൾ, മൊബൈൽ ഫോൺ സംഭാഷണങ്ങൾ, വാട്‌സാപ് സന്ദേശങ്ങൾ, ജൂൺ 21ന്‌ പുലർച്ചെ വിസ്‌മയയെ എത്തിച്ച ശാസ്‌താംകോട്ട പത്മാവതി ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ തുടങ്ങിയവ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. കോടതിക്ക് മുമ്പാകെ പരമാവധി ഡിജിറ്റൽ തെളിവുകൾ അന്വേഷകസംഘം ഹാജരാക്കി. സ്ത്രീധനമായി ലഭിച്ച കാറിന്റെ പേരിൽ കിരൺകുമാറിൽനിന്ന്‌ വിസ്‌മയ നേരിട്ട മാനസികവും ശാരീരികവുമായ പീഡനങ്ങൾക്കും നിരന്തരം വഴക്കിട്ടതിനും ശാസ്ത്രീയ തെളിവുകൾ ഹാജരാക്കിയത്‌ കേസിന്‌ പിൻബലമായി. പീഡനം തുടർന്നാൽ ജീവിതം അവസാനിപ്പിക്കുമെന്ന്‌ പലവട്ടം ഭർത്താവിനു മുന്നറിയിപ്പു നൽകിയ വിസ്‌മയ താൻ അനുഭവിക്കുന്ന എല്ലാ ബുദ്ധിമുട്ടും അമ്മയെയും സഹോദരനെയും സുഹൃത്തുക്കളെയും സഹപാഠികളെയും വാട്‌സാപ്‌ സന്ദേങ്ങളിലൂടെ അറിയിച്ചിരുന്നു. കിരണിന്റെ സഹോദരി കീർത്തിയോട്‌ രക്ഷിക്കണമെന്ന്‌ അഭ്യർഥിക്കുന്ന വിസ്‌മയയുടെ വാട്‌സാപ്‌ ചാറ്റും അന്വേഷകസംഘം കോടതിയിൽ ഹാജരാക്കി. ഇതെല്ലാം പ്രതിയുടെ കുരുക്ക്‌ മുറുക്കി. വിസ്‌മയ പഠിച്ച പന്തളം എൻഎസ്‌എസ്‌ ആയുർവേദ കോളേജിനു സമീപത്ത് വിസ്‌മയയുമായി കിരൺകുമാർ വഴക്കിട്ടതിന്റെ തെളിവും ലഭിച്ചു. 2020 ആഗസ്‌ത്‌ 29ന്‌ കാർ യാത്രയ്‌ക്കിടെ കിഴക്കേകല്ലടയിൽ കിരൺ വിസ്‌മയയുമായി വഴക്കിട്ടതിനും മർദനത്തിൽനിന്ന് രക്ഷപ്പെടാൻ വിസ്‌മയ സമീപത്തെ ഹോംഗാർഡിന്റെ വീട്ടിലേക്ക്‌ ഓടിക്കയറിയതിനും സാക്ഷിമൊഴികൾ നിർണായകമായി. 2021 ജനുവരി രണ്ടിന്‌ വിസ്‌മയയുടെ നിലമേലിലെ വീട്ടിലെത്തിയ കിരൺ കാറിന്റെ പേരിൽ വിസ്‌മയയുടെ അച്ഛനെ അസഭ്യം പറയുകയും സഹോദരൻ വിജിത്തിനെ മർദിക്കുകയും ചെയ്‌തിരുന്നു. സംഭവമറിഞ്ഞ്‌ എത്തിയ ചടയമംഗലം എസ്‌ഐയെ കിരൺ ഭീഷണിപ്പെടുത്തിയതിനും ശക്തമായ തെളിവുകളാണ്‌ അന്വേഷകസംഘം കുറ്റപത്രത്തിൽ നിരത്തിയത്‌. സംഭവം നടന്ന്‌ 80 ദിവസത്തിനകം കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. പ്രേസിക്യൂഷനുവേണ്ടി അഭിഭാഷകരായ നീരാവിൽ എസ് അനിൽകുമാർ, ബി അഖിൽ എന്നിവരും ഹാജരായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top