26 April Friday
കൊടുങ്ങല്ലൂർ ഭരണി

രൗദ്രഭാവത്തിൽ കാവ്‌: 
രേവതിവിളക്ക് തെളിഞ്ഞു

പി വി ബിമൽകുമാർUpdated: Friday Mar 24, 2023

കൊടുങ്ങല്ലൂർ ഭരണിക്കാവിലെ ജനത്തിരക്ക്

കൊടുങ്ങല്ലൂർ 
ഗോത്രതാളത്തിൽ കോമരങ്ങൾ നൃത്തമാടുന്ന കൊടുങ്ങല്ലൂർ കാവിൽ വ്യാഴം സന്ധ്യക്ക് രേവതിവിളക്ക് തെളിഞ്ഞു. തന്നാരം പാട്ടിന്റെ മുറുകിയ താളത്തിനൊപ്പമാണ് വടക്കേ നടയിലെ ദീപസ്തംഭത്തിൽ  രേവതിവിളക്ക് തെളിയിച്ചത്. കാളി -–- ദാരിക യുദ്ധത്തിൽ ദാരികന്റെ തലയറുത്ത് വീഴ്ത്തുന്ന നിമിഷത്തിലാണ് രേവതിവിളക്ക് തെളിയിക്കുന്നതെന്നാണ് ഐതിഹ്യം. പതിവില്ലാത്ത രീതിയിൽ ഇത്തവണ സ്‌ത്രീകളും കൂട്ടമായി കാവിലെത്തുന്നു. കോമരങ്ങളായും തന്നാരം പാട്ടുകാരായും ഇവർ കാവാകെ ചുവടുവയ്ക്കുന്നു. രേവതിവിളക്ക് ദർശിച്ചതോടെ കാവുതീണ്ടാനുള്ള കാത്തിരിപ്പിലാണ്  ജനസഞ്ചയം. വെള്ളി പകൽ 3.30നാണ് കൊടുങ്ങല്ലൂർ ഭരണി മഹോത്സവത്തിലെ പ്രധാന ചടങ്ങായ അശ്വതി കാവുതീണ്ടൽ.
ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം  അസി. കമീഷണർ സുനിൽ കർത്ത പറഞ്ഞു. കൊടുങ്ങല്ലൂർ വലിയ തമ്പുരാനും പരിവാരങ്ങളും ഇതിനായി കോട്ട കോവിലകത്തെത്തി.  തൃച്ചന്ദനച്ചാർത്ത് പൂജ തീർന്ന് അടികൾ പുറത്തിറങ്ങുന്നതോടെ തമ്പുരാനും പരിവാരങ്ങളും കിഴക്കേ നടയിലെ നിലപാട് തറയിലെത്തും. തമ്പുരാൻകാവ് തീണ്ടാൻ അനുവാദം നൽകും.  കൊടുങ്കാറ്റുപോലെ പതിനായിരങ്ങൾ ക്ഷേത്രത്തിനു ചുറ്റും മൂന്നുവട്ടം കുതിച്ചു പാഞ്ഞ് അശ്വതി കാവു തീണ്ടും. പാലക്കവേലനാണ് ആദ്യമായി കാവുതീണ്ടുക. 
തുടർന്ന് തെയ്യവും തിറയും  മുടിയാട്ടവും ഉൾപ്പെടെ വിവിധ കലാരൂപങ്ങൾ കാവിൽ നിറഞ്ഞാടും. ശനിയാഴ്ച അരയ സമുദായക്കാരുടെ താലി വരവും  വരിയരിപ്പായസ നിവേദ്യവുമായി കൊടുങ്ങല്ലൂർ ഭരണി  സമാപിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top