25 April Thursday
ബുധനാഴ്ച മുതല്‍ പാലത്തിലൂടെ പരീക്ഷണാടിസ്ഥാനത്തില്‍ വാഹനങ്ങള്‍ കടത്തിവിടും

ന​ഗരൂര്‍ പാലം ഉദ്‌ഘാടനം ഏപ്രിലിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 24, 2023

നിർമ്മാണം ഏതാണ്ട് പൂർത്തീകരിച്ച് ബുധനാഴ്ച വാഹനങ്ങൾ കടത്തിവിടുന്ന ന​ഗരൂർ പാലം (ഫയൽ ചിത്രം)

കിളിമാനൂർ
ന​ഗരൂർ കൊടുവഴന്നൂർ റോഡിൽ പൊലീസ് സ്റ്റേഷന് സമീപം നിർമ്മിക്കുന്ന ന​ഗരൂർ പാലം നിർദ്ദിഷ്ട സമയത്തിനും മൂന്ന് മാസം മുമ്പേ പണി  പൂർത്തിയാകും.  18 മാസമാണ്  നിർമാണത്തിന്‌ നല്കിയ  സമയം, 2023 ജൂലായ്. എന്നാൽ എല്ലാ ജോലിയും തീർത്ത് ഏപ്രിലോടെ പാലത്തിന്റെ ഔദ്യോ​ഗിക ഉദ്ഘാടനം നടത്താനാണ് പൊതുമരാമത്ത് വകുപ്പിന്റെ ലക്ഷ്യം. പരീക്ഷണാടിസ്ഥാനത്തിൽ ഈ പാലത്തിലൂടെ എല്ലാ വാഹനവും ബുധനാഴ്ച രാവിലെ 10 മുതൽ കടത്തിവിടുമെന്ന് ഒ എസ് അംബിക എംഎൽഎ അറിയിച്ചു. പാലത്തിന്റെ പെയിന്റിം​ഗ് പണിയും ടാറിം​ഗും മാത്രമാണ് ഇനിയുള്ളത്. ഈ ജോലിയും ഉടൻ പൂർത്തീകരിക്കുമെന്ന് പൊതുമരാമത്ത് റോഡ്സ് വിഭാ​ഗം അസി. എഞ്ചിനീയർ അരവിന്ദ്അറിയിച്ചു. 
ഈ റോഡിൽ മുമ്പുണ്ടായിരുന്ന  പാലം കാലപഴക്കമുള്ളതും ഇടുങ്ങിയതുമായിരുന്നു. തുടർന്നാണ്  തിരക്കേറിയ ഈ റോഡിൽ എംഎൽഎയുടെ നേതൃത്വത്തിൽ പുതിയ പാലം യാഥാർഥ്യമാക്കാൻ പ്രവർത്തനം ആരംഭിച്ചത്‌. കരീത്തോടിന് കുറുകെ തോടിന്റെ ഒഴുക്കിനെ ഒട്ടും ബാധിക്കാത്ത രീതിയിൽ സിം​ഗിൾ സ്പാനിലാണ് 19.5 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലും  പാലം പണിതിരിക്കുന്നത്. ഇരുവശത്തും ഒന്നരമീറ്റർവീതം ഫുട്പാത്തും വാഹനങ്ങൾ പോകാൻ  7.5 മീറ്റർ  ക്യാരേജും നല്കി. 3കോടി രൂപ ചെലവിലാണ് പാലം നിർമ്മിച്ചത്. കരാറുകാരനായ ശ്രീകുമാറാണ്‌ പാലം പണിയേറ്റെടുത്തത്.
അതേ സമയം, പൊയ്കക്കടക്ക് സമീപമുള്ള പഴയ ചെറുക്കാരം പാലം പൊളിച്ച് പുതിയത്‌  നിർമ്മിക്കും. ഫെബ്രുവരി , ആദ്യവാരത്തോടെ പൊളിക്കും.  ഒരു വർഷത്തിനകം പുതിയ പാലം പണിയും. ചെറുക്കാരം പാലം പൊളിക്കുന്നതോടെ വാഹന ​ഗതാ​ഗതം ന​ഗരൂർ പാലം വഴി കൊടുവഴന്നൂർ പൊയ്കക്കടക്ക് പോയി അവിടെ നിന്ന് മരോട്ടിക്കടവ് പാലം വഴി പുളിമാത്ത് എത്തി കാരേറ്റ് പോകുന്ന രീതിയിലും തിരിച്ചുമായിരിക്കും  ക്രമീകരിക്കുക.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top