24 April Wednesday

മൂലമറ്റം വൈദ്യുത നിലയം

വെബ് ഡെസ്‌ക്‌Updated: Monday Jan 24, 2022

കേരളത്തിന്റെ ഊർജക്ഷേത്രം

മൂലമറ്റം 
കേരളത്തിന്റെ ഊർജക്ഷേത്രമെന്നാണ് മൂലമറ്റം വൈദ്യുത നിലയത്തെ വിശേഷിപ്പിക്കുന്നത്. സംസ്ഥാനത്തിനുവേണ്ട ആകെ വൈദ്യുതിയുടെ മൂന്നിലൊന്നുവരെ മൂലമറ്റത്തുനിന്നാണ് ഉൽപ്പാദിപ്പിക്കുന്നത്. പ്രതിവർഷം 2,398 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള കെഎസ്ഇബിയുടെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയാണിത്‌. ഇടുക്കിയുടെ  സുവർണജൂബിലി വർഷത്തിൽ മൂലമറ്റം വൈദ്യുതനിലയത്തിലെ ഇന്നുവരെയുള്ള ഉൽപ്പാദനം 10,4661 ദശലക്ഷം യൂണിറ്റാണ്.  
പദ്ധതി നിർമാണം
നിലയത്തിൽ സ്ഥാപിച്ചിരിക്കുന്ന ജനറേറ്ററുകളുടെ ഹെഡ് നിർമാണത്തിന് 110 കോടിയാണ് ഒന്നാംഘട്ടത്തിന്റെ മുതൽമുടക്ക്. നിലയം നിർമിക്കാൻ കനേഡിയൻ സർക്കാർ ദീർഘകാല വായ്പ അനുവദിച്ച് 1967ൽ ഇന്ത്യയുമായി കരാർ ഒപ്പുവച്ചു. എസ്എൻസി ലാവ്‌ലിൻ ആണ് പദ്ധതിയുടെ കൺസൽട്ടന്റ്. പൂർത്തിയായ അണക്കെട്ടിൽ 1973 ഫെബ്രുവരിയിൽ ജലം സംഭരിക്കാൻ തുടങ്ങി. ആദ്യ ട്രയൽറൺ 1975 ഒക്ടോബർ നാലിന് നടന്നു. മൂലമറ്റം ഭൂഗർഭ പവർഹൗസിനു മുന്നിൽ ഒരുക്കിയ വിശാലമായ മൈതാനത്ത് ജനം നിറഞ്ഞുനിന്ന നിമിഷം. 1976 ഫെബ്രുവരി 12ന് രാവിലെ ഒമ്പത്. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സമ്മേളനവേദിയിലെ ബട്ടൺ അമർത്തിയതോടെ ഇടുക്കി പദ്ധതി യാഥാർഥ്യമായി.
തുരങ്കം ഉറപ്പിച്ച് മാപ്പിള ഖലാസികൾ
കുളമാവ് മുതൽ മൂലമറ്റം വരെയുള്ള നിലയം പൂർണമായി ഭൂമിക്കുള്ളിൽ പാറ തുരന്നുണ്ടാക്കിയതാണ്. വിവിധ സംസ്ഥാനങ്ങളിൽനിന്ന് ആയിരത്തിലേറെ പേർ ജോലിക്കെത്തി.  രാജ്യത്താദ്യമായി പാറകൾ അടർന്നുവീഴാതെ റോക് ബോൾട്ട് സംവിധാനംചെയ്‌തത്‌ മാപ്പിള ഖലാസികളാണ്. 
ഉൽപ്പാദനവും വിതരണവും 
കുളമാവ് അണക്കെട്ടിനു സമീപം സ്ഥാപിച്ചിരിക്കുന്ന മോണിങ് ഗ്ലോറി ഇൻടേക് ടവർ വഴിയാണ് വെള്ളം നിലയത്തിൽ എത്തുന്നത്. ഇത് പൂർണമായും ജലാശയത്തിനകത്താണ്. ടണൽ വഴി വെള്ളം കൺട്രോൾ ഷാഫ്റ്റിലെത്തി ഇവിടെനിന്ന്‌ സർജ് ഷാഫ്റ്റിലെത്തും. നാടുകാണി മലയുടെ സമീപമുള്ള ബട്ടർഫ്ലൈ വാൽവുകൾ വഴി, ഭൂമിക്കടിയിലുള്ള രണ്ട് പെൻസ്റ്റോക്കുകളിലൂടെ മൂലമറ്റം വൈദ്യുതി നിലയത്തിലെത്തും. സ്‌പെറിക്കൽ വാൽവിൽനിന്ന്‌ എത്തുന്ന വെള്ളം ജനറേറ്ററുകളിൽ സ്ഥാപിച്ചിരിക്കുന്ന ടർബൈനുകൾ കറക്കും. ഇങ്ങനെ മൂലമറ്റം നിലയത്തിൽ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി, ഓയിൽ നിറച്ച 220 കെവി കേബിൾ വഴിയാണ് സ്വിച്ച് യാർഡിലെത്തുന്നത്. ഇവിടെനിന്ന് ആറ് 220 കെവി ഫീഡർവഴി വൈദ്യുതി എത്തിക്കും. രണ്ട് ഫീഡറുകൾ കളമശേരിക്ക്‌, രണ്ട് ലൈനുകൾ ലോവർ പെരിയാർ, ന്യൂപള്ളത്തിനും ഉദുമൽപേട്ട(അന്തർസംസ്ഥാന വൈദ്യുതി ലൈൻ)യ്‌ക്കും ഓരോ ലൈൻ എന്നിവയാണുള്ളത്. തുടക്കത്തിൽ ഇവിടെനിന്ന്‌ മൈസൂരുവിനു വൈദ്യുതി ലൈൻ സ്ഥാപിച്ചിരുന്നു. വൈദ്യുതി ക്ഷാമം വന്നതോടെ മൈസൂരുവിലേക്കുള്ള വിതരണം നിർത്തി തൃശൂർ മാടക്കത്തറ വരെയാക്കി.
ചരിത്രത്തിലെ കറുത്ത പാടുകൾ
കാൽനൂറ്റാണ്ടിനിടെ ഒട്ടേറെ അപകടങ്ങളാണ് മൂലമറ്റം പവർഹൗസിലുണ്ടായത്. 2011 ജൂൺ 20ന് പവർഹൗസിലെ ജനറേറ്റിങ് സിസ്റ്റത്തിലുണ്ടായ പൊട്ടിത്തെറിയിൽ നഷ്‌ടമായത് വനിതാ അസിസ്‌റ്റന്റ് എൻജിനിയർ മെറിൻ ഐസക്, സബ് എൻജിനിയർ കെ എസ് പ്രഭ എന്നിവരുടെ ജീവൻ. 1986 ഫെബ്രുവരി 16ന് മൂലമറ്റം പവർഹൗസിൽ ആദ്യ തീപിടിത്തം. മൂലമറ്റം പവർഹൗസിൽ സ്വിച്ച് യാർഡിലേക്കുള്ള ഇൻസ്‌ട്രുമെന്റ് ട്രാൻസ്‌ഫോമർ പൊട്ടിത്തെറിച്ചത് 1996 ഒക്‌ടോബർ 22ന്‌ പുലർച്ചെയായിരുന്നു. മൂലമറ്റം പവർഹൗസിലെ ആറു ജനറേറ്ററുകളിൽ ഒന്നിന്റെ കറന്റ് ട്രാൻസ്‌ഫോമർ കത്തിയത് 2002 മേയ് മൂന്നിന്‌. 2005 സെപ്‌തംബർ അഞ്ചിന് മൂലമറ്റം പവർ ഹൗസിനോട് അനുബന്ധിച്ചുള്ള സ്വിച്ച് യാർഡിൽ ഉണ്ടായ സ്‌ഫോടനത്തിൽ കറന്റ് ട്രാൻസ്‌ഫോമർ കത്തിനശിച്ചു. 2020 ജനുവരിയിൽ ആറാം നമ്പർ ജനറേറ്ററിന്റെ അനുബന്ധ ഭാഗത്താണ് പൊട്ടിത്തെറിയുണ്ടായത്. ഇതിന് ഒരാഴ്ചമുമ്പാണ്‌ രണ്ടാം നമ്പർ ജനറേറ്ററിനു സമീപം പൊട്ടിത്തെറിയുണ്ടായത്.
 
85 പേരുടെ സ്മാരകം
വൈദ്യുതി നിലയത്തിന്റെ ഒന്നാംഘട്ടം പൂർത്തിയായപ്പോൾ 85 പേരാണ് മരിച്ചത്. ഇവരുടെ ഓർമയ്ക്കായി വൈദ്യുതി നിലയത്തിന്റെ പ്രവേശന കവാടത്തിൽ രക്തസാക്ഷി മണ്ഡപം സ്ഥാപിച്ചു. പേരുകൾ മണ്ഡപത്തിൽ എഴുതിയിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top