27 September Wednesday

കുഞ്ഞുങ്ങൾക്ക്‌ 
കരുതലേകാൻ ‘കളിവീട്‌’

വെബ് ഡെസ്‌ക്‌Updated: Wednesday Nov 23, 2022

മികച്ച തലമുറയെ രൂപപ്പെടുത്താൻ കളിവീട്‌ 
ഒരുക്കുന്നത്‌ ആരോഗ്യവകുപ്പും 
ആരോഗ്യകേരളവും

 
മലപ്പുറം
കുട്ടികൾക്ക്‌ പിടിവാശിയും വിമുഖതയും ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളുണ്ടോ?. ഉത്കണ്ഠ വേണ്ട. കുഞ്ഞുങ്ങളുടെ മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകി മികച്ച തലമുറയെ വാർത്തെടുക്കാൻ ‘കളിവീട്‌’ പദ്ധതി ഒരുക്കുകയാണ്‌ ആരോഗ്യ വകുപ്പും ആരോഗ്യകേരളം മലപ്പുറവും. ജില്ലാ മെന്റൽ ഹെൽത്ത് യൂണിറ്റിന്റെ സഹകരണത്തോടെയാണ്‌ കളിവീട്‌ ഒരുക്കുന്നത്‌. കഴിവുകൾ തിരിച്ചറിയാനും ജീവിതപ്രയാസങ്ങളെ  നേരിടുവാനും അതു വഴി ഫലപ്രദമായ  സാമൂഹികജീവിതം നയിക്കാനും കുട്ടികളെ പ്രാപ്‌തമാക്കുകയാണ്‌ ലക്ഷ്യം. 
മാനസികരോഗങ്ങൾ കണ്ടുവരുന്നത്‌ 14 വയസ്സിനു മുമ്പാണെന്ന്‌ പഠനങ്ങൾ തെളിയിക്കുന്നു. ഈ പ്രായത്തിൽ കുഞ്ഞുങ്ങളിലെ മാനസിക ബുദ്ധിമുട്ടുകൾ മനസിലാക്കി പരിഹാരം കണ്ടെത്താനും കൃത്യമായ മാർഗനിർദേശം നൽകാനും കളിവീടിലൂടെ സാധിക്കും.  
 

കുഞ്ഞുങ്ങൾക്ക്‌ 
പിടിവാശിയുണ്ടോ? 

കുട്ടികളെ  നല്ലതും ചീത്തയും തിരിച്ചറിഞ്ഞ്‌ നല്ല വ്യക്തിത്വമുള്ളവരാക്കാൻ കളിവീട്‌ ലക്ഷ്യമിടുന്നു. വളർച്ചാഘട്ടത്തിൽ മികച്ച കരുതൽ നൽകാനാണ്‌ ആരോഗ്യവകുപ്പ്‌ ഉദ്ദേശിക്കുന്നത്‌. അമിതമായ പിടിവാശി, സ്വഭാവത്തിലെ വ്യതിയാനങ്ങൾ, സ്വയം മുറിപ്പെടുത്താനുള്ള പ്രവണത, മറ്റുള്ളവരോട്‌ ഇടപെടാനുള്ള വിമുഖത,  സംസാരത്തിലും ആശയവിനിമയത്തിലുമുള്ള അപാകം, അടങ്ങിയിരിക്കൽ, ശ്രദ്ധയില്ലായ്മ, ഉറക്കക്കുറവ്‌, സാമൂഹ്യമാധ്യമങ്ങളോടും ഇലക്‌ട്രോണിക്‌സ്‌ ഉപകരണങ്ങളോടുമുള്ള അമിത താൽപ്പര്യം, മറ്റു മാനസിക പ്രശ്‌നങ്ങളായ ഓട്ടിസം, ഉന്മാദം, വിഷാദം, ബുദ്ധിമാന്ദ്യം, ചിത്തഭ്രമം, പഠനവൈകല്യങ്ങൾ എന്നിവ തുടക്കത്തിലേ കണ്ടെത്തി കൗൺസലിങ് തെറാപ്പി, മരുന്നു ചികിത്സ എന്നിവ ലഭ്യമാക്കും. 

എല്ലാം സുസജ്ജം 

മരുന്ന്, വിദ്യാഭ്യാസം, കുടുംബം, മനസ് എന്നിവയെയെല്ലാം കൂട്ടിച്ചേർത്തുള്ള സമഗ്ര ചികിത്സാരീതിയാണ് നടപ്പാക്കുക. ചികിത്സയെക്കുറിച്ചുള്ള വിവരങ്ങൾ, രക്ഷിതാക്കൾക്കുള്ള മനഃശാസ്ത്രപരമായ നിർദേശങ്ങൾ, സ്‌കൂൾ അധികൃതരുമായുള്ള ചർച്ച, പഠന സഹായം എന്നിവ ഇതിലുൾപ്പെടുന്നു. ചൈൽഡ് സൈക്യാട്രി വിദഗ്‌ദൻ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സോഷ്യൽ വർക്കർ, കൗൺസലർ എന്നിവരുടെ സേവനം ലഭ്യമാകും. ആശമാർ, അങ്കണവാടി ജീവനക്കാർ, കുടുംബശ്രീ, വിദ്യാഭ്യാസവകുപ്പ്, ഐസിഡിഎസ്, വിമൻ ആൻഡ് ചൈൽഡ്, സോഷ്യൽ സെക്യൂരിറ്റി മിഷൻ തുടങ്ങിയവയുമായി ചേർന്നാണ്‌ പ്രവർത്തനം.   
 

ചൊവ്വമുതൽ 
വ്യാഴംവരെ

മാസത്തിലെ ആദ്യ ചൊവ്വാഴ്‌ച രാവിലെ 10 മുതൽ ഒന്നുവരെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രി, ബുധൻ പൊന്നാനി താലൂക്ക് ആശുപത്രി, വ്യാഴം അരീക്കോട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ക്ലിനിക്‌ പ്രവർത്തിക്കും. രണ്ടാമത്തെ ചൊവ്വ തൃപങ്ങോട് എഫ്എച്ച്സി, ബുധൻ വളവന്നൂർ സിഎച്ച്സി, വ്യാഴം മലപ്പുറം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലും മൂന്നാമത്തെ ചൊവ്വ കൊണ്ടോട്ടി താലൂക്ക് ആശുപത്രി, ബുധൻ മേലാറ്റൂർ സിഎച്ച്സി, വ്യാഴം വ്യാഴം വേങ്ങര സിഎച്ച്സി എന്നിവിടങ്ങളിലും നാലാമത്തെ ചൊവ്വ മങ്കട സിഎച്ച്സി, ബുധൻ മാറഞ്ചേരി സിഎച്ച്സി, വ്യാഴം പൂക്കോട്ടൂർ സിഎച്ച്സി, അഞ്ചാമത്തെ ചൊവ്വ കുറ്റിപ്പുറം താലൂക്കാശുപത്രി, ബുധൻ തൃക്കണാപുരം സിഎച്ച്സി, വ്യാഴം ഓമാനൂർ സിഎച്ച്സി എന്നിവിടങ്ങളിലും ക്ലിനിക്കിന്റെ സേവനം ലഭ്യമാവും.

 

ലോഗോ റെഡി

‘കളിവീട്' ലോഗോ ഡിഎംഒ  ആർ രേണുകയ്ക്ക് നൽകി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ പ്രകാശിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മയിൽ മൂത്തേടം, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ടി എൻ അനൂപ്,  മാസ്‌മീഡിയ ഓഫീസർ പി രാജു, മെന്റൽ ഹെൽത്ത് പ്രോഗ്രാം നോഡൽ ഓഫീസർ മർവ കുഞ്ഞീൻ എന്നിവർ പങ്കെടുത്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top