29 March Friday
- സ്വപ്‌നം പൊലിയുമോ...

ടൗൺ നവീകരണം: 
വികസന സ്വപ്‌നങ്ങൾക്ക്‌ നിറം മങ്ങൽ

വെബ് ഡെസ്‌ക്‌Updated: Saturday Oct 23, 2021

ആവശ്യത്തിന്‌ വീതി കൂട്ടാതെ കൽപ്പറ്റ ടൗണിൽ ആനപ്പാലത്തിന്‌ സമീപം നടക്കുന്ന പ്രവൃത്തി

കൽപ്പറ്റ
 കൽപ്പറ്റക്കാരുടെ സ്വപ്‌നപദ്ധതിയായ ടൗൺ നവീകരണത്തിനു മേൽ കരിനിഴൽ വീഴ്‌ത്തുന്ന നഗരസഭയുടെ ഇടപെടലുകൾ വിവാദമാവുന്നു. മുൻ എൽഡിഎഫ്‌ ഭരണസമിതിയുടെ കാലത്ത്‌ സംസ്ഥാന സർക്കാരിന്റെയും എംഎൽഎ ഫണ്ടിന്റെയും സഹകരണത്തോടെ തുടക്കമിട്ട പദ്ധതിയാണ്‌ അവസാനഘട്ടത്തിലേക്ക്‌  കടക്കുമ്പോൾ  നിറം മങ്ങുന്നത്‌. 
   ഇടുങ്ങിയ റോഡുകൾ വീതികൂട്ടിയും  പൊട്ടിപ്പൊളിഞ്ഞ നടപ്പാതകളും   മണ്ണ്‌ നിറഞ്ഞ്‌ കിടന്നിരുന്ന ഓവുചാലുകളും നവീകരിച്ചും നഗരത്തിന്റെ മുഖം മാറുന്നതിനിടയിലാണ്‌ പുതിയ യുഡിഎഫ്‌ ഭരണസമിതി അധികാരത്തിലേറുന്നത്‌.  ഭരണത്തിലേറി പത്ത്‌ മാസം പിന്നിട്ടിട്ടും പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ ഭരണസമിതി വീഴ്‌ചവരുത്തുകയാണെന്നാണ്‌  പരക്കെ ആരോപണം. വിട്ടുകിട്ടിയ സ്ഥലം പോലും ഉപയോഗപ്പെടുത്താതെ ഭരണസമിതിയിലെ സ്വന്തക്കാർക്ക്‌  സ്ഥലമെടുപ്പിൽ ഇളവ്‌ നൽകിയും വികസനം തടസ്സപ്പെടുകയാണെന്ന്‌  ‌ പ്രതിപക്ഷ അംഗങ്ങൾ പറഞ്ഞു.
      ഒന്നാം ഘട്ടത്തിൽ എൽഡിഎഫ്‌ ഭരണസമിതിയുടെ കാലത്ത്‌ കൽപ്പറ്റ പൊലിസ്‌ സ്‌റ്റേഷൻ  പരിസരം മുതൽ പഴയ ബസ്‌സ്‌റ്റാൻഡ്‌ വരെ  ഓവുചാൽ, ഫുട്പാത്ത്, ഇന്റർലോക്ക്, കൈവരി സ്ഥാപിക്കൽ എന്നിവയെല്ലാം പൂർത്തിയായിരുന്നു. ഇരുഭാഗങ്ങളിലും ദേശീയപാത വകുപ്പിന്‌ അവകാശപ്പെട്ട സ്ഥലത്ത്‌  അനധികൃതമായി ഉണ്ടായിരുന്ന കെട്ടിടങ്ങളും മതിലുകളും പൊളിച്ചുനീക്കി കൃത്യമായ ഇടപെടലുകൾ നടത്തിയായിരുന്നു വികസനം. 
   രണ്ടാം ഘട്ട പ്രവൃത്തിയുടെ ഭാഗമായി അയ്യപ്പക്ഷേത്രം മുതൽ പഴയ ബസ്‌ ‌സ്‌റ്റാൻഡ്‌ വരെയുള്ള റോഡിന്‌  എതിർവശത്ത്‌ ഓവുചാൽ നിർമിച്ച്‌ സ്ലാബുകൾ പണിത്‌ തുടങ്ങിയിരുന്നു. എന്നാൽ പുതിയ ഭരണസമിതി അധികാരമേറ്റശേഷം പണി വേഗത്തിലാക്കുന്നതിന്‌ പകരം പലയിടങ്ങളിലും റോഡിന്റെ വീതി കൂറയ്‌ക്കുന്ന സമീപനമാണ്‌ സ്വീകരിച്ചതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.  നവീകരണപ്രവൃത്തിൽ  നഗരസഭാ അധികൃതർ സ്വജനപക്ഷപാതം കാണിക്കുകയാണെന്ന്‌ വ്യാപാരികളും അഭിപ്രായപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top