വർക്കല
ശ്രീനാരായണ ഗുരുവിന്റെ 96–--ാമത് മഹാസമാധി ദിനാചരണം ശിവഗിരിയിലും ശാഖാ സ്ഥാപനങ്ങളിലും വിപുലമായി ആചരിച്ചു. ശിവഗിരിയില്‍ വെള്ളി പുലര്‍ച്ചെ അഞ്ചിന് വിശേഷാല്‍ പൂജ, പ്രഭാഷണം എന്നിവ നടന്നു. രാവിലെ 10ന് ആരംഭിച്ച മഹാസമാധി സമ്മേളനം മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനംചെയ്തു. മന്ത്രി വീണാ ജോര്‍ജ് മുഖ്യാതിഥിയായി. ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷനായി.
ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ, സ്വാമി സൂക്ഷ്മാനന്ദ എന്നിവര്‍ സംസാരിച്ചു. എ വി അനൂപിനെ (എവിഎ ഗ്രൂപ്പ്) ആദരിച്ചു. മിസോറം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, ചാണ്ടി ഉമ്മന്‍ എംഎല്‍എ, വർക്കല നഗരസഭ ചെയര്‍മാന്‍ കെ എം ലാജി, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്‌മിത സുന്ദരേശന്‍, വർക്കല കഹാർ, സ്വാമി ബോധിതീർഥ എന്നിവര്‍ സംസാരിച്ചു.
ഗുരു നാടിനെ മനുഷ്യാലയമാക്കി: സജി ചെറിയാൻ
വർക്കല
ശ്രീനാരായണ ഗുരു സമൂഹത്തിന് വെളിച്ചം പകർന്ന മഹത് വ്യക്തിത്വമെന്ന് മന്ത്രി സജി ചെറിയാൻ. ശിവഗിരിയിൽ ഗുരു മഹാസമാധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളം ഭ്രാന്താലയമാണെന്ന സ്വാമി വിവേകാനന്ദ വചനം ഉദ്ധരിച്ചായിരുന്നു സജി ചെറിയാന്റെ വാക്കുകൾ. ഭ്രാന്താലയ തുല്യമായിരുന്ന നാടിനെ മനുഷ്യാലയമാക്കി ലോകത്തിനു മുന്നിൽ തലയുയർത്തി നിൽക്കാൻ പ്രാപ്തമാക്കിയവരിൽ ഏറ്റവും പ്രധാനി ഗുരുവാണ്. ഗുരുവിന്റെ സംഭാവനകൾ ഒഴിച്ചുനിർത്തി കേരളത്തെ മനസ്സിലാക്കാൻ ആർക്കും സാധിക്കില്ല. ഒരു വിവേചനവും വിരോധവുമില്ലാത്ത സമൂഹമാണ് ശിവഗിരിയിലെത്തുന്നത്. വൈവിധ്യങ്ങളെ സ്വീകരിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. സർവമതങ്ങളും ഒന്നാണ് എന്ന ഗുരുദർശനം വർത്തമാനകാലത്തിന് ആവശ്യമാണ്.ഗുരുദർശനങ്ങൾ കേരളത്തിൽ പഠനവിഷയമാക്കണം. ഈയിടെ ദേവസ്വം മന്ത്രിക്ക് ക്ഷേത്ര പൂജാരിയിൽനിന്ന് നേരിട്ട ദുരനുഭവം ചൂണ്ടിക്കാട്ടിയ സ്വാമി സച്ചിദാനന്ദയെ മന്ത്രി അഭിനന്ദിച്ചു.
ശിവഗിരിയിലെ സന്യാസിമാർ സമകാലീന വിഷയങ്ങളെ വിലയിരുത്തുന്നവരും ഫലപ്രദമായ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവരുമാണെന്നതിൽ അഭിമാനിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
ലോകത്തിന്
ലഭിച്ച
മഹാവെളിച്ചം: മന്ത്രി
വർക്കല
ശ്രീനാരായണ ഗുരു ലോകത്തിന് ലഭിച്ച മഹാവെളിച്ചമാണെന്ന് മന്ത്രി വീണാ ജോർജ്. ശിവഗിരിയിൽ നടന്ന 96–--ാമത് ശ്രീനാരായണ ഗുരു മഹാസമാധി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നമ്മുടെ മുന്നിലുള്ള വിസ്മയമാണ് ശ്രീനാരായണ ഗുരു. ഇപ്പോഴും തൊട്ടുകൂടായ്മ നിലനിൽക്കുന്നു എന്നത് ആപൽക്കരമാണ്. ഇതിനെ ശക്തമായി ചെറുക്കണം. സമാധിയെന്നത് ഒരു മഹാലയനമാണ്. അത് സാധ്യമാകുന്നത് കർമ്മ ശുദ്ധിയിലൂടെയാണ്. നാം വലിച്ചെറിഞ്ഞ ജാതി ചിന്തകൾ തിരിച്ചുവരുന്നതിനെ നമ്മൾ ചെറുത്തുതോൽപ്പിച്ചേ മതിയാകൂവെന്നും മന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..