കണ്ണൂർ
തീരെ വഴിമുട്ടിപ്പോയാലാണ് ജീവിതം തുലാസിലാണെന്ന് പണ്ട് പറയാറ്. ഇപ്പോഴത് പറയാൻ തുലാസിനെ പുതുതലമുറയ്‌ക്ക് പരിചയവുംകാണില്ല. തുലാസിലെ (ത്രാസിലെ) സൂചിനോക്കി നെറ്റി ചുളിക്കുന്ന ഇന്നലെകളിൽനിന്നുമാറി കടകളിൽ ഡിജിറ്റൽ തൂക്കത്തിന്റെ കാഴ്‌ചകളായി.
ഇലക്‌ട്രോണിക്‌സ് തൂക്ക ഉപകരണങ്ങളാണ് കടകളിലെ പ്രധാന ‘കേന്ദ്രം’ ആയിരുന്ന ത്രാസുകളെ പിന്നോട്ടുവലിച്ചത്. രണ്ടുഭാഗത്തും ഒരേ അളവിൽ തൂങ്ങിക്കിടക്കുന്ന തട്ടുകളോടെയാണ് ത്രാസിന്റെ നിർമിതി. മുകളിലുള്ള സൂചിയാണ് അളവിലെ കൃത്യത നിർണയിച്ചിരുന്നത്. വിവിധ അളവിലുള്ള ഇരുമ്പ് തൂക്കക്കട്ടികൾ സാധനങ്ങളുടെ അളവ് കണക്കാക്കാനുണ്ടാകും. ഗ്രാമങ്ങളിലും മറ്റുമുള്ള കടകളിൽ പരമാവധി അഞ്ചുകിലോ വരെയുള്ള തൂക്കക്കട്ടികളാണ് ഉപയോഗിച്ചിരുന്നത്. സാധാരണ കടകളിൽനിന്ന് വ്യത്യസ്‌തമായി റേഷൻ കടകളിലും മറ്റും വലിയ ത്രാസുകളും ഉപയോഗിച്ചു. എല്ലാ വർഷവും അളവുതൂക്ക നിയമ പ്രകാരം ഓഫീസുകളിൽ ഹാജരാക്കി ത്രാസുകളും തൂക്കക്കട്ടികളും സീൽ ചെയ്‌തിരുന്നു. തേയ്‌മാനംമൂലം അളവിൽ കുറവ് വരുന്നത് ഒഴിവാക്കാനാണ് ഇത്.
വ്യാപകമായി ഉപയോഗിക്കുന്ന ഇലക്‌ട്രോണിക്‌സ് ത്രാസുകൾക്കും സൂപ്പർ മാർക്കറ്റുകൾ വ്യാപകമായതോടെ പത്രാസ് കുറഞ്ഞു. നാട്ടിൻപുറങ്ങളിലെ കടകളിൽ മാത്രമാണ് ഇപ്പോൾ ഇലക്ട്രോണിക്‌സ് ത്രാസുകളുള്ളത്. പാക്കറ്റ് സാധനങ്ങൾ വ്യാപകമായതും ത്രാസുകളുടെ അനിവാര്യത ഇല്ലാതാക്കി. അപ്പപ്പോൾ തൂക്കി നൽകുന്ന രീതിയും പാടേ കുറഞ്ഞിട്ടുണ്ട്. നേരത്തെതന്നെ നിശ്‌ചിത അളവിൽ തൂക്കി പാക്കറ്റിലാക്കി വയ്‌ക്കുന്ന രീതിയാണ് പലയിടത്തും. സെറ്റ് ചെയ്‌തുവെച്ചാൽ വിലയടക്കം ദൃശ്യമാകുന്ന ത്രാസുകളും ഇപ്പോൾ ഭൂരിഭാഗം കടകളിലും ഉപയോഗിച്ചുതുടങ്ങി. നാട്ടിൻപുറങ്ങളിലെ അപൂർവം കടകളിൽ ഗതകാലപ്രൗഢിയുമായി പഴയ ത്രാസുകളുണ്ട്. ഇവയും സീൽ ചെയ്‌തുനൽകുന്നതിനാൽ അപൂർവം കച്ചവടക്കാർ ഇന്നും അവ ഉപയോഗിക്കുന്നു. സുഖത്തിലും ദുഃഖത്തിലും കൂടെ നിന്ന ചങ്ങാതിയെ കളയുന്നതെങ്ങിനെയെന്ന ബോധത്തോടെ സൂക്ഷിക്കുന്നവരുമുണ്ട്. നാടോടികളായ മീൻപിടിത്തക്കാർ മിക്ക കടകളിൽനിന്ന് ഇവ തുച്ഛവിലയ്‌ക്ക് വാങ്ങി ഉപയോഗിക്കുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..