26 April Friday

ആനചാടിക്കുത്ത്‌ 
പ്രകൃതിയുടെ ഇന്ദ്രജാലം

ജിതിൻ ബാബുUpdated: Thursday Sep 23, 2021

വണ്ണപ്പുറം ആനചാടിക്കുത്തിൽ അവധി ദിനം ആഘോഷിക്കാനെത്തിയ സഞ്ചാരികൾ ചിത്രം/ അപ്പു എസ്‌ നാരായണൻ

  

തൊടുപുഴ

കോവിഡ് നൽകിയ ഇടവേള അവസാനിച്ചിരിക്കുന്നു... അടച്ചിടലിന്റെ വിരസത മറികടക്കാൻ സഞ്ചാരികൾ വീണ്ടും മലയോര മണ്ണിനെ തേടിയെത്താൻ തുടങ്ങി. വിനോദസഞ്ചാരം വീണ്ടും സജീവമായതോടെ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളെല്ലാം വീണ്ടുമൊരുങ്ങി. ഒപ്പം പുറംലോകത്ത്‌ അധികമാരുമറിയാത്ത അനേകം ചെറുകേന്ദ്രങ്ങളും സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്‌. പ്രകൃതിയുടെ ഇന്ദ്രജാലം തീർത്ത്‌ പാറക്കെട്ടിൽ തീർത്ത വെള്ളിക്കൊലുസ്‌ പോലെ തെളിഞ്ഞ്‌ നിൽക്കുകയാണ്‌ ആനചാടിക്കുത്ത്‌. 

 തൊടുപുഴയിൽ നിന്നും 20 കിലോ മീറ്റർ അകലെ ഒളിഞ്ഞിരിക്കുന്ന കാട്ടാറിലേക്ക്‌ ഇന്ന്‌ സഞ്ചാരികളുടെ ഒഴുക്കാണ്‌. ദിനംപ്രതി നൂറുകണക്കിന്‌ പേരാണ്‌ ഇവിടേക്ക്‌ എത്തുന്നത്‌. മുണ്ടൻമുടിയിൽ നിന്നും ഉത്‌ഭവിക്കുന്ന നാലോളം കൈത്തോടുകൾ ചേർന്നാണ്‌ വെള്ളച്ചാട്ടം രൂപപ്പെടുന്നത്‌. ജൂൺ മുതൽ ഡിസംബർ വരെയാണ്‌ പ്രധാനമായും ഇവിടെ സഞ്ചാരികളെത്തുന്നത്‌  പ്രദേശത്ത്‌ കാലാനുസൃതമായ വികസനം കൊണ്ടുവന്നാൽ ടൂറിസം മേഖലയ്‌ക്ക്‌ തന്നെ കരുത്താകാൻ ആനചാടിക്കുത്തിന്‌ സാധിക്കും. വെള്ളച്ചാട്ടത്തിലേക്ക്‌ എത്താൻ നല്ലൊരു വഴിയില്ല എന്നതാണ്‌ പ്രധാന വെല്ലുവിളി.  വണ്ണപ്പുറം പഞ്ചായത്തും ഡിടിപിസിയും സജ്ജീകരണങ്ങൾ ഒരുക്കിയാൽ പുതിയ സംരഭങ്ങളും പ്രദേശവാസികൾക്ക്‌ തൊഴിലും ലഭിക്കും.
പതിയിരിപ്പുണ്ട്‌ അപകടം
ദിവസവും നിരവധി സഞ്ചാരികൾ എത്തുന്ന പ്രദേശമാണെങ്കിലും അപകടങ്ങൾ പതിയിരിക്കുന്ന ഇവിടം അധികൃതരുടെ ശ്രദ്ധയെത്തുന്നില്ലെന്ന ആക്ഷേപം നാട്ടുകാർക്കിടയിലുണ്ട്‌. അപകടം വിതയ്‌ക്കുന്ന കുത്തനെയുള്ള പാറക്കെട്ടുകളുള്ള ഇവിടം മുന്നറിയിപ്പ്‌ ബോർഡുകളോ സുരക്ഷാ കൈവരികളോ ഇല്ല. സഞ്ചാരികളെ നിയന്ത്രിക്കാൻ ആരുമില്ലാത്തതിനാൽ പാറക്കെട്ടിന്റെ അരികിൽ നിന്ന്‌ ചിത്രമെടുക്കാനും മറ്റും നിരവധി പേരാണ്‌ തയ്യാറാവുന്നത്‌. ഒന്ന്‌ ശ്രദ്ധ തെറ്റിയാൽ കുത്തനെയുള്ള പാറക്കെട്ടിലേക്കായിരിക്കും വീഴുക. പാറകളിൽ വഴുക്കലുള്ളതിനാൽ തെന്നി വീഴാനും സാധ്യതയുണ്ട്‌. വണ്ണപ്പുറം പഞ്ചായത്ത്‌ ഭരണസമിതി ഇക്കാര്യത്തിൽ കൂടുതൽ പരിഗണന നൽകണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം. സമീപത്തെ തൊമ്മൻകുത്ത്‌ വെള്ളച്ചാട്ടത്തിൽ കരിമണ്ണൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒരുക്കിയ സജ്ജീകരണങ്ങളും ഇവർ ചുണ്ടിക്കാട്ടുന്നു. 
സാമൂഹ്യവിരുദ്ധരുടെ 
ശല്യം രൂക്ഷം
തൊമ്മൻകുത്ത്‌ ടൗണിൽ നിന്നും ഒന്നര കിലോ മീറ്റർ അകലെ വളരെ നിശബ്‌ദമായ സാഹചര്യത്തിൽ അവധിദിനങ്ങൾ ആഘോഷിക്കാനെത്തുന്ന സഞ്ചാരികൾക്ക്‌ ഭീഷണിയാകുന്നത്‌ സാമൂഹ്യ വിരുദ്ധരുടെ ശല്യമാണ്‌. മദ്യപിക്കാൻ എത്തുന്ന സംഘം കുപ്പി പ്രദേശത്താകെ പൊട്ടിച്ചിടുന്നത്‌ പതിവാണ്‌. ഇത്‌ ചോദ്യം ചെയ്യാനെത്തുന്ന പ്രദേശവാസികളെ ഇവർ ഭീഷണിപ്പെടുത്തുന്നതായും നാട്ടുകാർ പറയുന്നു. പ്രദേശത്ത്‌ ഒരു മാലിന്യ സംസ്‌കരണ ബിൻ സ്ഥാപിക്കാത്തതിനാൽ മാസ്‌കും പ്ലാസ്‌റ്റിക്‌ കവർ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ  ഇവിടെഅലക്ഷ്യമായി വലിച്ചെറിയുന്നത്‌ പതിവാണ്‌. 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top