24 October Sunday
- കോൺഗ്രസിൽ വീണ്ടും വൻ പൊട്ടിത്തെറി

ഐ സി ബാലകൃഷ്‌ണൻ ലക്ഷങ്ങൾ
കോഴവാങ്ങി: പി വി ബാലചന്ദ്രൻ

വെബ് ഡെസ്‌ക്‌Updated: Thursday Sep 23, 2021

ഐ സി ബാലകൃഷ്ണൻ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം നേതൃത്വത്തിൽ മേപ്പാടിയിൽ നടത്തിയ പ്രകടനം

കൽപ്പറ്റ
അർബൻ ബാങ്ക്‌ നിയമനത്തിന്‌ മുൻ ഡിസിസി പ്രസിഡന്റ്‌ ഐ സി ബാലകൃഷ്‌ണൻ എംഎൽഎ  ഉദ്യോഗാർഥികളിൽനിന്ന്‌ ലക്ഷങ്ങൾ കോഴ വാങ്ങിയിട്ടുണ്ടെന്നും അതിന്‌‌ താൻ ദൃക്‌സാക്ഷിയാണെന്നും  കെപിസിസി എക്‌സിക്യുട്ടീവംഗവും മുതിർന്ന കോൺഗ്രസ്‌ നേതാവുമായ പി വി ബാലചന്ദ്രൻ. അർബൻ ബാങ്കിൽ ജോലി നൽകാമെന്ന്‌ പറഞ്ഞ്‌ വിശ്വസിപ്പിച്ച്‌ പലരിൽനിന്നായി ഐ സി ബാലകൃഷ്‌ണൻ ലക്ഷങ്ങൾ വാങ്ങിയിട്ടുണ്ട്‌. അവരടക്കമുള്ള 17 പേരുടെ ലിസ്‌റ്റാണ്‌ ബാങ്ക്‌ ചെയർമാന്‌ ഐ സി ബാലകൃഷ്‌ണൻ നൽകിയത്‌. ഇവരിൽ യൂത്ത്‌ കോൺഗ്രസ്‌,  കെഎസ്‌യു, മഹിളാ കോൺഗ്രസ്‌ പ്രവർത്തകരില്ല.  ഈ ലിസ്‌റ്റിൽനിന്ന്‌ നിയമനം നടത്താത്തതാണ്‌ ഐ സി ബാലകൃഷ്‌ണനെ പ്രകോപിപ്പിച്ചത്‌. ഇതിന്റെ പേരിലാണ്‌ അഴിമതി നടന്നതായി പറഞ്ഞ്‌ ബഹളമുണ്ടാക്കിയത്‌. ഉദ്യോഗാർഥികളിൽനിന്ന്‌ വാങ്ങിയ പണം തിരികെ കൊടുക്കാനില്ലെന്നും അതിനാൽ  ഇപ്പോൾ നിയമനം നൽകിയവരിൽനിന്ന്‌ പണം വാങ്ങി തിരിച്ച്‌ കൊടുക്കണമെന്നും ‌തന്നോട്‌ പറഞ്ഞു‌. അസംബ്ലി തെരഞ്ഞെടുപ്പിനുമുമ്പ്‌   ഡിസിസി സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അതിനാൽ ഒന്നോ രണ്ടോ തസ്‌തിക പാർടിക്ക്‌ നൽകാൻ  ഭരണസമിതിക്കുമേൽ സമ്മർദം ചെലുത്തണമെന്നും ബാലകൃഷ്‌ണൻ ആവശ്യപ്പെട്ടിരുന്നു. ഐ സി ആവശ്യപ്പെട്ട പ്രകാരം താനും ചില ആളുകളോട്‌ സംസാരിച്ചിട്ടുണ്ട്‌. പണം നൽകിയതിന്‌ അവർതന്നെ തെളിവാണ്‌. മുള്ളൻകൊല്ലിയിലെ ഒരു യുവാവിന്‌ ജോലി നൽകിയില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും ‌ ബാലകൃഷ്‌ണൻ തന്നോട്‌ പറഞ്ഞു. ഐ സി ബാലകൃഷ്‌ണൻ ആരോടൊക്കെ പണം വാങ്ങി എന്നതിന്‌ വ്യക്തമായ തെളിവുണ്ട്‌. കോൺഗ്രസ്‌ ഭരിക്കുന്ന പല സഹകരണ ബാങ്കുകളിൽനിന്നും ഡിസിസിയുടെ പ്രവർത്തനത്തിനെന്ന പേരിൽ പണം വാങ്ങിയിട്ടുണ്ട്‌. ബാലകൃഷ്‌ണൻ തന്നെ അത്‌ സമ്മതിച്ചതുമാണ്‌.
 ബത്തേരിയിലെ വിവിധ സഹകരണ സ്ഥാപനങ്ങളിലെ നിയമനത്തിന്‌     ഉദ്യോഗാർഥികളിൽനിന്ന്‌ ഐ സി ബാലകൃഷ്‌ണൻ 1.73 കോടി കോഴ വാങ്ങിയെന്നാരോപിച്ച്‌ ഡിസിസി സെക്രട്ടറി കെപിസിസി പ്രസിഡന്റിനയച്ച  കത്ത്‌ രണ്ടുമാസംമുമ്പ്‌  പുറത്തായിരുന്നു. കോൺഗ്രസിൽ വൻ പൊട്ടിത്തെറിക്ക്‌ വഴിതുറന്ന ഈ ആരോപണത്തിന്‌ പിന്നാലെയാണ്‌ മുതിർന്ന നേതാവും ഐ സി ബാലകൃഷ്‌ണനെതിരെ ശക്തമായ തെളിവുകളുമായി   രംഗത്തെത്തിയത്‌. 
 
ഡിസിസി അന്വേഷണ കമീഷൻ ഐ സി ബാലകൃഷ്‌ണന്റെ 
വക്താക്കൾ
ഐ സി ബാലകൃഷ്‌ണൻ  പറയുന്ന കാര്യങ്ങൾ മാത്രം അനുസരിക്കുന്ന ഡിസിസി ഭാരവാഹികളെയാണ്‌ അർബൻ ബാങ്ക്‌ അഴിമതിയെക്കുറിച്ച്‌   അന്വേഷിക്കാൻ  നിയോഗിച്ചത്‌.   അവർ ഒരു വിഭാഗത്തെ വെള്ള പൂശുന്ന  തട്ടിക്കൂട്ടിയ റിപ്പോർട്ടാണ്‌ തയ്യാറാക്കിയത്‌. ആ റിപ്പോർട്ട്‌ നേരത്തെ തയ്യാറാക്കിയതാണ്‌.  കലക്ടർക്കെതിരെ  വില്ലേജ്‌ ഓഫീസർ അന്വേഷിക്കും പോലെയാണ്‌ ജില്ലയിലെ മുതിർന്ന നേതാക്കൾക്കെതിരെ  ഡിസിസി ഭാരവാഹികൾ  അന്വേഷണം നടത്തിയത്‌.   ഡിസിസി പുനഃസംഘടനയിൽ  ഭാരവാഹിത്വത്തിൽ വരാൻ സാധ്യതയുള്ള നേതാക്കളുടെ പേര്‌ ഈ റിപ്പോർട്ടിൽ പരാമർശിച്ചതിൽ ‌ ഗൂഢലക്ഷ്യമുണ്ട്‌. ഡിസിസി പ്രസിഡന്റ്‌ സ്ഥാനത്ത്‌ തുടരാൻ ഐ സി ബാലകൃഷ്‌ണൻ ആഗ്രഹിച്ചിരിക്കണം. അല്ലെങ്കിൽ അയാൾ പറയുന്നതനുസരിക്കുന്നയാളെ ഭാരവാഹിത്വത്തിലെത്തിക്കാനാണ്‌   തന്റെയും എൻ ഡി അപ്പച്ചൻ, കെ കെ അബ്രഹാം  എന്നിവരുടെയും  പേരുകൾ റിപ്പോർട്ടിൽ ‌‌ഉൾപ്പെടുത്തിയത്‌. താൻ നടത്തിയ സാമ്പത്തിക ഇടപാടുകൾ പുറത്തുവരുമെന്ന്‌ ഭയന്നാണ്‌  ബാലകൃഷ്‌ണൻ  ഇക്കാര്യങ്ങളെല്ലാം ചെയ്‌തത്‌.  അതിനാലാണ്‌  കെപിസിസി അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ടത്‌. അവർ അന്വേഷണം നടത്തിയതിന്റെ പിറ്റേ ദിവസം ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയുടേതെന്ന പേരിൽ അന്വേഷണ കമീഷൻ റിപ്പോർട്ട്‌  ചോർന്നു. ഇത്‌‌ സംബന്ധിച്ചും അന്വേഷണം നടത്തണം. അഴിമതി നടത്താത്ത തന്റെ പേര്‌ റിപ്പോർട്ടിൽ പരാമർശിച്ച്‌ മാധ്യമങ്ങൾക്ക്‌ നൽകിയ  ഡിസിസി ഭാരവാഹികൾക്കെതിരെ നിയമനടപടി സ്വീകരിക്കും. കെപിസിസിക്ക്‌ പരാതി നൽകുമെന്നും  പി വി ബാലചന്ദ്രൻ പറഞ്ഞു.
ഉത്തരവാദി 
ഐ സി ബാലകൃഷ്‌ണൻ മാത്രം
അർബൻ ബാങ്കിൽ  ആരെങ്കിലും അഴിമതി നടത്തിയിട്ടുണ്ടെങ്കിൽ അത്‌  ബാലകൃഷ്‌ണനുവേണ്ടിയാണ്‌. ഐ സി ബാലകൃഷ്‌ണൻ മാത്രമാണ്‌ സാമ്പത്തിക ഇടപാട്‌ നടത്തിയത്‌. ഡിസിസി സെക്രട്ടറിമാരെ ഉപയോഗപ്പെടുത്തിയും കോഴ വാങ്ങി.  പരസ്യമായി  പ്രതികരിക്കാതിരുന്നത്‌ കെപിസിസി  കമീഷൻ സത്യസന്ധമായ അന്വേഷണം നടത്തി അഴിമതി നടത്തിയതാരാണെന്ന്‌ തെളിയിക്കുമെന്നും ‌ പാർടിക്ക്‌ ക്ഷീണം സംഭവിക്കരുതെന്നും കരുതിയാണെന്നും  ബാലചന്ദ്രൻ പറഞ്ഞു‌.    
 
കെപിസിസിക്ക്‌ പരാതി 
നൽകിയിട്ടും 
നടപടിയില്ല
അർബൻ ബാങ്കിൽ നടന്ന അഴിമതിയെക്കുറിച്ച്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനോടും രമേശ്‌ ചെന്നിത്തലയോടും പരാതി പറഞ്ഞിരുന്നു. എന്നാൽ എംഎൽഎ ആയതിനാൽ നടപടിയെടുക്കാൻ അവർ തയ്യാറായില്ല.
 
ആരോപണം 
അടിസ്ഥാനരഹിതമെന്ന് 
കൽപ്പറ്റ
തനിക്കെതിരെയുള്ള  ആരോപണം അടിസ്ഥാനരഹിതമെന്ന് ഐ സി ബാലകൃഷ്ണൻ എംഎൽഎ  പ്രതികരിച്ചു. അനധികൃത നിയമനങ്ങളെക്കുറിച്ച് തനിക്കറിയില്ല. പാർടിക്കുവേണ്ടിയോ വ്യക്തിപരമായോ ആരോടും പണം വാങ്ങിയിട്ടില്ല. പി വി ബാലചന്ദ്രന് ഗൂഢലക്ഷ്യങ്ങളുണ്ട്‌. ആരോപണത്തിനെതിരെ നിയമ നടപടി സ്വീകരിക്കും.
 
 
ഐ സി ബാലകൃഷ്ണന്‍  എംഎൽഎ
സ്ഥാനം രാജിവയ്‌ക്കണം: പി ഗഗാറിൻ
കൽപ്പറ്റ
അർബൻ ബാങ്കിൽ  ജോലി വാഗ്‌ദാനംനൽകി  തൊഴിൽരഹിതരായ യുവാക്കളിൽനിന്ന്‌ ലക്ഷങ്ങൾ കോഴവാങ്ങിയെന്ന ഗുരുതുതര ആരോപണം നേരിടുന്ന കോൺഗ്രസ്‌ നേതാവ്‌  ഐ സി ബാലകൃഷ്‌ണൻ എംഎൽഎ സ്ഥാനം രാജിവച്ച്‌ ആ പദവിയുടെ അന്തസ്സ്‌ കാത്തുസൂക്ഷിക്കണമെന്ന്‌ ‌ സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ ആവശ്യപ്പെട്ടു. മുതിർന്ന കോൺഗ്രസ്‌  നേതാവും കെപിസിസി എക്‌സിക്യൂട്ടീവ്‌ അംഗവുമായ പി വി ബാലചന്ദ്രനാണ്‌  ആരോപണം ഉന്നയിച്ചതെന്നത്‌ സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.  മുൻ ഡിസിസി പ്രസിഡന്റ്‌ കൂടിയായ‌  ബാലകൃഷ്‌ണൻ പണം വാങ്ങിയതിന്‌ താൻ ദൃക്‌സാക്ഷിയാണെന്നും പണം നൽകിയവർതന്നെ തെളിവാണെന്നുമാണ്‌ ബാലചന്ദ്രന്റെ വെളിപ്പെടുത്തൽ. മുമ്പ്‌   ഇത്തരം ആരോപണങ്ങൾ കോൺഗ്രസ്സുകാർതന്നെ പുറത്ത് വിട്ടപ്പോഴെല്ലാം ബാലകൃഷ്ണനെ രക്ഷിക്കാൻ കെപിസിസി നേതൃത്വം ശ്രമിച്ചു.  മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റിനെ കമീഷനാക്കിവച്ച് അഴിമതിക്കാരനായ എംഎൽഎയെ വെള്ളപൂശാൻ റിപ്പോർട്ട് ഉണ്ടാക്കിയത് കെപിസിസി നേതൃത്വമാണ്. ജില്ലയിൽ ഐ സി ബാലകൃഷ്ണൻ ഡിസിസി  പ്രസിഡന്റായിരിക്കുമ്പോഴാണ് യുഡിഎഫ് ഭരിക്കുന്ന നിരവധി സഹകരണ സ്ഥാപനങ്ങളിലും  നിയമനങ്ങളിലും    വൻ അഴിമതി നടന്നത്‌.   ഇത്തരം സംഭവങ്ങൾ രാഷ്ട്രീയപ്രവർത്തകർക്കും പൊതുപ്രവർത്തകർക്കും അപമാനകരമാണ്. സംഭവത്തിൽ അഴിമതി വിരുദ്ധ നിയമ പ്രകാരം കേസെടുത്ത് അന്വേഷണം നടത്തണം.   രാജിവയ്‌ക്കാൻ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും നിയമ നടപടി സ്വീകരിക്കുമെന്നും  പ്രസ്താവനയിൽ പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top