23 April Tuesday
പള്ളിപ്പുറം വാഹനാപകടം

പിഞ്ചോമനയ്ക്കു പിന്നാലെ അമ്മയും യാത്രയായി

വെബ് ഡെസ്‌ക്‌Updated: Tuesday May 23, 2023

 വർക്കല

ദേശീയപാതയിൽ പള്ളിപ്പുറത്ത് കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ നാലുദിവസം പ്രായമുള്ള നവജാത ശിശു ഉൾപ്പെടെ മൂന്നുപേർ മരിച്ച സംഭവത്തിൽ ഗുരുതര പരിക്കേറ്റ്  ചികിത്സയിലായിരുന്ന കുഞ്ഞിന്റെ അമ്മയും മരിച്ചു. മണമ്പൂർ കാരൂർക്കോണം പണയിൽവീട്ടിൽ മഹേഷിന്റെ ഭാര്യ അനു (22) ആണ് തിങ്കളാഴ്ച പുലർച്ചയോടെ മരണപ്പെട്ടത്.  
വാഹനാപകടത്തെത്തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായ അനു മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിലായിരുന്നു. അനുവിന്റെ മൂത്ത മകൻ മിഥുൻ എസ്എടി ആശുപത്രിയിലും ഭർത്താവ് മഹേഷ് മണമ്പൂർ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്നും പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു. 
പട്ടികജാതി ക്ഷേമസമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ബി സത്യൻ, മണമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് എ നഹാസ്, വൈസ് പ്രസിഡന്റ് ലിസി വി തമ്പി , കുഞ്ഞ്മോൾ, റാഷിദ്, പ്രിയങ്ക, മുഹമ്മദ് റിയാസ് എന്നിവർ ആശുപത്രിയിലെത്തിയിരുന്നു.
കഴിഞ്ഞ വ്യാഴം രാത്രി എട്ടരയോടെ തിരുവനന്തപുരം പള്ളിപ്പുറത്തായിരുന്നു നാടിനെ നടുക്കിയ അപകടം. പ്രസവശേഷം വീട്ടിലേക്ക് മടങ്ങിയ കുടുബം സഞ്ചരിച്ച ഓട്ടോയിൽ കെഎസ്ആർടിസി ബസിടിച്ച് അനുവിന്റെ നാലു ദിവസം മാത്രം പ്രായമുള്ള കൈക്കുഞ്ഞടക്കം മൂന്നു പേർക്ക് ജീവൻ നഷ്ടമായി. 
ഓട്ടോറിക്ഷ ഡ്രൈവർ മണമ്പൂർ കാരൂർക്കോണം അമ്പാടി വീട്ടിൽ സുനിൽ (44), മഹേഷിന്റെ ഭാര്യാ മാതാവും മുറുക്കാൻ കടയും ലോട്ടറി കച്ചവടവും നടത്തിവരുന്ന കാരൂർക്കോണം പണയിൽ വീട്ടിൽ ശോഭ (45), മഹേഷ് -അനു ദമ്പതികളുടെ നാലു ദിവസം മാത്രം പ്രായമുള്ള കൈക്കുഞ്ഞ് അതിഥി എന്നിവരാണ് മരിച്ചത്. മരിച്ചവർ മണമ്പൂർ പഞ്ചായത്തിലെ കാരൂർക്കോണം ഹരിജൻ കോളനി നിവാസികളാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top