24 April Wednesday

കർഷകരെ വലച്ച്‌ മില്ലുടമകൾ

വെബ് ഡെസ്‌ക്‌Updated: Monday May 23, 2022

ജെ ബ്ലോക്ക് പാടശേഖരത്തുനിന്ന് നെല്ല് ചുമന്നുകൊണ്ടുപോകുന്ന കർഷകൻ

കോട്ടയം 
അപ്പർ കുട്ടനാടൻ പാടശേഖരങ്ങളിലെ നെല്ല്‌ സംഭരണം കർഷകർക്ക് തലവേദനയാകുന്നു. കൊയ്‌ത്‌ പാടത്ത്‌ കൂട്ടിയിട്ടിരിക്കുന്ന നെല്ലിന്‌ വില താഴ്‌ത്താൻ സ്വകാര്യ മില്ലുടമകൾ  ശ്രമിക്കുന്നത്‌ പലപ്പോഴും തർക്കങ്ങൾക്ക്‌ കാരണമാകുന്നു. വിലപേശലുകൾക്കും   ചർച്ചകൾക്കും ഒടുവിൽ ഒമ്പതിനായിരം ജെ ബ്ലോക്കിലെ നെല്ല്‌ കഴിഞ്ഞ ദിവസം  പൂർണായും കയറ്റിവിട്ടു.   
 ഇടവിട്ട്‌ മഴ പെയ്യുന്നതിനാൽ നെല്ല്‌ യഥാസമയം ശേഖരിക്കാത്തത്‌ കർഷകർക്ക്‌ വലിയ നഷ്ടം വരുത്തുന്നു. പെരുമ്പാവൂർ കേന്ദ്രീകരിച്ചുള്ള 70ഓളം സ്വകാര്യ മില്ലുകളാണ്‌ കോട്ടയം ജില്ലയിൽ നിന്നടക്കം നെല്ല്‌ എടുക്കുന്നത്‌. സഹകരണ മേഖലയിൽ മില്ല്‌ ആരംഭിക്കാൻ സർക്കാർ നടപടികളാരംഭിച്ചത്‌ കർഷകർക്ക്‌ ആശ്വാസമാകും. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ എം രാധാകൃഷ്‌ണൻ ചെയർമാനായി കേരള പാഡി പ്രൊക്യുർമെന്റ്‌ പ്രോസസിങ് ആൻഡ്‌ മാർക്കറ്റിങ് കോ ഓപറേറ്റീവ്‌ സൊസൈറ്റി രൂപീകരിച്ചിട്ടുണ്ട്‌. ജില്ലയിൽ രണ്ട്‌ മില്ലുകൾ കൂടി സഹകരണ മേഖലയിൽ ആരംഭിക്കും. ഇതോടെ പൊതുവിപണിയിൽ അരിവില കുറയ്‌ക്കാനും ഗുണമേന്മയുള്ള അരി ലഭ്യമാക്കാനും സാധിക്കും. 
‘താര’ നിർണയം 
തർക്കവിഷയം...
ജില്ലയിലെ അഞ്ച്‌ താലൂക്കുകളിൽ കോട്ടയം, ചങ്ങനാശേരി, വൈക്കം താലൂക്കുകളിലാണ്‌ നെൽകൃഷി വ്യാപകം. ഇതിൽ വൈക്കം താലൂക്കിലെ തലയാഴം, വെച്ചൂർ, തലയോലപ്പറമ്പ്‌, കടുത്തുരുത്തി, കല്ലറ പഞ്ചായത്തുകളിലും കോട്ടയം താലൂക്കിലെ നീണ്ടൂർ, ആർപ്പൂക്കര, അയ്‌മനം പഞ്ചായത്തുകളിലും കരിനിലകൃഷിയാണ്‌ നിലവിലെങ്കിൽ കോട്ടയം താലൂക്കിലെ തിരുവാർപ്പ്‌, കുമരകം പഞ്ചായത്തുകളിലും കോട്ടയം നഗരസഭ പരിധിയിലും കായൽനിലത്താണ്‌ നെൽകൃഷി. നെല്ല്‌ സംഭരണത്തർക്കത്തിന്റെ അടിസ്ഥാന കാരണങ്ങൾ പലതാണെങ്കിലും അവയിലൊന്ന്‌ കരിനിലം –- കായൽനിലം കൃഷി സംബന്ധിച്ചാണ്‌. 
കരിനിലത്ത്‌ വിളയുന്ന നെല്ലിന്‌ ഗുണമേന്മ കുറയുമെന്നാണ്‌ നെല്ല്‌ എടുക്കാനെത്തുന്ന മില്ലുടമാപ്രതിനിധികളുടെ വാദം. മണ്ണിന്റെ പുളിപ്പാണത്രേ അതിന്‌ കാരണം. പല കാരണങ്ങൾ പറഞ്ഞ്‌ നെൽവില കുറയ്‌ക്കുന്ന മില്ലുടമകൾ അളവിലും കർഷകരെ ചൂഷണം ചെയ്യുന്നു. ‘താര’ (നെല്ലിന്റെ കിഴിവ്‌) നിർണയമാണ്‌ കർഷകരും മില്ലുടമകളും തമ്മിൽ തർക്കമുണ്ടാകുന്ന മറ്റൊരു വിഷയം. മഴയത്ത്‌ നനയുന്ന നെല്ല്‌ 24 മണിക്കൂർ കഴിഞ്ഞാൽ മുളപൊട്ടും. ഇത്‌ വിലയിടിക്കാൻ കാരണമാണ്‌. പുഞ്ചകൃഷി മാത്രമാണ്‌ ഇപ്പോൾ ഭൂരിപക്ഷം പാടങ്ങളിലുമുള്ളത്‌. വർഷകൃഷി കൂടി പരീക്ഷിക്കുന്നത്‌ കുമരകത്തും വൈക്കത്തും മാത്രം. 
രാജ്യത്തെ ഉയർന്ന നെൽവില
നെല്ല്‌ ക്വിന്റലിന്‌ 2800 (കിലോ 28 രൂപ 12 പൈസ) രൂപ വില നിശ്ചയിച്ചിട്ടുള്ള ഏക സംസ്ഥാനമാണ്‌ കേരളമെന്ന്‌ കേരള കർഷകസംഘം കോട്ടയം ഏരിയ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സുരേഷ്‌ ജേക്കബ്‌ പറഞ്ഞു. കൈകാര്യച്ചെലവ്‌ കണക്കിലെടുത്താണ്‌ 12 പൈസ കൂടി നിശ്ചയിച്ചിട്ടുള്ളത്‌. കേന്ദ്ര വിഹിതവും സംസ്ഥാന സബ്‌സിഡിയും കൂടി കൂട്ടിയാണ്‌ കേരളത്തിൽ കിലോ വില 28 രൂപയായി നിശ്ചയിച്ചത്‌. മറ്റ്‌ പല സംസ്ഥാനങ്ങളിലും പരമാവധി വില 19.40 ആണ്‌. നിലവിൽ സംസ്ഥാനത്ത്‌ നെല്ലിന്‌ ന്യായവില കർഷകന്‌ ലഭിക്കുന്നുണ്ട്‌. 2018ലായിരുന്നു വിളവ്‌ ഏറ്റവും കൂടുതൽ. സംഭരണം ഉൾപ്പെടെ അടയാളപ്പെടുത്തിയ കാർഷിക കലണ്ടർ തയ്യാറാക്കണം. കൃഷി –- ഭക്ഷ്യ സിവിൽ സപ്ലൈസ്‌ വകുപ്പുകളുടെ ഏകോപനം കാര്യക്ഷമമാക്കണം –- കേരള കർഷകസംഘം നിർദേശിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top