കരുനാഗപ്പള്ളി
മുനിസിപ്പാലിറ്റിയുടെ കീഴിൽ കേശവപുരത്ത് പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യ ശേഖരണ കേന്ദ്രത്തിൽ തീപിടിത്തം. ബുധൻ രാവിലെ 9.30നാണ് ഇവിടെനിന്ന് പുക ഉയരുന്നത് തൊഴിലാളികൾ കണ്ടത്. പ്ലാസ്റ്റിക് മാലിന്യം നിറച്ച ചാക്കുകെട്ടുകൾക്കാണ് തീപിടിച്ചത്. ഇവ സൂക്ഷിക്കുന്നതിനായി നിർമിച്ച ചെറിയ ഷെഡും കത്തിനശിച്ചു.
പ്ലാസ്റ്റിക് തരംതിരിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണ് പുക ഉയരുന്നത് ആദ്യം കണ്ടത്. പുക അന്തരീക്ഷത്തിലേക്ക് വ്യാപിച്ചതോടെ പ്രദേശത്ത് പരിഭ്രാന്തി പരന്നു. കരുനാഗപ്പള്ളി, ചവറ, ശാസ്താംകോട്ട, കൊല്ലം എന്നിവിടങ്ങളിൽനിന്ന് അഗ്നിരക്ഷാസേന എത്തി രണ്ടര മണിക്കൂർ നീണ്ട പരിശ്രമത്തിലൂടെ തീ നിയന്ത്രണ വിധേയമാക്കി. തഴത്തോട് വട്ടക്കായയിലേക്ക് വന്നുപതിക്കുന്ന ജലാശയത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന പ്ലാസ്റ്റിക് ശേഖരണകേന്ദ്രത്തിൽ തീപിടിക്കാനുള്ള സാധ്യത കുറവാണെന്നും ഇതിനു പിന്നിൽ അട്ടിമറിയുണ്ടോ എന്ന് സംശയിക്കുന്നതായും ചെയർമാൻ കോട്ടയിൽ രാജു പറഞ്ഞു. അന്വേഷണം ആവശ്യപ്പെട്ട് കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..