24 April Wednesday

അഞ്ചം​ഗം സംഘം കൂറ്റൻ തിരയിൽപ്പെട്ടു; ലൈഫ്‌ ഗാർഡുമാർ രക്ഷകരായി

വെബ് ഡെസ്‌ക്‌Updated: Sunday Jan 23, 2022
കൊല്ലം
കൊല്ലം ബീച്ചിൽ കൂറ്റൻ തിരയിലകപ്പെട്ട അഞ്ചുവയസ്സുകാരൻ ഉൾപ്പെടെ  അഞ്ച് അം​ഗം സംഘത്തെ ലൈഫ് ​ഗാർഡുമാർ സാഹസികമായി രക്ഷപ്പെടുത്തി. യുവാവ്, യുവതി, അഞ്ച്, എട്ട്, 16 വയസുകാരായ മൂന്ന് ആൺകുട്ടികൾ എന്നിവരാണ് ശനി വൈകിട്ട് നാലിന് തിരയിൽപ്പെട്ടത്. ലൈഫ് ​ഗാർഡുമാരുടെ കൃത്യസമയത്തെ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്. സ്റ്റേജിന് 100 മീറ്റർ മാറിയാണ് അപകടമുണ്ടായത്. തീരത്ത് ഉല്ലസിക്കുന്നതിനിടെ കൂറ്റൻ തിരയിൽ കുടുംബം കടലിൽപ്പെടുകയായിരുന്നു. തിര കണ്ടയുടൻ ലൈഫ് ​ഗാർഡുമാർ ഓടിയെത്തി.  
സംഘം കടലിൽപ്പെട്ട് നിമിഷങ്ങൾക്കുള്ളിൽ തന്നെ രക്ഷാപ്രവർത്തനം നടത്താനായതാണ് ദുരന്തമൊഴിവാക്കിയത്. അവിടെയുണ്ടായിരുന്ന മറ്റുള്ളവരും സഹായത്തിനെത്തി.  ആരോഗ്യപ്രശ്നങ്ങളില്ലാത്തതിനാൽ ഇവര്‍ മടങ്ങി.
രണ്ടുദിവസമായി ശക്തമായ തിരയായിരുന്നു. കരയിൽ നിൽക്കുന്നവരെ പിടിച്ചുവലിച്ച് കൊണ്ടുപോകുന്ന തരത്തിൽ വലിയ തിരകളാണ് രാവിലെ മുതലുണ്ടായതെന്നും അതിനാൽ അതീവ ജാ​ഗ്രതയോടെയാണിരുന്നതെന്നും ലൈഫ് ​ഗാർഡുമാർ പറഞ്ഞു. 
ഇതുപോലുള്ള തിരയിൽപ്പെട്ടിട്ട് അഞ്ചുവയസ്സുകാരൻ ഉൾപ്പെടെ ജീവനോടെ രക്ഷപ്പെട്ടത് അത്ഭുതകരമാണെന്ന് നാട്ടുകാരും പറഞ്ഞു.  ലൈഫ് ​ഗാർഡുമാരായ എം കെ പൊന്നപ്പൻ, ഷാജി ഫ്രാൻസിസ്, ആർ സതീഷ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top