24 April Wednesday

ഇനി ഞങ്ങൾക്കുമുണ്ട്‌ ‘3ഡി ശസ്‌ത്രക്രിയ’

സ്വന്തം ലേഖകൻUpdated: Saturday Jan 23, 2021

ഡോ. ജയശ്രി വി വാമന്റെ നേതൃത്വത്തിൽ പുതിയ മെഷീൻ ഉപയോഗിച്ചുള്ള ആദ്യ ശസ്ത്രക്രിയ നടന്നപ്പോൾ

തിരുവനന്തപുരം
വൻകിട സ്വകാര്യ ആശുപത്രികളുടെ കുത്തകയായിരുന്ന ത്രീ ഡി ലാപ്രോസ്‌കോപ്പിക്  മെഷീൻ ശസ്ത്രക്രിയ ഇനി സർക്കാർ ആശുപത്രിക്കും സ്വന്തം. തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ്‌ സംസ്ഥാനത്ത് ആദ്യമായി ഈ സംവിധാനം യാഥാർഥ്യമാകുന്നത്‌. ആന്തരികാവയവങ്ങളുടെ സൂക്ഷ്മ ദൃശ്യങ്ങൾ വ്യക്തമായി ഒപ്പിയെടുത്ത്‌ ചുരുങ്ങിയ സമയം കൊണ്ട്‌ മികച്ച ചികിത്സ നൽകാനാകും എന്നതാണ് ഈ‌ സംവിധാനത്തിന്റെ പ്രത്യേകത. 
ഇതോടെ സ്വകാര്യ ആശുപത്രികൾ നാലു ലക്ഷം വരെ ഈടാക്കുന്ന ചികിത്സ ഇനി സാധാരണക്കാർക്കും‌ പ്രാപ്യമാവും‌. ഗർഭപാത്രം നീക്കം ചെയ്യുന്നതടക്കമുള്ളവയ്‌ക്ക്‌ നിലവിൽ 2 ഡി ലാപ്രോസ്കോപ്പിക് രീതിയാണ്‌ ഉപയോഗിച്ചിരുന്നത്‌‌‌. 3 ഡിയിലേക്ക്‌ മാറുന്നതോടെ രക്തധമനികളുടേതടക്കം വ്യക്തവും ആഴത്തിലുള്ളതുമായ ചിത്രം പകർത്താം. പരമാവധി ഒന്നര മണിക്കൂറിനുള്ളിൽ ശസ്ത്രക്രിയ പൂർത്തിയാകും. മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പലും ജോയിന്റ്‌ ഡിഎംഇ യുമായ ഡോ. തോമസ് മാത്യു, എസ്‌എ ടി സൂപ്രണ്ട് ഡോ. എ സന്തോഷ് കുമാർ,  ഗൈനക്കോളജി വിഭാഗം മുൻമേധാവി ഡോ. സി നിർമല എന്നിവരുടെ അഭ്യർഥന പ്രകാരമാണ്‌ ആരോഗ്യ‌ മന്ത്രി കെ കെ ശൈലജ ഇടപെട്ട്‌ ഒരുകോടി രൂപ ചെലവിൽ‌ ഈ ന്യൂതന സംവിധാനം ഇവിടെ യാഥാർഥ്യമാക്കിയത്‌. കോവിഡ്‌ പശ്ചാത്തലത്തിൽ ത്രീ ഡി ലാപ്രോസ്‌കോപ്പിക് വഴിയുള്ള ചികിത്സ ആരംഭിക്കാൻ ചെറിയ കാലതാമസം ഉണ്ടായി. എന്നാൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സാറ വർഗീസ്, എസ് എ ടി സൂപ്രണ്ട്, ഗൈനക്കോളജി വിഭാഗം മേധാവി ഡോ നന്ദിനി എന്നിവർ ഇടപെട്ട് മെഷീൻ പ്രവർത്തനം ആരംഭിക്കാൻ നടപടി സ്വീകരിക്കുകയായിരുന്നു. 
ബുധനാഴ്ച ഇതുവഴിയുള്ള ആദ്യ ശസ്ത്രക്രിയ നടന്നു. ആശുപത്രിയിൽ ചികിത്സയിലായിരുന്ന 57 കാരിക്ക്‌ ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയാണ് നടന്നത്. 
 ലാപ്രോസ്കോപ്പി വിഭാഗത്തിന്റെ ചുമതലയുള്ള  ഡോ. ജയശ്രീ വി  വാമന്റെ നേതൃത്വത്തിലാണ് ആദ്യ ശസ്ത്രക്രിയ നടത്തിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top