19 April Friday

സുഗതകുമാരിക്ക്‌ തലസ്ഥാനത്തിന്റെ ഹൃദയാഞ്ജലി

വെബ് ഡെസ്‌ക്‌Updated: Saturday Jan 23, 2021

കവി സുഗതകുമാരിയുടെ സ്മരണാർഥം നിയമസഭാ വളപ്പിൽ സ്‌പീക്കർ പി ശ്രീരാമകൃഷ്ണൻ പവിഴമല്ലി തൈനടുന്നു

തിരുവനന്തപുരം  
സുഗതകുമാരിയുടെ ജന്മദിനമായ വെള്ളിയാഴ്ച വിവിധയിടങ്ങളിൽ അനുസ്‌മരണയോഗം സംഘടിപ്പിച്ചു. ഓർമദിനത്തിന്റെ ഭാഗമായി തലസ്ഥാനത്തുടനീളം വിവിധയിടങ്ങളിൽ നടന്ന ചടങ്ങുകളിൽ ആയിരത്തിലധികം വൃക്ഷത്തൈകൾ‌‌ നട്ടു. 
നിയമസഭാ സമുച്ചയത്തിൽ നടന്ന അനുസ്‌മരണ ചടങ്ങിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഓർമ മരം നട്ടു. സുഗതകുമാരിയുടെ ‘പവിഴമല്ലി' കൃതിയുടെ ഓർമയ്ക്കായി പവിഴമല്ലിയുടെ തൈയാണ് നിയമസഭാ അങ്കണത്തിൽ നട്ടത്. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ചടങ്ങിൽ പങ്കെടുത്തു. 
നഗരസഭയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 1000 വൃക്ഷത്തൈകൾ നട്ടു. ‘ഒരു തൈ നടാം നമുക്ക്‌ അമ്മയ്ക്ക്‌ വേണ്ടി’ എന്ന പേരിലായിരുന്നു‌ ക്യാമ്പയിൻ‌. നഗരസഭാ മെയിൻ ഓഫീസ് അങ്കണത്തിൽ മേയർ ആര്യ രാജേന്ദ്രൻ വൃക്ഷത്തൈ നട്ട് ഉദ്ഘാടനംചെയ്തു. ഫോർട്ട് സോണൽ ഓഫീസർ ഡെപ്യൂട്ടി മേയർ പി കെ രാജുവും മറ്റ് സോണൽ ഓഫീസുകളിൽ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻമാരും വൃക്ഷത്തൈകൾ നട്ടു. 
സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ ഓഫീസ്‌ അങ്കണത്തിൽ കമീഷണർ വി ഭാസ്കരൻ കണിക്കൊന്നത്തൈ നട്ടു. 
അഭയകേന്ദ്രത്തിൽ നടന്ന അനുസ്‌മരണയോഗം മന്ത്രി കെ കെ ശൈലജ ഉദ്‌ഘാടനം ചെയ്തു. കവയിത്രിയുടെ ഓർമയ്ക്കായി വൃക്ഷത്തൈ നട്ടു. സുഗതകുമാരിയുടെ മകൾ ലക്ഷ്‌മി ചടങ്ങിൽ പങ്കെടുത്തു.  ഞാവൽ മരം നട്ടാണ് വഴുതക്കാട് ഗവ. വനിതാ കോളേജിൽ ജന്മദിനം ആചരിച്ചത്. സുഗതം സുകൃതം കൂട്ടായ്മയുടെയും കോളേജ് യൂണിയന്റെയും ആഭിമുഖ്യത്തിലായിരുന്നു‌ പരിപാടി‌. യൂണിയൻ ഭാരവാഹികളും ബിനോയ് വിശ്വം എംപിയും  ഒന്നിച്ചാണ് വൃക്ഷത്തൈ നട്ടത്. പ്രിൻസിപ്പൽ ഡോ. കെ അരവിന്ദ് കൃഷ്ണൻ അധ്യക്ഷനായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top