23 April Tuesday

ഉണക്കസ്രാവ്‌ ഇഷ്ടംപോലുണ്ടേ...വൃശ്ചികവാണിഭത്തിന് തിരക്കേറുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 22, 2022

തെളളിയൂർ വൃശ്ചിക വാണിഭത്തിൽ ഉണക്കസ്രാവ്‌ വിൽപ്പനയ്ക്ക്

മല്ലപ്പള്ളി> ഗ്രാമീണ വ്യാപാരോത്സവമായ തെളളിയൂർ വൃശ്ചിക വാണിഭത്തിൽ ജനത്തിരക്കേറുന്നു. എക്കാലത്തെയും പോലെ ഉണക്കസ്രാവ്‌ വാങ്ങാനെത്തുന്നവർ നിരവധി. കൊറോണ കാരണം മുടങ്ങിയ വാണിഭം തിരികെ വന്നത്‌ ആഘോഷമാക്കുകയാണ്‌ നാടാകെ. തെള്ളിയൂർക്കാവ് ഭഗവതിക്ക് നേർച്ച അർപ്പിക്കാൻ ക്ഷേത്രവളപ്പിന് പുറത്ത് ഭക്തർ വൃശ്ചികം ഒന്നിന് ഒത്തു ചേർന്നതിന്റെ സ്‌മരണ പുതുക്കാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ എത്തുന്നു. 
 
പണ്ട്‌ ഉണക്ക സ്രാവ്‌ സമർപ്പിച്ചത്‌ അരയ സമുദായത്തിൽ പെട്ടവരായിരുന്നു. കുലത്തൊഴിലുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളും കാർഷിക വിളകളും ക്ഷേത്രത്തിൽ സമർപ്പിച്ചുപോന്നു. നാണയങ്ങൾ നിലവിൽ വരും മുമ്പ്‌ വഴിപാട് സാധനങ്ങൾ മൂല്യമനുസരിച്ച് പരസ്പരം കൈമാറുന്നതും ഇവിടെ പതിവായിരുന്നു.  
 
മലയാളത്തനിമയുള്ള ഗൃഹോപകരണങ്ങളും കാർഷികായുധങ്ങളും ലഭിക്കും. പറ, നാഴി, ചങ്ങഴി തുടങ്ങിയ അളവുപകരണങ്ങളും  വിൽപ്പനയ്ക്കുണ്ട്. മണ്ണിലും ലോഹത്തിലും മരത്തിലും തീർത്ത പാത്രങ്ങൾ വിവിധതരം അടുക്കള ഉപകരണങ്ങൾ, മുറം ,കുട്ട,പനമ്പ്, മര ഉരുപ്പടികൾ, വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിവയും വിപണനത്തിനുണ്ട്. കുതിര സവാരി, കുട്ടികൾക്കുള്ള റൈഡുകൾ എന്നിവ പഴമയുടെ പ്രൗഡിയേന്തുന്ന വാണിഭത്തെ കൂടുതൽ സജീവമാക്കുന്നു. 
സാംസ്‌കാരിക സമ്മേളനം,  കാർഷികമേള, സെമിനാറുകൾ, നാടൻ കലാസംഗമം എന്നിവയും മേളയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. 
തിരുവല്ല, ചെങ്ങന്നൂർ കെഎസ്ആർടിസി ഡിപ്പോകളിൽ നിന്ന് തെള്ളിയൂർക്കാവിലേക്ക് പ്രത്യേക ബസ് സർവീസുകളും ഏർപ്പെടുത്തിയിട്ടുണ്ട്. മേള ഡിസംബർ ഒന്നിന് സമാപിക്കും. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top