തൃശൂർ
ഈ കാടുപിടിച്ച് കിടക്കുന്ന ഫ്‌ളാറ്റ് സമുച്ചയം അനിൽ അക്കര നടത്തിയ ക്രൂര വിനോദത്തിന്റെ അടയാളം. കേന്ദ്ര ഏജൻസിയായ സിബിഐയെ ഉപയോഗിച്ച് അനിൽ അക്കര നടത്തിയ നീക്കത്തിൽ തകർന്നത് 140 പാവപ്പെട്ട കുടുംബങ്ങളുടെ വീടെന്ന സ്വപ്‌നം. ആയിരങ്ങൾക്ക് ആശ്രയമായ സഹകരണ മേഖലയെ തകർക്കുന്ന ഇഡി നീക്കത്തെ ഇപ്പോൾ പാടിപ്പുകഴ്‌ത്തുന്നതും കോൺഗ്രസ്–- ബിജെപി രഹസ്യബന്ധത്തിന്റെ ബാക്കി പത്രം. സംസ്ഥാന സർക്കാരിന് ഒരു സാമ്പത്തിക ഇടപാടുമില്ലെന്ന് രേഖകളിൽ വ്യക്തമായിട്ടും തുടർച്ചയായ കള്ളപ്രചാരണങ്ങൾ വഴി വടക്കാഞ്ചേരിയിലെ ഫ്‌ളാറ്റ് യുഡിഎഫും ബിജെപിയും ചേർന്ന് തകർത്തെറിയുകയായിരുന്നു.
കേരളത്തിന്റെ പ്രളയാതിജീവനത്തിനായി 140 ഭവനങ്ങളുള്ള ഫ്‌ളാറ്റും ആശുപത്രി സമുച്ചയവും അങ്കണവാടിയുമെല്ലാം സംസ്ഥാന സർക്കാരിന് നിർമിച്ച് കൈമാറാമെന്നാണ് യുഇഎ റെഡ് ക്രസന്റ് അറിയിച്ചത്. ഇതിന് 20 കോടിയോളമാണ് ധനസഹായം പ്രഖ്യാപിച്ചത്. ധനസഹായം കൈമാറുന്നതിന് പകരം ഭവനസമുച്ചയം നിർമിച്ചു കൈമാറുമെന്നാണ് അറിയിച്ചത്. നിർമാണ ഏജൻസിയെ കണ്ടുപിടിച്ചതും കരാർ നൽകിയതും പണമിടപാടുകൾ നടത്തുന്നതുമെല്ലാം യുഎഇ കോൺസുലേറ്റും റെഡ്‌ക്രസന്റുമായിരുന്നു. നിർമാണക്കമ്പനിയായ യൂണിടാക്കുമായി ധാരണപത്രം ഒപ്പിട്ടതും അവരാണ്.
സർക്കാരോ ലൈഫ് മിഷനോ പണം സ്വീകരിച്ചിട്ടില്ല. സർക്കാരിന്റെ ഒരു അക്കൗണ്ടിലേക്കും സംഭാവന മാറ്റിയിട്ടില്ല. പാവങ്ങൾക്ക് ഗുണകരമാവുന്ന ഭവനസമുച്ചയം പണിയാൻ വടക്കാഞ്ചേരി നഗരസഭയുടെ കൈവശമുള്ള 217.88 സെന്റ് ഭൂമി വിട്ടു നൽകി. അതിവേഗം കെട്ടിടങ്ങൾ ഉയർന്നു.
എന്നാൽ പദ്ധതിയിൽ ഇല്ലാത്ത അഴിമതി ആരോപിച്ച് വടക്കാഞ്ചേരി എംഎൽഎയായിരുന്ന അനിൽ അക്കര സിബിഐക്ക് പരാതി നൽകി. ബിജെപി, കോൺഗ്രസ് ഗൂഢാലോചനയിൽ അതിവേഗം സിബിഐ കേസ് ഏറ്റെടുത്തു. ഒരു വിഭാഗം മാധ്യമങ്ങൾ കള്ളക്കഥകളും പ്രചരിപ്പിച്ചു. കോൺഗ്രസ്, ബിജെപി നേതാക്കളും ക്രിമിനലുകളും ഫ്‌ളാറ്റ് സന്ദർശിച്ച് നിരന്തരം നിർമാണം തടസ്സപ്പെടുത്തി. കെട്ടിടത്തിന് കേടുപാടുകളും വരുത്തി. ഇതോടെ ആശങ്കയിലായ നിർമാണക്കമ്പനി യൂണിടാക് പണി നിർത്തിവയ്‌ക്കുകയായിരുന്നു. കേവലം വോട്ടിനുവേണ്ടി അനിൽ അക്കര കള്ളക്കേസുകളും പ്രചാരണങ്ങളും നിരന്തരം നടത്തിയതോടെ പണി പുനരാരംഭിക്കാനാവാത്ത സ്ഥിതിയാണ്. ഇപ്പോൾ കെട്ടിട സമുച്ചയമാകെ കാടുപിടിച്ച് കിടക്കുകയാണ്. തെരഞ്ഞെടുപ്പിൽ ജനങ്ങൾ അക്കരയെ പുറംതള്ളി. എന്നാൽ വീണ്ടും ജനകീയ നേതാക്കൾക്കെതിരെ കള്ളക്കഥകളുമായി രംഗത്ത് വരികയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..