കൊല്ലം
അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതിയിൽ വേതനം ലഭിച്ചില്ലെന്ന് ആരോപിച്ച് കൊല്ലം കോർപറേഷനിൽ യുഡിഎഫ്, ബിജെപി കൂട്ടുകെട്ടിന്റെ പിന്തുണയോടെ വ്യാഴാഴ്ച ചിലർ നടത്തിയത് ആസൂത്രിത സമരാഭാസം. ശക്തികുളങ്ങര ഡിവിഷനിൽ നഗരതൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികൾക്ക് ആഗസ്റ്റിലെ 18 ദിവസത്തെ പണം മാത്രമാണ് നൽകാനുള്ളതെന്ന് മേയർ പ്രസന്ന ഏണസ്റ്റ് അറിയിച്ചു. ഇതിന്റെ നടപടികള്‍ പൂര്‍ത്തിയായി. അതിന് മുൻപ് വരെയുള്ള എല്ലാ വേതനവും നൽകി. ഈ ഡിവിഷനിൽ 100 തൊഴിൽദിനങ്ങൾ സൃഷ്ടിച്ച് 15 പേരുടെ ബോണസ് തുക കോർപറേഷൻ തനതുഫണ്ടിൽനിന്ന് ചെക്കായി നൽകിയെന്നും മേയര്‍ അറിയിച്ചു.
കഴിഞ്ഞ രണ്ടുവർഷവും സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഒന്നാംസ്ഥാനത്ത് കൊല്ലം കോർപറേഷനാണ്. 2022 –-23 സാമ്പത്തിക വർഷം ഇതുവരെ 1,60,424 തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചു. ഇതിനു സംസ്ഥാന സർക്കാർ 2.5 കോടി രൂപ അനുവദിച്ചു. ഫണ്ട് ലഭ്യമാകാത്ത സാഹചര്യത്തിൽ പദ്ധതി സുഗമമായി നടത്തുന്നതിന് തനതുഫണ്ടിൽനിന്ന് 2,05,02,820 രൂപ കോർപറേഷൻ ചെലവഴിച്ചു. ഫണ്ട് ലഭ്യമായപ്പോൾ 1,07,008,40 രൂപ തനതുഫണ്ടിൽ തിരികെ ഒടുക്കി. 3,48,01980 രൂപയാണ് തൊഴിലാളികൾക്ക് വേതനയിനത്തിൽ നൽകിയത്.
സംസ്ഥാന സർക്കാർ വിഹിതവും കോര്‍പറേഷന്റെ തനതു ഫണ്ടിൽനിന്ന് തുക വിനിയോഗിച്ചും വിജയകരമായി പദ്ധതി നടപ്പാക്കുകയാണ്. ഈ പ്രവർത്തനങ്ങളെ ജനമധ്യത്തിൽ ഇകഴ്ത്തിക്കാണിക്കുന്നതിനാണ് ശ്രമം നടക്കുന്നത്. യുഡിഎഫ്, ബിജെപി നടത്തുന്ന ആസൂത്രിത സമരാഭാസത്തിന്റെ ഭാഗമായി യാതൊരുവിധ മുന്നറിയിപ്പും ഇല്ലാതെയാണ് കോർപറേഷൻ ഓഫീസിൽ അതിക്രമിച്ചു കയറി മേയറെ ഉപരോധിക്കുകയും ഓഫീസ് പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുകയുംചെയ്തത്. ഇതിൽ കർശന നിയമനടപടി സ്വീകരിക്കുമെന്നും മേയർ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..