20 April Saturday
മരുന്ന് പര്യാപ്‍തം

വാക്‌സിനേഷൻ പുരോഗമിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Sep 22, 2022

എനിക്കോ...നോ പ്രോബ്ലം ...പേവിഷ പ്രതിരോധ കുത്തിവയ്‍പ്പെടുക്കാന്‍ കൊല്ലാട് ഗവ. എല്‍പി സ്‍കൂളിലെ ക്യാമ്പിലേക്ക് വളര്‍ത്തുനായയുമായി പോകുന്നയാള്‍

കോട്ടയം
പേവിഷബാധയ്‌ക്ക്‌ തടയിടാൻ വളർത്തുമൃഗങ്ങൾക്ക്‌ നൽകുന്ന വാക്‌സിനേഷൻ ജില്ലയിൽ പുരോഗമിക്കുന്നു. ഇതുവരെ 30,000ലധികം നായ്‌ക്കൾക്ക്‌ വാക്‌സിൻ നൽകി. മറ്റ്‌ ജില്ലകളേക്കാൾ കൂടുതലാണിത്‌. എല്ലാ മൃഗാശുപത്രികളിലും വാക്‌സിൻ സ്‌റ്റോക്ക്‌ എത്തിച്ചിട്ടുണ്ട്‌. മുപ്പതിനകം എല്ലാ വളർത്തുനായ്‌ക്കൾക്കും വാക്‌സിൻ എടുക്കണമെന്നാണ്‌ നിർദേശം. ഇനിയുള്ള ദിവസങ്ങളിൽ എത്രയണ്ണം വന്നാലും നൽകാനുള്ള വാക്‌സിൻ ശേഖരത്തിലുണ്ട്‌. തെരുവുനായ്‌ക്കൾക്കുള്ള വാക്‌സിനേഷനും നടന്നുവരുന്നു. ജില്ലയിലാകെ 50,000ഓളം തെരുവുനായ്‌ക്കളുണ്ടെന്നാണ്‌ കണക്കാക്കുന്നത്‌. 
ലൈസൻസ്‌ എടുക്കാൻ 
മടിയെന്തിന്
പേവിഷബാധ സംബന്ധിച്ചും നായകടി സംബന്ധിച്ചും നിരന്തരം വാർത്തകൾ വരുന്നതിനാലാകണം, വളർത്തുനായ്‌ക്കൾക്കും പൂച്ചകൾക്കും വാക്‌സിൻ എടുക്കുന്നതിൽ ഉടമകൾ മടി കാണിക്കുന്നില്ല. എന്നാൽ ലൈസൻസിന്റെ കാര്യത്തിൽ അതല്ല സ്ഥിതി. വാക്‌സിനെടുത്താൽ അടുത്ത നടപടി തദ്ദേശസ്ഥാപനത്തിൽ ചെന്ന്‌ ലൈസൻസ്‌ എടുക്കുക എന്നതാണ്‌. എന്നാൽ വാക്‌സിൻ എടുക്കുന്നവരിൽ നല്ലൊരു ശതമാനവും ലൈസൻസ്‌ എടുക്കാൻ മെനക്കെടുന്നില്ല. 
പഞ്ചായത്തുകളിലും നഗരസഭകളിലും അവസ്ഥ ഇതുതന്നെ. കോട്ടയം നഗരസഭയിൽ ഇതുവരെ 150 പേർ മാത്രമേ ലൈസൻസിന്‌ അപേക്ഷ നൽകിയിട്ടുള്ളൂ.
ലൈസൻസ്‌ നടപടികൾ 
ലളിതം
ലൈസൻസ്‌ കിട്ടാൻ പ്രയാസമുണ്ടെന്നോ, ഓഫീസ്‌ കയറിയിറങ്ങേണ്ടി വരുമെന്നോ ഉള്ള പേടി വേണ്ട. വാക്‌സിനെടുത്ത സർട്ടിഫിക്കറ്റ്‌ കാണിച്ചാൽ അന്നുതന്നെ ലൈസൻസ്‌ ലഭിക്കും. ആദ്യം തൊട്ടടുത്ത മൃഗാശുപത്രിയിൽ വളർത്തുനായയുമായെത്തി വാക്‌സിൻ എടുക്കുക. അപ്പോൾതന്നെ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ്‌ ലഭിക്കും. ഇത്‌ പഞ്ചായത്തിലോ നഗരസഭയിലോ കൊണ്ടുചെന്ന്‌ കാണിച്ചാൽ മതിയാകും.
പഞ്ചായത്തുകളിൽ 15 രൂപയാണ്‌ ലൈസൻസ്‌ ഫീസ്‌. നഗരസഭകളിൽ 55 രൂപയും. ഒരുവർഷമാണ്‌ ലൈസൻസിന്റെ കാലാവധി അതുകഴിഞ്ഞാൽ പുതുക്കണം. മുപ്പതിനകം ലൈസൻസ്‌ എടുക്കാതെ മൃഗങ്ങളെ വളർത്തുന്നവരിൽനിന്ന്‌ പിഴ ഈടാക്കുന്നതടക്കം നടപടികളുണ്ടാകും.
പേവിഷബാധ വർധിക്കുന്നു
പേവിഷബാധയേറ്റ്‌ മരിക്കുന്ന മൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതായി സൂചന. ഈവർഷം 62 മൃഗങ്ങളുടെ ജഡം പോസ്‌റ്റ്‌മോർട്ടം നടത്തിയതിൽ 32 എണ്ണത്തിനും പേവിഷബാധ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്‌. 
പേയുള്ള തെരുവുനായ്‌ക്കൾ വർധിക്കുന്നതിന്റെ സൂചനയാണിതെന്ന്‌ മൃഗസംരക്ഷണവകുപ്പ്‌ അധികൃതർ പറയുന്നു. പാമ്പാടിയിലും വൈക്കത്തുമെല്ലാം നിരവധി പേരെ കടിച്ച തെരുവുനായ്‌ക്കൾക്ക്‌ പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. കടിയേറ്റ്‌ പശുവും ആടുമടക്കം നിരവധി വളർത്തുമൃഗങ്ങളും അടുത്തിടെ ചത്തിരുന്നു. മനുഷ്യനെ ആക്രമിക്കുന്നത്‌ അധികവും പേയുള്ള നായകളാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top