25 April Thursday

മീനങ്ങാടിയിൽ കോൺഗ്രസ്‌–ബിജെപി കള്ളപ്രചാരണം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 22, 2021

 ബത്തേരി

മീനങ്ങാടി പഞ്ചായത്തിലെ ചില ഭാഗങ്ങളിൽ സിപിഐ എമ്മിനെതിരെ കോൺഗ്രസ്‌–-ബിജെപി കൂട്ടുകെട്ട്‌ നടത്തുന്ന അപവാദ പ്രചാരണം അവസാനിപ്പിക്കണമെന്ന്‌ സിപിഐ എം ബത്തേരി ഏരിയാ കമ്മിറ്റി പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. 

  മാനികാവ്‌ നവോദയ ട്രൈബൽ സ്‌കൂളിൽ നടത്തിയ അധ്യാപക നിയമനത്തിന്റെയും നവീകരണത്തിന്റെയും പേരിലാണ്‌ പാർടിക്കെതിരെ അടിസ്ഥാനരഹിതമായ പ്രസ്‌താവനകളും പോസ്‌റ്റർ പ്രചാരണവും കോൺഗ്രസ്‌–-ബിജെപി കൂട്ടുകെട്ട്‌ നടത്തുന്നത്‌. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ്‌ മാനികാവ്‌ ക്ഷേത്രവും നവോദയ വിദ്യാലയവും. സ്‌കൂളിൽ അധ്യാപക ഒഴിവിൽ നിയമനം നടത്തിയത്‌ ദേവസ്വം ബോർഡും ക്ഷേത്രം ട്രസ്‌റ്റി അംഗങ്ങളും ഉൾപ്പെട്ട ഇന്റർവ്യൂ സമിതിയാണ്‌. അധ്യാപക നിയമനത്തിന്‌ ട്രസ്‌റ്റി അംഗങ്ങൾ ഉദ്യോഗാർഥികളിൽനിന്ന്‌ ലക്ഷങ്ങൾ കോഴ കൈപ്പറ്റിയെന്ന ആരോപണം വസ്‌തുതകൾക്ക്‌ നിരക്കുന്നതല്ല. മാനികാവ്‌ ക്ഷേത്രവുമായി ബന്ധപ്പെട്ട്‌ സിപിഐ എമ്മിന്റെ ഒരംഗവും സാമ്പത്തിക തട്ടിപ്പ്‌ നടത്തിയിട്ടില്ല. അടിസ്ഥാന സൗകര്യങ്ങൾ തീരെയില്ലാത്ത സ്‌കൂളിൽ പിടിഎ മേൽനോട്ടത്തിലാണ്‌ നവീകരണ പ്രവൃത്തികൾ നടന്നത്‌. നവീകരണത്തിൽ ഉദ്യോഗാർഥികളിൽനിന്ന്‌ സംഭാവന സ്വീകരിച്ചതിൽ ട്രസ്‌റ്റി അംഗങ്ങളായ പാർടി അംഗങ്ങൾക്ക്‌ ജാഗ്രതക്കുറവുണ്ടായി.  ഇതിന്റെ പേരിലാണ്‌ അംഗങ്ങൾക്കെതിരെ അച്ചടക്കനടപടിയെടുത്തത്‌.  

   ബത്തേരി അർബൻ ബാങ്കിൽ ഉൾപ്പെടെ നിയമനത്തിന്‌ കോൺഗ്രസ്‌ നേതാക്കൾ നടത്തിയ കോടികളുടെ കോഴ ഇടപാടുകൾ ശരിയാണെന്ന്‌ ഡിസിസി നേതൃത്വം നിയോഗിച്ച അന്വേഷണ സമിതിക്കുപോലും അംഗീകരിക്കേണ്ടി വന്നു. അന്വേഷണ കമീഷൻ റിപ്പോർട്ട്‌ കോൺഗ്രസ്‌ നേതാക്കൾതന്നെ പരസ്യമാക്കിയതോടെ  കോൺഗ്രസിൽ തുടരുന്ന ആഭ്യന്തര കലഹം മറച്ചുവയ്‌ക്കാനാണ്‌ സിപിഐ എമ്മിനെതിരെ കോൺഗ്രസുകാർ ബിജെപിയെ കൂട്ടുപിടിച്ച്‌ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചത്‌. പഞ്ചായത്ത്‌ തെരഞ്ഞെടുപ്പോടെ രൂപപ്പെട്ട കോൺഗ്രസ്‌–-ബിജെപി അവിശുദ്ധ കൂട്ടുകെട്ട്‌ സിപിഐ എമ്മിനെതിരെ നടത്തുന്ന കള്ളപ്രചാരണങ്ങൾ ബഹുജനങ്ങൾ തള്ളിക്കളയണമെന്ന്‌ ഏരിയാ കമ്മിറ്റി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top