26 April Friday

മീനച്ചിലാറ്റിലൂടെ വയോധിക 
ഒഴുകിയത്‌ ഒന്നര കിലോമീറ്റർ

വെബ് ഡെസ്‌ക്‌Updated: Thursday Jul 22, 2021

ഒഴുക്കിൽപ്പെട്ട രാജമ്മ

സ്വന്തം ലേഖകൻ
കോട്ടയം
കുത്തിയൊഴുകുന്ന മീനച്ചിലാറ്റിൽ മരണത്തെ മുഖാമുഖം കണ്ട്‌ വയോധിക ഒഴുകിയെത്തിയത്‌ ഒന്നരകിലോമീറ്റർ. പുഴ കവരും മുമ്പ്‌  രക്ഷാപ്രവർത്തകർ ആ ജീവൻ കരയിലേക്ക്‌ അടുപ്പിച്ചു. തോട്ടയ്‌ക്കാട്‌ ആലപ്പള്ളികുന്നേൽ രാജമ്മ (82)യ്‌ക്കാണ്‌ ചുങ്കം നിവാസികളുടെ സമയോചിത ഇടപെടലിൽ  ‘പുനർജന്മം’ കിട്ടിയത്‌. മെഡിക്കൽകോളേജ്‌ ആശുപത്രിയിലെത്തിച്ച ഇവർ അപകടനില തരണം ചെയ്‌തു. മിമിക്രിതാരം ഷാൽ കോട്ടയം, അമ്മ ലാലി ഷാജി, സമീപവാസികളായ റിട്ട. വില്ലേജ്‌ അസിസ്‌റ്റന്റ്‌ മാലിക്കാട്ടുമാലിയിൽ മനോഹരൻ, മാങ്ങാപ്പള്ളിമാലി ധനേഷ്‌, ബിബിൻ എന്നിവർ ചേർന്നാണ്‌ രക്ഷാപ്രവർത്തനം നടത്തിയത്‌. 
ബുധനാഴ്‌ച പകൽ രണ്ടരയോടെയാണ്‌ സംഭവം. മനോഹരന്റെ മകൾ സൗമ്യയാണ്‌ വയോധിക ഒഴുകിവരുന്നത്‌ ആദ്യം കണ്ടത്‌. മനോഹരനും ധനേഷും ബിബിനും ചെറിയവള്ളത്തിൽ രാജമ്മയുടെ അടുത്തേക്ക്‌ വന്നെങ്കിലും വള്ളത്തിലേക്ക്‌ കയറ്റാൻ കഴിഞ്ഞില്ല. ഇതിനിടെ ഷാലും അമ്മ ലാലിയും നീന്തി വള്ളത്തിനരുകിലെത്തി. ചെറിയവള്ളത്തിൽ രാജമ്മയെ കയറ്റാൻകഴിയാത്തതിനാൽ ഷാലും അമ്മയും വള്ളത്തിൽ മുറുകെ പിടിച്ച്‌ രാജമ്മയുമായി കരയിലേക്ക്‌ നീന്തി. കരയിലെത്തിച്ച രാജമ്മയ്‌ക്ക്‌ പ്രഥമശുശ്രൂഷ നൽകിയതിനൊപ്പം അഗ്‌നിരക്ഷാസേനയെയും അറിയിച്ചു. അവരുടെ ആംബുലൻസിൽ  അഭയത്തിന്റെയും ബ്ലഡ്‌ഡൊണേഷൻ ഫോറത്തിന്റെയും പ്രവർത്തകൻ വർഗീസ്‌ ജോണിന്റെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക്‌ എത്തിച്ചു. വെള്ളത്തിൽ വീണയാളെ തിരിച്ചറിയാതിരുന്നതിനാൽ ഷാൽ തന്റെ ഫേയ്‌സ്‌ബുക്ക്‌ പേജിലും ചിത്രം സഹിതം വിവരമറിയിച്ചു. ഇതുകണ്ടാണ്‌ ആളെ തിരിച്ചറിഞ്ഞ്‌ ധാരാളം പേർ വിളിച്ചതെന്ന്‌ ഷാൽ പറഞ്ഞു. 
 മകൾക്കൊപ്പം താമസിക്കുന്ന രാജമ്മ  ആശുപത്രിയിലേക്ക്‌ പോകാനാണ്‌ വീട്ടിൽ നിന്നിറങ്ങിയത്‌.  കോട്ടയത്ത്‌ വന്നപ്പോൾ നാഗമ്പടം സെന്റ്‌ ആന്റണീസ്‌ പള്ളിയിലുമെത്തി.  കൈയും മുഖവും കഴുകാനാണ്‌ അൽപ്പം അകലെയുള്ള മീനച്ചിലാറ്റിലെ കടവിൽ ഇറങ്ങിയത്‌. കാൽതെറ്റി ആറ്റിലേക്ക്‌ വീഴുകയായിരുന്നു. ഇവർ സാരി ഉടുത്തശേഷം  നൈറ്റിയും ധരിച്ചിരുന്നു. രണ്ടുവസ്‌ത്രങ്ങൾ ധരിച്ചതുകൊണ്ട്‌ എളുപ്പത്തിൽ  മുങ്ങിത്താഴാതിരുന്നതെന്നും പറയപ്പെടുന്നു.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top