കൽപ്പറ്റ
സെഞ്ചുറിക്ക് 10 രൂപയകലെ തക്കാളി വില. വെള്ളിയാഴ്‌ച വിപണി വിലയനുസരിച്ച് പലയിടങ്ങളിലായി 85 മുതൽ 90 രൂപ രൂപവരെയാണ് വില. തുച്ഛമായ വിലയ്‌ക്ക് കിട്ടിക്കൊണ്ടിരുന്ന തക്കാളി പെട്ടെന്ന് വലിയ വില നൽകി വാങ്ങേണ്ട അവസ്ഥയിലാണ് ഉപഭോക്താക്കൾ. നൂറുരൂപക്ക് അത്യാവശ്യമുള്ള എല്ലാ പച്ചക്കറികളും വാങ്ങി ഉപയോഗിച്ചിരുന്നവർ തക്കാളിക്ക് മാത്രം വലിയ തുക നൽകേണ്ട അവസ്ഥയിലായി.
ഉൽപ്പാദനം കുറഞ്ഞതും കാലംതെറ്റി മഴ പെയ്‌തതുമാണ് കൃഷി നശിച്ച് തക്കാളിയുടെ വിലകൂടാൻ കാരണമായയതെന്ന് വ്യാപാരികൾ പറയുന്നു. കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നാണ് ജില്ലയിലേക്ക് കൂടുതൽ തക്കാളിയെത്തുന്നത്. ഒരുകിലോ തക്കാളി വാങ്ങാനെത്തുന്നവർ 250 ഗ്രാമായി ചുരുങ്ങിയതായി വ്യാപാരികൾ പറഞ്ഞു.
വീട്ടുകാർക്കും, ഹോട്ടലുകൾക്കും വിഭവങ്ങൾ ഒരുക്കുന്നതിൽ തക്കാളി അനിവാര്യമായതിനാൽ വിലവർധന തിരിച്ചടിയായി.
കഴിഞ്ഞ മാസം ഒരുകിലോ തക്കാളിക്ക് 25 മുതൽ 50 രൂപ വരെയായിരുന്നു. സാധാരണ വരുന്ന ലോഡിന്റെ പകുതി മാത്രമേ ഇപ്പോൾ വരുന്നുള്ളൂ. ഇന്ധന വില വർധനയും വില കൂടാൻ കാരണമായി. കഴിഞ്ഞ ഡിസംബറിൽ വില ഉയർന്നിരുന്നെങ്കിലും മാർച്ച് അവസാനത്തോടെ കുറഞ്ഞിരുന്നു.
വില കൂടിയതിനാൽ കച്ചവടം കുറഞ്ഞപ്പോൾ തക്കാളി ചീഞ്ഞു പോകുന്ന അവസ്ഥയുമുണ്ട്. വലിയ വില കൊടുത്ത് മൊത്തവ്യാപാരികളുടെ കൈയിൽനിന്ന് പച്ചക്കറി വാങ്ങി നഷ്ടം വരുന്ന അവസ്ഥയും വ്യാപാരികൾക്കുണ്ട്. മുരിങ്ങക്ക 100, പയർ 80, ബീൻസ് 120 തുടങ്ങി മറ്റു പച്ചക്കറികൾക്കും വിലകൂടി. അതേസമയം അപ്രതീക്ഷിത മഴ പഴവർഗ വിപണിയെ സാരമായി ബാധിച്ചു. മാങ്ങയടക്കം ചീഞ്ഞു പോകുന്ന അവസ്ഥയാണ്. തണുപ്പ് കാരണം വാങ്ങാനാളില്ലാത്തതാണ് വിപണിയെ ബാധിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..