25 April Thursday
വിജയമോഹിനിമില്ലിന്‌ താഴ്‌ വീണിട്ട്‌ നാളെ 3 വർഷം

തക്കംപാർത്ത്‌ താഴിട്ടത് കേന്ദ്രം

സ്വന്തം ലേഖകൻUpdated: Wednesday Mar 22, 2023
വിളപ്പിൽ  
കുത്തകകളെ താലോലിക്കുന്ന കേന്ദ്ര ബിജെപി സർക്കാരിന്റെ ജനവിരുദ്ധ നയത്തിൽ വിജയമോഹിനിമില്ലിന്‌ താഴ്‌ വീണിട്ട്‌ വ്യാഴാഴ്‌ച മൂന്നു വർഷം. കോവിഡ് മറയാക്കി 2020 മാർച്ച് 21ന് കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന് കീഴിലുള്ള മിൽ താൽക്കാലികമായി പ്രവർത്തനം നിർത്തി. കോവിഡ്‌ മാറിയിട്ടും മിൽ തുറക്കാതെ അടച്ചുപൂട്ടുകയായിരുന്നു. ഇവിടെ തൊഴിൽ ലഭിച്ചപ്പോൾ  ജീവിതം സുരക്ഷിതമായി എന്ന് കരുതിയിയ അറുന്നൂറോളം തൊഴിലാളികൾ നിരാലംബരായി. ബിഎംഎസ്‌ ഉൾപ്പെടെയുള്ള എല്ലാ തൊഴിലാളിസംഘടനകളും സമരത്തിലാണ്‌. മില്ലിന്റെ ഉടമസ്ഥതയിലുള്ള  കോടികൾ വിലമതിക്കുന്ന വസ്‌തുവിൽ മാത്രമാണ്‌ മാനേജ്‌മെന്റിന്റെ കണ്ണ്‌. ഇവ അളന്നു തിട്ടപ്പെടുത്തിയെങ്കിലും തൊഴിലാളി യൂണിയനുകളുടെ എതിർപ്പുകൊണ്ടു മാത്രമാണ് വിൽപ്പന നടത്താനാകാത്തത്‌. 600  തൊഴിലാളികൾ മൂന്ന് ഷിഫ്റ്റിലായി ജോലി ചെയ്ത് മാസംതോറും രണ്ടര ലക്ഷം കിലോ നൂൽ ഉൽപ്പാദിപ്പിച്ചിരുന്ന സ്ഥാപനമാണിത്‌. തുച്ഛമായ കൂലി ആയിരുന്നാലും ദിവസവും തൊഴിലുണ്ടാകും എന്നതായിരുന്നു പ്രധാന ആകർഷണം. രണ്ടുവർഷമായി വരുമാനം നിലച്ചതോടെ തൊഴിലാളികളുടെ ജീവിതം താളംതെറ്റി. സമരപ്പന്തലിൽ കേന്ദ്രഭരണക്കാരുടെ പാർടി നേതാക്കൾ എത്തി മോഹന വാഗ്‌ദാനങ്ങൾ നൽകിയിട്ടും മിൽ തുറന്നില്ല.  
വിരമിച്ച ജീവനക്കാർക്ക് ഗ്രാറ്റിവിറ്റി ഉൾപ്പെടെ ഉള്ള ആനുകൂല്യങ്ങൾ നൽകിയിട്ടില്ല. 2020ലെ തദ്ദേശതെരഞ്ഞെടുപ്പിൽ ബിജെപി പ്രതിനിധി ജയിച്ചാൽ മിൽ തുറക്കാം എന്ന വാഗ്ദാനം നൽകി കബളിപ്പിച്ചതായും ജീവനക്കാർ പറഞ്ഞു. 
വർഷങ്ങൾ സമരം ചെയ്തിട്ടും കേന്ദ്ര സർക്കാർ കനിയാത്തതോടെ  ജീവനക്കാർ കൂലിപ്പണിക്കും മറ്റും പോവുകയാണ്‌. മിൽ തുറക്കണം എന്ന ആവശ്യവുമായി സമരം ശക്തിപ്പെടുത്താനാണ് സംയുക്ത സമര സമിതി തീരുമാനം. 
 

എജീസ്‌ ഓഫീസ്‌ 
മാർച്ച്‌ നാളെ 

 മിൽ തുറക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സംയുക്ത ട്രേഡ്‌ യൂണിയൻ നേതൃത്വത്തിൽ വ്യാഴാഴ്‌ച തൊഴിലാളികൾ എജീസ്‌ ഓഫീസിനു മുന്നിൽ മാർച്ചും ധർണയും നടത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top