28 March Thursday

കോർപറേഷൻ ബജറ്റ്‌ ഇന്ന്‌ കടലാസിലുറങ്ങുന്നു പദ്ധതികൾ

വെബ് ഡെസ്‌ക്‌Updated: Wednesday Mar 22, 2023
കണ്ണൂർ
ബുധനാഴ്‌ച പുതിയ ബജറ്റ്‌ അവതരിപ്പിക്കാനിരിക്കെ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച ഒട്ടുമിക്ക പദ്ധതികളും വെള്ളത്തിൽ. പ്രാഥമിക നടപടികൾപോലും തുടങ്ങാത്ത പദ്ധതികളാണ്‌ ഒരുവർഷം കഴിഞ്ഞിട്ടും കടലാസിലുറങ്ങുന്നത്‌. 
കണ്ണൂർ നഗരത്തിന്റെ തിലകക്കുറിയായ ജവഹർ സ്‌റ്റേഡിയം അന്താരാഷ്‌ട്ര നിലവാരത്തിൽ പൊളിച്ചുപണിയുമെന്നായിരുന്നു കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനം. ഒരു കോടിയാണ്‌ ഇതിന്റെ പ്രാഥമിക പ്രവർത്തനങ്ങൾക്ക്‌ നീക്കിവച്ചത്‌. എന്നാൽ ഒരുവർഷം കഴിയുമ്പോൾ സ്‌റ്റേഡിയത്തിൽ ഭാഗികമായി പുല്ലുപിടിപ്പിക്കൽ മാത്രമാണ്‌ നടന്നത്‌. അതും ഒരാഴ്‌ച മുമ്പ്‌.
 കണ്ണൂരിന്റെ സമീപപ്രദേശങ്ങളിൽനിന്നെല്ലാം ശവസംസ്‌കാരത്തിന്‌ ജനങ്ങളെത്തുന്ന പയ്യാമ്പലത്തെ ആധുനികരീതിയിൽ മാറ്റിയെടുക്കുമെന്നും പ്രഖ്യാപനമുണ്ടായി. രണ്ടു കോടിയാണ്‌ പ്രാഥമികപ്രവർത്തനങ്ങൾക്കായി മാറ്റിവെച്ചത്‌. എന്നാൽ നിലവിലുള്ള ഷെഡ്‌ പോലും അപകടനിലയിലായിട്ടും ഒരു നടപടിയും ഇക്കാര്യത്തിൽ ഉണ്ടായില്ല. 
ഇവിടെയത്തുന്നവർക്ക്‌ പ്രാഥമിക ആവശ്യങ്ങൾക്കുപോലും സൗകര്യമൊരുങ്ങിയിട്ടില്ല. ഓഫീസേഴ്‌സ്‌ ക്ലബ്‌ മുതൽ എസ്‌എൻ പാർക്ക്‌ വരെ ഫ്ലൈഓവർ നിർമിക്കുമെന്നും പ്രഖ്യാപനമുണ്ടായി. ഇതിനെക്കുറിച്ച്‌ പിന്നെ കേട്ടിട്ടേയില്ല. കക്കാട്‌ പുഴ സൗന്ദര്യവൽക്കരണത്തിന്റെ രണ്ടാം ഘട്ടമായിരുന്നു കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചത്‌. രണ്ടു കോടി നീക്കിവച്ചെങ്കിലും ആദ്യഘട്ടം പോലും പൂർത്തിയായില്ല. 
നാല്‌ വഴിയോര വിശ്രമകേന്ദ്രത്തിന്‌ 1.60 കോടി നീക്കിവച്ചെങ്കിലും പിന്നെയാരും അതിനെപ്പറ്റി മിണ്ടിക്കേട്ടുമില്ല. നിലവിലുള്ള ഓഫീസ്‌ പൊളിച്ച്‌ അവിടെ ടൗൺഹാൾ പണിയാൻ 15 ലക്ഷം രൂപ വകയിരുത്തിയിരുന്നു. പുതിയ കെട്ടിടം നിർമാണം തുടങ്ങുന്നതിനുമുമ്പുതന്നെ നിലവിലുള്ള കെട്ടിടം പൊളിക്കാൻ ബജറ്റിൽ പണം വകയിരുത്തി മാതൃകയാവുകയായിരുന്നു കോർപറേഷൻ. 25 ലക്ഷത്തിന്റെ ക്ലോക്ക്‌ ടവറും ബജറ്റിൽ മാത്രമൊതുങ്ങി. 
വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുമെന്ന്‌ പ്രഖ്യാപനവും പാഴ്‌വാക്കായി. തെരുവ്‌ നായ്‌ക്കൾക്ക്‌ ഷെൽട്ടർ പണിയാൻ 20 ലക്ഷം നീക്കിവച്ചെങ്കിലും തെരുവുനായ ശല്യവും ഷെൽട്ടർ ഉണ്ടാക്കേണ്ടതിന്റെ ആവശ്യകതയും കഴിഞ്ഞ കൗൺസിൽ യോഗത്തിലും ഭരണപക്ഷ അംഗങ്ങളടക്കം ചർച്ച ചെയ്‌തു. മൂന്നുതവണ കടിയേറ്റതിന്റെ അനുഭവവും കഴിഞ്ഞ യോഗത്തിൽ ഒരു ഭരണപക്ഷ അംഗം വിവരിച്ചിരുന്നു. സിറ്റിയിൽ ബി പി ഫാറൂഖ്‌ സാംസ്‌കാരിക നിലയം സ്ഥാപിക്കുമെന്ന്‌ പ്രഖ്യാപിച്ചെങ്കിലും അതും നടന്നില്ല.
 
ശങ്കറിന്റെയും കെ കരുണാകരന്റെയും 
പ്രതിമ നിർമിക്കാൻ കോർപറേഷൻ
കണ്ണൂർ 
കണ്ണൂരിൽ മുൻ മുഖ്യമന്ത്രിമാരായ ആർ ശങ്കറിന്റെയും കെ കരുണാകരന്റെയും പ്രതിമ നിർമിക്കാൻ കോർപറേഷൻ തീരുമാനം. ജില്ലാ ആസൂത്രണ സമിതിക്ക് സമർപ്പിക്കുന്ന കണ്ണൂർ കോർപറേഷന്റെ വാർഷിക പദ്ധതിയിലാണ്‌ രണ്ട്‌ പ്രതിമകളും ഇടം പിടിച്ചത്‌. 
പൂർണകായ വെങ്കല പ്രതിമകളാണ്‌ നിർമിക്കുക. പലവിധ കാരണങ്ങൾ പറഞ്ഞ്‌ ഡിവിഷനുകളിൽ അത്യാവശ്യമുള്ള വികസന പ്രവർത്തനങ്ങൾപോലും വെട്ടിച്ചുരുക്കുമ്പോഴാണ്‌ പ്രതിമാ നിർമാണത്തിന്‌ എട്ടുലക്ഷം രൂപ വാർഷിക പദ്ധതിയിൽ വകയിരുത്തുന്നത്‌.  പദ്ധതി സംബന്ധിച്ച വിശദവിവരങ്ങൾ അംഗങ്ങൾക്കു ലഭ്യമാക്കാത്തതിൽ യോഗത്തിൽ പ്രതിഷേധമുയർന്നു. പദ്ധതികൾ സംബന്ധിച്ച അന്തിമ രൂപമാകാത്തതിനാലാണ്‌ അംഗങ്ങൾക്ക്‌ വിശദാംശങ്ങൾ നൽകാതിരുന്നത്‌.  പൊതുമരാമത്ത്‌ പദ്ധതികളുടെ പട്ടികയേ തയ്യാറായില്ലെന്നാണ്‌ വിവരം. 
വികസന ഫണ്ട് ജനറൽ ഇനത്തിൽ - 52 കോടി രൂപയുടെയും പട്ടികജാതി ഫണ്ട് ഇനത്തിൽ - 3.68 കോടി രൂപയുടെയും പട്ടികവർഗ ഫണ്ട് ഇനത്തിൽ - 35 ലക്ഷം രൂപയുടെയും മെയിന്റനൻസ് ഗ്രാൻറ് (റോഡിതരം) നാലു കോടിയും റോഡ് 10 .63 കോടി രൂപയുടെയും പദ്ധതികളാണ്  ജില്ലാ ആസൂത്രണ സമിതിക്ക് സമർപ്പിക്കാൻ തീരുമാനിച്ചത്.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top